ഉപേക്ഷിച്ചവർ കാണുന്നുണ്ടോ, ഇതാ അവൾക്കെല്ലാമെല്ലാമായി ഒരു രാജകുമാരൻ

ജീവിതത്തിൽ ഇനി ജയന്തിമരിയ ഒറ്റയ്ക്കല്ല. അവൾക്ക് ഇനി ഈ രാജകുമാരനുണ്ട്’. ചാലക്കുടി കാത്തിരിക്കുന്ന ആ കല്യാണത്തിന്റെ വിശേഷങ്ങൾ പങ്കുവച്ച് രാജീവ് ആലുങ്കൽ പങ്കുവച്ച കുറിപ്പിന് ഇഷ്ടം നൽകുകയാണ് സോഷ്യൽ ലോകം. ചാലക്കുടി മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ എന്ന പെൺകുട്ടിയാണ് ജീവിതത്തിൽ ഇതുവരെ ഇല്ലായിരുന്നു എന്ന് തോന്നിയതെല്ലാം അവൾക്ക് സ്വന്തമാകാൻ ഒരുങ്ങുന്നത്. പ്രിൻസ് എന്ന ചെറുപ്പക്കാരന് അവളോട് തോന്നിയ പ്രണയത്തിന് അവളുടെ ജീവിതത്തിന്റെ തന്നെ വിലയുണ്ട്.

‘1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.’

ആ പ്രണയത്തെ ജയന്തിയും പ്രിൻസിന്റെ വീട്ടുകാരും അംഗീകരിച്ചതോടെ ജയന്തി പുതിയ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. കല്യാണത്തിന് ആവശ്യമായ പണവും സ്വർണവുമെല്ലാം ഇതിനോടകം തയാറാണെന്നും രാജീവ് ഫെയ്സ്ബുക്കിൽ കുറിച്ചു.

രാജീവ് ആലുങ്കലിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം

'പത്തൊന്‍പതു വയസ്സുവരെ ആരോരുമില്ലാതെ ചാലക്കുടിയിലെ മേഴ്‌സിഹോമില്‍ അനാഥയായി വളര്‍ന്ന ജയന്തിമരിയ കതിര്‍മണ്ഡപത്തിലേക്ക് പ്രവേശിക്കുകയാണ്. അവസാനം ഉപേക്ഷിക്കപ്പെട്ട അവളുടെ ജീവിതത്തിലേക്ക് വെളിച്ചം പകരാന്‍ ഒരു രാജകുമാരന്‍ വന്നെത്തുന്നു. പോട്ട നാടുകുന്ന് സ്വദേശി അമ്പാടന്‍ വീട്ടില്‍ പ്രിന്‍സാണ് വരന്‍. ഇനി മുതല്‍ അവള്‍ അനാഥയല്ല. ജയന്തി മരിയ വിവാഹിതയാകുന്നതോടെ അവളുടെ സംരക്ഷകത്വം വഹിച്ച കുറച്ച് മനുഷ്യസ്‌നേഹികളുടെ ഹൃദയം ആനന്ദാശ്രുക്കള്‍ പൊഴിക്കുകയാണ്.

1999 ഡിസംബര്‍ 2 വ്യാഴാഴ്ച പുലര്‍ച്ചെ ദേശീയപാതയോരത്ത് ഗവ. ആശുപത്രി ബസ് സ്റ്റോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കൈകുഞ്ഞായ ഇവളെ കണ്ടെത്തിയത്. ടര്‍ക്കി ടവലില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കുറച്ച് വൃത്തിയുള്ള കുഞ്ഞുടുപ്പുകള്‍ അവള്‍ക്കൊപ്പം ഉപേക്ഷിക്കപ്പെട്ടിരുന്നു. അന്ന് ചാലക്കുടിയിലെ പോലീസ് സി.ഐ ആയിരുന്ന ജോളി ചെറിയാന്‍ കുഞ്ഞിനെ മാറോട് ചേര്‍ത്ത് ഗവ. ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് അവളെ തേടി ആരും എത്തിയില്ല. മേഴ്‌സി ഹോമിന്റെ ഡയറക്ടര്‍ കെ.എല്‍.ജേക്കബ് ഇരുകൈകളും നീട്ടി അവളെ ഏറ്റുവാങ്ങിയതോടെ അവള്‍ ചാലക്കുടി നാടിന്റെ ഓമനയായി മാറുകയായിരുന്നു. നിരാലംബരായ കുട്ടികള്‍ക്കൊപ്പം അവള്‍ പഠിച്ചു വളര്‍ന്നു. ചാലക്കുടി വനിത ഐ.ടി.ഐയില്‍നിന്ന് ഇന്റീരിയര്‍ ഡിസൈന്‍ കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴാണ് അവളെ കണ്ട് ഇഷ്ടപ്പെട്ട് പ്രിന്‍സ് വിവാഹ അഭ്യര്‍ഥനയുമായി എത്തിയത്.

11ന് പോട്ട ചെറുപുഷ്പദേവാലയത്തില്‍ വച്ച് പ്രിന്‍സ് അവളുടെ കഴുത്തില്‍ മിന്നുകെട്ടുന്നതോടെ അവളിലെ അനാഥത്വത്തിന്റെ തേങ്ങല്‍ അവസാനിക്കും. ശനിയാഴ്ച ചാലക്കുടി സെന്റ് മേരീസ് ഫൊറോനപ്പള്ളിയില്‍ വച്ചാണ് മോതിരമാറ്റം നടക്കുക. അതിന് ശേഷം മര്‍ച്ചന്റ്‌സ് ജൂബിലിഹാളില്‍ ചെറിയൊരു വിവാഹ സല്‍ക്കാരവും നടക്കും. ചാലക്കുടിയിലെ പൊതുരംഗത്തെ 500 ഓളം പേര്‍ ചടങ്ങില്‍ അനുഗ്രഹിക്കാനെത്തും. സുമനസ്സുകളുടെ സഹായത്തോടെ 10 പവന്റെ ആഭരണങ്ങളും വിവാഹവസ്ത്രവും അലമാരയും ഒന്നിനും ഒരു കുറവില്ലാതെ മേഴ്‌സി ഹോം ഭാരവാഹികള്‍ വധുവിന്റെ വീട്ടുകാരുടെ ഭാഗത്തുനിന്ന് വിവാഹ പാരിതോഷികമായി നല്‍കുന്നുണ്ട്.

ജയന്തി മരിയക്കും പ്രിൻസിനും എല്ലാവിധ വിവാഹമംഗളാശംസകളും വിജയങ്ങളും നേരുന്നു'