നിരന്തര പീഡനത്തിനു ശേഷം ജീവനോടെ കത്തിച്ചു, എന്നിട്ടും അവൾ തോറ്റില്ല

ഏപ്രിൽ സൈക്സ് കുഞ്ഞിനൊപ്പം

ചിലരുണ്ട്, ജീവിതം അവർക്കു മുന്നിൽ എത്ര പ്രതിബന്ധങ്ങൾ സൃഷ്ടിച്ചാലും അവയെ കരുത്തോടെ നേരിട്ട് വിജയം കണ്ടെത്തുന്നവർ. എത്രയൊക്കെ തളർത്താൻ ശ്രമിച്ചാലും താൻ തോൽക്കില്ല എന്ന ബോധ്യത്തോടെ ചങ്കുറപ്പോടെ ജീവിക്കുന്ന അവരാണ് യഥാർഥ ഹീറോകൾ. അത്തരത്തിലൊരു സൂപ്പർ വുമണിനെക്കുറിച്ചാണു പറഞ്ഞു വരുന്നത്, പതിനെട്ടാം വയസിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടും ജീവനോടെ കത്തിക്കപ്പെട്ടിട്ടും അവൾ പൊരുതിജയിച്ചു. ഇന്ന് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയായ ആ സ്ത്രീയുടെ പേരാണ് ഏപ്രിൽ സൈക്സ്.

ജീവിതത്തിലെ അഗ്നിപരീക്ഷണങ്ങൾക്ക് ഇരയാകുന്ന സമയത്ത് പാരീസ് സ്വദേശിയായ ഏപ്രിലിന് പതിനെട്ടു വയസു മാത്രം പ്രായം. 2005ൽ തന്റെ ബോയ്ഫ്രണ്ടിനും സാമുവലിനുമൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന ഏപ്രിലിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. സുഹൃത്തിനെ കാറിന്റെ ഡിക്കിയിൽ പൂട്ടിയിട്ടു ഏപ്രിലിനെ ഒറ്റപ്പെ‌ട്ട ഒരു സ്ഥലത്തേക്കെത്തിച്ച സാമുവൽസ് അവളെ നിരന്തരം പീഡിപ്പിച്ചു. ശേഷം ദേഹമാകെ പെട്രോളൊഴിച്ചു കത്തിച്ച് സ്ഥലം വിട്ടു. ‌

ഏപ്രിൽ സൈക്സ് ഭർത്താവ് ക്രിസിനൊപ്പം

മഴയത്ത് ദേഹമാകെ പൊള്ളിയ നിലയിൽ ഒരുപെൺകുട്ടി നടക്കുന്നതു കണ്ട വഴിയാത്രികനാണ് ഏപ്രിലിനെ ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അന്ന് ഏപ്രിലിന്റെ ശരീരത്തിന്റെ അറുപത്തിനാലു ശതമാനവും പൊള്ളിയ നിലയിലായിരുന്നു. ആ രാത്രിക്കപ്പുറം ഏപ്രിൽ ജീവിച്ചിരിക്കുമെന്നുപോലും ഡോക്ടര്‍മാർക്ക് ഉറപ്പില്ലായിരുന്നു. പതിയെ പുതിയ ജീവിതത്തിലേക്കു തിരിച്ചെത്തിയ ഏപ്രിലിന്റെ വലതുകെ മുട്ടിനു താഴേക്കും ഇടതുകയ്യിലെ ചില വിരലുകളും മുറിച്ചുനീക്കി. അന്നുമുതൽ ഏപ്രിലിന്റെ സ്വപ്നമായിരുന്നു ഒരു കുടുംബമായി സന്തോഷത്തോടെ കഴിയുക എന്നത്.

രണ്ടുവർഷം കഴിഞ്ഞപ്പോൾ 2007ൽ സാമുവൽസിനെ പൊലീസ് പിടിക്കുകയും തട്ടിക്കൊണ്ടുപോകലിനും പീഡിപ്പിച്ചതിനും കൊലപാതകശ്രമത്തിനും ചേർന്ന് 35 വർഷത്തേക്ക് തടവിലാക്കുകയും ചെയ്തു. ഇന്ന് ഇരുപത്തിയൊമ്പതുകാരിയായ ഏപ്രിൽ ക്രിസ് എന്ന തന്റെ ജീവിത പങ്കാളിക്കും ഒമ്പതുമാസം പ്രായമുള്ള ജോനാ എന്ന ആൺകു‌ഞ്ഞിനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. കൈകളും വിരലുകളും മുറിച്ചു നീക്കിയതിനാൽ ചില സമയങ്ങളിൽ ജോനയെ എടുക്കുമ്പോൾ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. പക്ഷേ താൻ അനുഭവിച്ചതെല്ലാം ഓർക്കുമ്പോൾ ഇപ്പോൾ ഈ നിമിഷങ്ങൾ സ്വർഗമാണെന്നു പറയുന്നു ഏപ്രിൽ.