അത്ര എളുപ്പമല്ല സിസേറിയൻ, ഒരമ്മയുടെ അനുഭവക്കുറിപ്പ്

ലീ കുഞ്ഞിനൊപ്പം, സിസേറിയൻ അവശേഷിപ്പിച്ച പാടുകള്‍

ഓരോ അമ്മയും എല്ലുകൾ നുറുങ്ങുന്ന വേദനയും സഹിച്ചാണ് തന്റെ മക്കൾക്കു ജന്മം നൽകുന്നത്. സുഖപ്രസവമായാലും സിസേറിയനായാലും വേദനയുടെ കാര്യത്തിൽ രണ്ടിനും വലിയ മാറ്റമൊന്നുമില്ല. പക്ഷേ കാലങ്ങളായി നമുക്കിടയില്‍ സിസേറിയൻ ആണെന്നു കേട്ടാൽ വേദന അനുഭവിക്കേണ്ട‌ാത്ത പ്രസവം എന്നാണു സങ്കൽപം. എന്നാൽ സാധാരണ പ്രസവത്തേക്കാൾ വേദനാജനകമാണ് സിസേറിയന്റെ കാര്യം, സ്വന്തം ശരീരം കീറിമുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുമ്പോൾ ഓരോ അമ്മമാരും അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാനാവില്ല. സിസേറിയൻ എന്നാൽ വേദനയറിയാത്ത പ്രസവം എന്ന ധാരണയുമായി നടക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഒരമ്മ നൽകിയ ഫേസ്ബുക് േപാസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

സിസേറിയന്റെ മുറിപ്പാടുകൾ വ്യക്തമാക്കുന്ന ഫോട്ടോ സഹിതം നൽകി മിസോറി സ്വദേശിയായ റയി ലീ എന്ന അമ്മയാണ് സിസേറിയൻ സുഖകരമല്ലെന്നു വ്യക്തമാക്കുന്ന പോസ്റ്റു നൽകിയത്. സിസേറിയനിലൂ‌ടെ കുഞ്ഞിനു ജന്മം നൽകി നാലുദിവസത്തിനു ശേഷമാണ് ലീ പോസ്റ്റ് അപ്‍ഡേറ്റ് ചെയ്തത്.
സിസേറിയൻ എത്ര എളുപ്പമാണല്ലെ എന്നു ചിന്തിക്കുന്നവരെ പരിഹസിച്ചു കൊണ്ടു തുടങ്ങുന്ന കുറിപ്പ് സിസേറിയൻ എത്രത്തോളം വേദനാജനകവും പേടിപ്പെടുത്തുന്നതുമാണെന്ന് വ്യക്തമാക്കുകയാണ് ലീ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

'' ഓ, സിസേറിയൻ, അപ്പോ നിങ്ങൾ ശരിക്കും പ്രസവിച്ചിട്ടില്ല അല്ലേ? സുഖകരമായി കുഞ്ഞിനെ പുറത്തെടുത്തു.

അതെ, എന്റെ സിസേറിയൻ തീകച്ചും സുഖസൗകര്യമായിരുന്നു, 38 മണിക്കൂർ നീണ്ട കഠിനമായ വേദനയ്ക്കൊടുവിൽ എന്റെ കുഞ്ഞ് അപകടത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയപ്പോഴെടുത്ത സൗകര്യം.

എനിക്കു നല്ല പുരോഗതിയാണ് ഉള്ളതെന്നും സിസേറിയന്റെ ആവശ്യം വരില്ലെന്നുമാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് എന്റെ വയറിൽ ഒരു മേജര്‍ ശസ്ത്രക്രിയ ചെയ്യാൻ പോവുകയാണെന്നു പറഞ്ഞപ്പോഴും ഞെട്ടിയില്ല. കാരണം അതല്ലാതെ എന്റെ കുഞ്ഞിനെ രക്ഷിക്കാൻ മറ്റു വഴികൾ ഒന്നും ഇല്ലായിരുന്നു. ആ സർജറിയാണെങ്കിൽ വളരെ പെട്ടെന്നു റികവർ ചെയ്യാൻ കഴിയുന്നതും(പരിഹാസരൂപേണ).

തെറ്റാണത്, അതെല്ലാം വെറും തെറ്റിദ്ധാരണയാണ്. സിസേറിയന്റെ മുറിപ്പാ‌‌ടുകൾ തെളിവായി കാണിച്ച് തങ്ങളിൽ നിന്നും മുറിച്ചെടുത്ത മക്കളോട് അതിജീവനത്തിന്റെ കഥ പറയാൻ ജീവിച്ചിരിക്കുന്ന അമ്മമാരുടെ കൂട്ടത്തിലാണ് ഇന്നു ഞാനും (ഇതിൽ നിങ്ങൾ മരണപ്പെ‌ട്ടും പോയേക്കാം).

അഞ്ച് ഇഞ്ചു നീളം മാത്രമുള്ള മുറിപ്പാടിനുള്ളിൽ നിന്നും കൊഴുപ്പും മസിലുകളും അവയവങ്ങളുമൊക്കെ വകഞ്ഞുമാറ്റി ആർത്തലയ്ക്കുന്ന കുഞ്ഞിനെ പുറത്തേക്കെടുക്കൽ (ഈ അവയവങ്ങൾ ഡോക്ടർമാർ കുഞ്ഞിനെ കണ്ടെത്തുന്ന സമയം വരേക്കും നിങ്ങളുടെ ശരീരത്തിനരികിൽ ആ ടേബിളിൽ തന്നെയുണ്ടാകും) ഞാൻ കരുതിയിരുന്ന പ്രസവത്തിൽ നിന്നും എത്രയോ വ്യത്യസ്തമായിരുന്നു.

അതൊരിക്കലും അത്ര സുഖരമായിരുന്നില്ല, ഇപ്പോഴും അതെ. ഇരിക്കാൻ പോലും നിങ്ങൾ മസിലുകളെ ഉപയോഗിക്കേണ്ടതുണ്ട്, അപ്പോള്‍ അതു ഡോക്ടറാൽ നാനാഭാഗമാവുകയും ആറാഴ്ച്ചയില്‍പരമെടുത്ത് അതു ശരീരം തന്നെ സ്വാഭാവികമായി പഴയ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ.

ബെഡിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കൂ എന്നു നഴ്സ് പറഞ്ഞപ്പോൾ ശരീരം കീറിമുറിച്ചതിന്റെയും വീണ്ടുമതു കൂട്ടിച്ചേർത്തതിന്റെയും വേദന കൊണ്ട് പിളരുമ്പോള്‍ സിസേറിയൻ എത്ര സുഖകരം ആണെന്നു പറയുന്നവരെ ഓര്‍ത്തുപോകും.

ഞാൻ ധീരയായ സ്ത്രീയാണ്, അതെനിക്കറിയാം. എനിക്കു വേണ്ടി മാത്രമല്ല, എന്റെ സുന്ദരനായ കുഞ്ഞിനു വേണ്ടിയും. അവന്റെ പുഞ്ചിരിക്കുന്ന മുഖം കാണുവാനായി ഞാൻ ഇനിയും കരുത്തയാകും.''

ഓഗസ്റ്റ് ഇരുപതിനു ലീ ഫേസ്ബുക്കിൽ കുറിച്ച േപാസ്റ്റ് ഇപ്പോഴും സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇരുപത്തിയൊമ്പതിനായിരത്തിൽ പരം ഷെയറുകളോടെ മുന്നേറുന്ന പോസ്റ്റിനു കീഴിലേറെയും സമാന അനുഭംവ പങ്കുവച്ച അമ്മമാരുടെ കമന്റുകളാണ്. വേദന അനുഭവിക്കാൻ വയ്യാത്തതുകൊണ്ടാണല്ലേ സിസേറിയൻ തിരഞ്ഞെടുത്തതെന്ന ചോദ്യങ്ങളുമായി നടക്കുന്നവർ ലീയെപ്പോലുള്ള അമ്മമാരുടെ അനുഭവകഥകൾ വായിക്കേണ്ടതുണ്ട്. ഏതൊരമ്മയ്ക്കും തന്റെ വേദനയേക്കാൾ പ്രധാനം കുഞ്ഞിന്റെ ജീവനാണ്.