Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുവർഷത്തിൽ ദാമ്പത്യജീവിതം സൂപ്പറാക്കാം, നാല് കാര്യങ്ങൾ!

new-year-resolutions-for-couples

2019 ലേക്ക് കാലെടുത്തു വയ്ക്കുകയാണ്. പുതുവര്‍ഷത്തില്‍ കൈക്കൊള്ളേണ്ട തീരുമാനങ്ങളൊക്കെ പലരും കണ്ടെത്തിക്കാണും. വ്യക്തിപരമായവ കൂടാതെ ദമ്പതിമാർക്ക് ഒരുമിച്ചെടുക്കാനാവുന്ന പുതുവർഷ പ്രതി‍ജ്ഞകളുമുണ്ട്. ദാമ്പത്യം കൂടുതൽ സുഖമവും സുന്ദരവും ആരോഗ്യകരവുമാക്കാൻ ഈ പ്രതിജ്ഞകളിലൂടെ സാധിക്കും. 

പരാതികളും പരിഭവങ്ങളും അവസാനിപ്പിക്കാം

കഴിഞ്ഞു പോയ  പ്രശ്നങ്ങളുടെ ഭാരവും പേറി പുതുവർഷത്തിലേക്കു കാലെടുത്തു വയ്ക്കേണ്ട എന്ന  തീരുമാനം  ആദ്യമെടുക്കുക. പരസ്പരം ഏൽപ്പിച്ച മുറിവുകളും വേദനകളും ഇല്ലാതാക്കി വേണം മുന്നോട്ടു പോകാൻ. ഇതിനു വേണ്ടി തുറന്നു സംസാരിക്കുക. സങ്കടങ്ങളും പരാതികളും പറഞ്ഞു തീർക്കുക. തെറ്റുകൾ സമ്മതിക്കുക, തിരുത്തുക. ഇതൊരു അവസരമായി കരുതുക. ഇതിൽ വിജയിച്ചാൽ ബന്ധത്തിൽ നിങ്ങൾക്ക് ഒരു പുതുമ അനുഭവപ്പെടും. 

വൈകാരികമായ സത്യസന്ധത പുലര്‍ത്തുക

ആരോഗ്യകരമായ ദാമ്പത്യത്തിന്‍റെ ഏറ്റവും അടിസ്ഥാന ഘടകമാണ് വൈകാരികമായ സത്യസന്ധത. ഒരാള്‍ക്ക് തന്‍റെ പങ്കാളിയോടു ദേഷ്യമോ പിണക്കമോ തോന്നിയാല്‍ അത് തുറന്നു പ്രകടിപ്പിക്കാൻ സാധിക്കണം. അതിന്‍റെ കാരണം അവരെ ബോധ്യപ്പെടുത്താനാവണം.  ഇതിനാവശ്യമായ സാവകാശവും അവസരവും ഇരുവർക്കും ലഭിക്കുന്നതാവണം ദാമ്പത്യ ബന്ധം. ഇതിനുള്ള അവസരമുണ്ടെങ്കിൽ ജീവിതത്തിൽ അഭിനയിക്കേണ്ടതില്ല. ഒന്നും നീറിപ്പുകഞ്ഞ് ബന്ധത്തെ അലോസരപ്പെടുത്തുകയുമില്ല.

മൊബൈല്‍ ഫോണിന്  നിയന്ത്രണം

തനിക്കൊപ്പം ചിലവഴിക്കേണ്ട സമയം മൊബൈല്‍ ഫോണ്‍ കവർന്നെടുത്താൽ പങ്കാളിയ്ക്കു ദേഷ്യം വരിക സ്വാഭാവികമാണ്. കാലം മുന്നോട്ടു പോകും തോറും ഈ പ്രശ്നം ശക്തിയാർജിച്ചു വരികയാണ്. പങ്കാളിക്കൊപ്പം ചിലവഴിക്കുന്ന സമയത്തും മൊബൈലില്‍ കൂടുതലായി ശ്രദ്ധിക്കുന്ന ശീലത്തിനു ഫബിംഗ് എന്ന പേര് 2018 ല്‍ ഗവേഷകര്‍ നല്‍കുകയുണ്ടായി. ഒരുമിച്ച് ചിലവഴിക്കുന്ന സമയം ദാമ്പത്യ ജീവിതത്തില്‍ അനിവാര്യമാണ്. അതുകൊണ്ട് പങ്കാളിയോടൊത്തുള്ള സമയങ്ങളിൽ അനാവശ്യമായി മൊബൈൽ ഉപയോഗിക്കില്ലെന്ന് ഇരുവരും പ്രതിഞ്ജയെടുക്കുക. 

പരസ്പരം പ്രശംസിക്കാം

ദമ്പതിമാര്‍ക്കിടയില്‍ കാലം ചെല്ലും തോറും  പരസ്പര പ്രശംസകൾ അന്യംനിന്നു പോകും. വീടിനും പങ്കാളിയ്ക്കും വേണ്ടി ചെയ്യുന്നതെല്ലാം ഉത്തരവാദിത്തം മാത്രമാണെന്ന ചിന്തയാണ് ഇവിടെ വില്ലനാകുന്നത്. എല്ലാ കാര്യങ്ങളും ഉത്തരവാദിത്തം നിറവേറ്റുന്നതു പോലെ ചെയ്തു തീർക്കും.  നല്ല ഭക്ഷണമുണ്ടാക്കിയാലോ വീട്ടിലേക്ക് ഭംഗിയുള്ള കര്‍ട്ടന്‍ വാങ്ങിയാലോ പ്രശംസിക്കാനോ, നന്നായി എന്നു പറയാനോ രണ്ടു പേരും ശ്രദ്ധിക്കില്ല. ഈ ശീലം 2018 ല്‍  ഉപേക്ഷിക്കാം. നല്ല കാര്യങ്ങള്‍ക്ക് പരസ്പരം പ്രശംസിക്കാനുള്ള തീരുമാനമെടുത്ത് പുതുവർഷത്തെ സ്വാഗതം ചെയ്യാം.