‘ഭദ്ര’ ജീവിതം തിരിച്ചു പിടിക്കുന്നു; ക്രൂരത കാട്ടിയ മെഡിക്കൽ വിദ്യാർഥികൾക്കു സസ്പെൻഷൻ

മെഡിക്കൽ വിദ്യാർഥികൾ വലിച്ചെറിഞ്ഞ നായ്ക്കുട്ടിയെ സമീപവാസിയായ മുത്തശ്ശി പരിചരിക്കുന്നു

മെഡിക്കൽ വിദ്യാർഥികളുടെ ക്രൂര വിനോദത്തിന് ഇരയായ നായ്ക്കുട്ടി ‘ഭദ്ര’ ജീവിതം തിരിച്ചു പിടിക്കുന്നു. മൂന്നാം നിലയിൽ നിന്നുള്ള വീഴ്ചയുടെ ആഘാതത്തിൽ രണ്ടിടത്ത് എല്ലു പൊട്ടിയ ഭദ്ര മദ്രാസ് വെറ്ററിനറി കോളജിൽ ചികിൽസയിലാണ്. മൃഗസ്നേഹി സംഘടനയുടെ പ്രവർത്തകരാണു നഗരപ്രാന്തത്തിലെ കുണ്ട്രത്തൂരിൽ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

നായ്ക്കുട്ടിയുടെ ‘അതിജീവനശേഷി’ കണക്കിലെടുത്താണു സംഘടന ‘ഭദ്ര’ എന്നു പേരിട്ടത്.മൂന്നുനില കെട്ടിടത്തിനു മുകളിൽ നിന്നു നായ്ക്കുട്ടിയെ താഴേക്കിടുന്ന വിഡിയോ വൈറലായതിനെ തുടർന്നാണു സംഭവം വിവാദമായത്. അതിനിടെ, പൊലീസിൽ കീഴടങ്ങിയ, മെഡിക്കൽ വിദ്യാർഥികളായ ഗൗതം സുദർശൻ, ആശിഷ് പോൾ എന്നിവരെ 10,000 രൂപയുടെ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ മൃഗസ്നേഹികളുടെ സംഘടനകൾ രംഗത്തെത്തി. 50 രൂപ പിഴ മാത്രം അടച്ചു രക്ഷപ്പെടാവുന്ന വകുപ്പുകൾ ചുമത്തിയാണു കേസെടുത്തതെന്ന് സംഘടന ആരോപിച്ചു.

മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിന് 1960 ൽ രൂപം കൊണ്ട നിയമം കാലഹരണപ്പെട്ടതാണെന്നും അവർ കുറ്റപ്പെടുത്തുന്നു. വിദ്യാർഥികളെ മാതാ മെഡിക്കൽ കോളജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനു കോളജ് തലത്തിൽ സമിതിക്കും രൂപം നൽകി. ഗൗതം സുദർശനൻ നായ്ക്കുട്ടിയെ താഴേക്കിടുകയും ആശിഷ് ഇതു മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയുമായിരുന്നു.