എല്ലാത്തിനും കാരണം പങ്കാളിയുടെ പക്വതയില്ലായ്മയോ? തിരിച്ചറിയാൻ 6 വഴികൾ!

നിങ്ങളുടെ പങ്കാളി വൈകാരിക നിയന്ത്രണം കുറവുള്ള ആളാണെങ്കില്‍ അയാളുടെ പക്വതയില്ലായ്മയാണോ അതിന് കാരണമെന്ന് തിരിച്ചറിയാന്‍ താഴെ പറയുന്ന സന്ദര്‍ഭങ്ങള്‍ പരിഗണിക്കാം.

വലുതായിട്ടും കുട്ടിത്തം വിട്ട് മാറിയിട്ടില്ല എന്ന് പലരെക്കുറിച്ചും പറയാറുണ്ട്. ഇങ്ങനെ കുട്ടിത്തം വിട്ട് മാറാത്തവര്‍ പുറമെ നിന്ന് ആസ്വദിക്കാന്‍ രസമുള്ളവരായിരിക്കും. എന്നാല്‍ ഇവര്‍ക്കൊരു ജീവിത പങ്കാളി ഉണ്ടെങ്കില്‍ അവര്‍ക്കത് ഏറെ വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം, പ്രത്യേകിച്ചും വൈകാരിക സന്ദര്‍ഭങ്ങളില്‍ പോലും പക്വതയോടെ അല്ലാതെ ബാലചാപല്യത്തോടെ കൈകാര്യം ചെയ്യുന്ന ആളാണെങ്കില്‍. നിങ്ങളുടെ പങ്കാളി വൈകാരിക നിയന്ത്രണം കുറവുള്ള ആളാണെങ്കില്‍ അയാളുടെ പക്വതയില്ലായ്മയാണോ അതിന് കാരണമെന്ന് തിരിച്ചറിയാന്‍ താഴെ പറയുന്ന സന്ദര്‍ഭങ്ങള്‍ പരിഗണിക്കാം.

1. അസുഖകരമായ സന്ദര്‍ഭങ്ങളില്‍ സംസാരത്തില്‍ നിന്ന് ഒളിച്ചോടുക

അസുഖകരമായ അല്ലെങ്കില്‍ സന്തോഷകരമല്ലാത്ത സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ തീര്‍ച്ചയായും കടന്ന് വരും. പക്വതയാര്‍ന്ന വ്യക്തി അതിനെ സമചിത്തതയോടെ നേരിടും. ആ അവസ്ഥയില്‍ സംസാരിക്കാനും അത് പരിഹരിക്കാനും ശ്രമിക്കും. എന്നാല്‍ കുട്ടിത്തം വിട്ട് മാറാത്ത വ്യക്തി ഈ വിഷയത്തില്‍ നിന്ന് ഒളിച്ചോടാൻ ശ്രമിക്കും. അല്ലെങ്കില്‍ അതിവൈകാരികമായി വാശിയോടെ പ്രതികരിക്കുകയും നിങ്ങളെ മുറിപ്പെടുത്തുകയും ചെയ്യും.

2. അഭിനന്ദനം

പക്വതയില്ലാത്തവര്‍ പലപ്പോഴും നിങ്ങളെ അഭിനന്ദിക്കുക അവരുടെ കാര്യ സാദ്ധ്യത്തിന് വേണ്ടിയാകും. എന്നാല്‍ പക്വതയുള്ള പങ്കാളികള്‍ നിങ്ങളെ അഭിനന്ദിക്കുക നിങ്ങളുടെ നേട്ടത്തിലുള്ള അഭിമാനം കാരണമാകും. നിങ്ങളുടെ നേട്ടങ്ങളെ അവര്‍ അംഗീകരിക്കും. എന്നാല്‍ പക്വതയില്ലാത്തവര്‍ അവര്‍ അഭിനന്ദിച്ച നിങ്ങളുടെ നേട്ടങ്ങളെ പോലും പിന്നീട് തള്ളിപ്പറയാന്‍ മടിക്കില്ല.

3.അന്നത്തെ കാര്യവും , ദീര്‍ഘകാല പദ്ധതിയും

ജീവിത പങ്കാളി അന്നത്തെ കാര്യം നടന്ന് പോകാന്‍ മാത്രം ശ്രദ്ധിക്കുന്ന ആളാണോ. അയാള്‍ക്ക് കുട്ടിത്തം വിട്ട് മാറിയിട്ടില്ലെന്ന് മനസ്സിലാക്കാം. നാളെയെക്കുറിച്ച് കൂടി ചിന്തിച്ച് കുടുംബത്തിന്‍റെ ഭാവിയെക്കുറിച്ച് ഓര്‍ത്ത് പ്രവര്‍ത്തിക്കുന്നതാണ് പക്വതയുള്ള വ്യക്തിയുടെ സ്വഭാവം.

4.വാഗ്ദാനങ്ങള്‍

താല്‍ക്കാലിക ലാഭത്തിനായി നടക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നതാണ് പങ്കാളിയിലെ കുട്ടിത്തത്തിന്‍റെ മറ്റൊരു മുഖം. പക്വതയെത്തിയ ആളാണെങ്കില്‍ പറഞ്ഞ വാക്ക് അര്‍ത്ഥമാക്കുന്ന ആളായിരിക്കും. അത് വെറും കാര്യസാദ്ധ്യത്തിനോ താല്‍ക്കാലിക സമാധാനത്തിനോ വേണ്ടി ആയിരിക്കില്ല. നടക്കാത്ത കാര്യം ആവശ്യപ്പെട്ടാല്‍ അത് സാദ്ധ്യമല്ലെന്ന് തുറന്ന് പറയാനും ഈ വ്യക്തിക്ക് ആകും.

5. പേടിയുള്ള സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.

ഇവിടെ പേടി എന്നത് മാനസികമായി അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളെ വിവരിക്കുന്നതാണ്. നേരിടാന്‍ ഭയമുള്ള ജീവിത സന്ദര്‍ഭങ്ങളില്‍ നിന്ന് ഓടിയൊളിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ പങ്കാളി കുട്ടിത്തം വിടാത്ത ആളാണെന്ന് മനസ്സിലാക്കാം. അതേസമയം ഭയമുണ്ടായിട്ടും വിജയിച്ചാലും പരാജയപ്പെട്ടാലും അത്തരമൊരു സന്ദര്‍ഭത്തെ നേരിടുന്ന വ്യക്തിയാണ് പക്വതയുള്ള ആള്‍.

6. കൈവിടുന്നയാളും പിന്‍തുണയ്ക്കുന്ന ആളും

സ്വയം പ്രതിരോധിക്കാന്‍ വേണ്ടി വൈകാരിക ഘട്ടങ്ങളില്‍ നിങ്ങളെ വലിച്ച് താഴെയിടുന്ന, അല്ലെങ്കില്‍ നിങ്ങളെ ഇല്ലാതാക്കി കളയുന്ന വ്യക്തിയാണ് പങ്കാളിയെങ്കില്‍ കുട്ടിത്തം വിട്ട് മാറാത്ത ആളുടെ അപക്വമായ പ്രവൃത്തിയാണത്. അതേസമയം ഏത് പ്രതിസന്ധി ഘട്ടത്തിലും നിങ്ങളെ പിന്തുണക്കാന്‍ കഴിയുന്ന ആളാണ് പങ്കാളിയെങ്കില്‍ അയാള്‍ പക്വമതിയായ വ്യക്തിയാണ്.