എന്റെ ഭർത്താവിനൊരു ജീവിതം നൽകാമോ? മരണക്കിടക്കയിൽ ഭാര്യ ചോദിക്കുന്നു...

ആമി റോസെന്താലും ‌ഭർത്താവ് ജേസണും

രോഗിയായ ഭാര്യ മരിക്കുന്നതും, മരണക്കിടക്കയിൽ മറ്റൊരു സ്ത്രീയെ സ്വീകരിക്കണമെന്നു അവർ ഭർത്താവിനോടു പറയുന്നതുമൊക്കെ നാം നിരവധി സിനിമകളിൽ കണ്ടിട്ടുണ്ട‌്. പക്ഷേ യഥാർഥ ജീവിതത്തിൽ അങ്ങനെയൊന്നു സംഭവിക്കുമോ? എത്ര സ്നേഹസമ്പന്നയായ ഭാര്യയാണെങ്കിലും മറ്റൊരു സ്ത്രീ തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്കു വരുന്നതിനെ അത്രപെട്ടെന്ന് അംഗീകരിക്കാറില്ല. എന്നാൽ മരണം കാത്തുകിടക്കുന്ന ഒരു ഭാര്യ ഇതാ തന്റെ ഭർത്താവിനു വേണ്ടി പങ്കാളിയെ തേടുകയാണ്, സിനിമയിലല്ല യഥാർഥ ജീവിതത്തിൽ.

എഴുത്തുകാരി കൂടിയായ ആമി റോസെന്താൽ എന്ന യുവതിയാണ് തന്റെ ഭർത്താവിനു പങ്കാളിയെ കണ്ടെത്താനായി ഡേറ്റിങ് ആപ്പിലൂടെ പരസ്യം നല്‍കിയത്. 2015 മുതൽ ഓവേറിയൻ കാൻസറിനാൽ ദുരിതം അനുഭവിക്കുന്നയാളാണ് ആമി. ഇപ്പോഴാകട്ടെ കാൻസർ കാർന്നുതിന്ന് ആമിയു‌ടെ ജീവിതം ഏതാണ്ട് അവസാനിക്കുന്ന ഘട്ടമെത്തി. പക്ഷേ താൻ പോകുന്നതോടെ ഭർത്താവു തനിച്ചാകരുതെന്ന നിർബന്ധമുണ്ടായിരുന്നു ആമിക്ക്, അതുകൊണ്ടാണ് അവൾ തന്റെ ഭർത്താവിനായി ഡേറ്റിങ് ആപ്പിലൂടെ അദ്ദേഹത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകിയത്. 'നിങ്ങൾക്ക് എന്റെ ഭർത്താവിനെ വിവാഹം കഴിക്കണമെന്നുണ്ടായേക്കാം' എന്ന തലക്കെട്ടോടെയാണ് പ്രൊഫൈൽ നൽകിയത്.

ഇനി ആ ജീവിതത്തിലേക്കു പോകാം

ഒരു ഭാര്യയും ഭർത്താവും സെപ്തംബർ 2015ലെ ഒരു ശനിയാഴ്ച്ചയിൽ ആശുപത്രിയിലെ എമർജൻസി മുറിയിലേക്കു നടക്കുകയാണ്. കുറച്ചു മണിക്കൂറുകൾക്കും ടെസ്റ്റുകള്‍ക്കും ശേഷം മനസിലായി ആ ഭാര്യ കുറേക്കാലമായി വലതുഭാഗത്ത് അനുഭവിച്ചു വരുന്ന വേദന അപ്പെൻഡിസൈറ്റിസിന്റേതല്ല മറിച്ച് ഓവേറിയൻ കാൻസറിന്റേതാണ്. ഒരുപാടു പ്രതീക്ഷകളും പദ്ധതികളുമാണ് തകിടം മറിഞ്ഞത്. സൗത്ത് ആഫ്രിക്കയിലേക്ക് ഭർത്താവിനും മക്കൾക്കും മാതാപിതാക്കള്‍ക്കുമൊപ്പം പോകണമെന്നു പദ്ധതിയില്ല, ഹാർവാർഡിൽ ഫെല്ലോഷിപ്പിനായി അപ്ലൈ ചെയ്യുന്നില്ല,,അമ്മയ്ക്കൊപ്പം ഏഷ്യയിലേക്കു പോകുക എന്ന സ്വപ്നയാത്രയില്ല...

കാന്‍സർ എന്ന വാക്കും 'കാന്‍സൽ' എന്ന വാക്കും ഒരുപോലെ തോന്നിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. ഇന്നു ജിവിക്കുന്നു എന്നുമാത്രം. ഭാവിയിലേക്കായി ജേസൺ ബ്രയാൻ റോസെന്താൽ എന്ന ജെന്റിൽമാനെ പരിചയപ്പെടുത്തട്ടെ. എളുപ്പത്തിൽ സ്നേഹിക്കപ്പെടുന്നയാളാണ് അദ്ദേഹം. എന്റെ അച്ഛന്റെ അടുത്ത സുഹൃത്തു വഴിയാണ് ജേസണിനെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹക്കാര്യം മുന്നോട്ടു വെക്കുന്നത്. 1989ലായിരുന്നു അത്, ഞങ്ങൾക്കു വെറും 24വയസു മാത്രമേ പ്രായമുള്ളു. ആദ്യമൊന്നും ഇതുമുന്നോട്ടു പോകുമെന്ന് എനിക്കു തോന്നിയിരുന്നില്ല. എന്നാൽ ഒന്നിച്ചുള്ള ഒരു അത്താഴത്തോടെ എനിക്ക് അയാളെ വിവാഹം കഴിക്കണമെന്നു തന്നെ തോന്നി.

ആമി റോസെന്താൽ

ഇന്നു ഞാൻ ജേസണിനു വേണ്ടിയൊരു പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുകയാണ്. ഒരേവീട്ടിൽ അദ്ദേഹത്തോടൊപ്പം 9,490 ദിവസങ്ങൾ ഒന്നിച്ചു കഴിഞ്ഞ അനുഭവം വച്ച്. അഞ്ചടി പത്തിഞ്ച് ഉയരവും 72 കിലോയും ഉള്ള, സാൾട്ട് ആൻഡ് പെപ്പർ ഹെയർസ്റ്റൈൽ ഉള്ളയാളാണ് ജേസൺ. മനോഹരമായി വസ്ത്രം ധരിക്കുന്നയാളാണ് അദ്ദേഹം, ഞങ്ങളുടെ കൗമാരക്കാരായ മക്കൾ ജസ്റ്റിനും മൈൽസും പലപ്പോഴും അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ ധരിക്കാറുണ്ട്.

ഞങ്ങളുടെ വീടിന് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ അതു കൂട്ടിച്ചേർക്കുമായിരുന്നു ജേസൺ മനോഹരമായി വീടൊരുക്കും എന്ന്. വളരെ നന്നായി പാചകം ചെയ്യാനും മുമ്പിലാണ്. ലൈവ് മ്യൂസിക്കുകൾ ആസ്വദിക്കാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് ജേസൺ. ഞങ്ങളു‌ടെ പത്തൊമ്പതുകാരിയായ മകൾ പാരിസ് അദ്ദേഹത്തെ കൂട്ടിയാണ് സംഗീത പരിപാടികൾക്കു പോകുന്നത്. നല്ലൊരു പിതാവു കൂടിയായിരുന്നു അദ്ദേഹം.

മനോഹരമായി പെയിന്റ് ചെയ്യുന്ന ജേസണിന്റെ കലകളെല്ലാം എ​നിക്കിഷ്ടമാണ്. ഗർഭത്തിന്റെ ആദ്യ അൾട്രാസൗണ്ട് സ്കാനിങ്, പൂക്കളോടു കൂടി എന്നെ കാണിച്ച ഭർത്താവാണ് അദ്ദേഹം. എന്നും രാവിലെ എഴുന്നേൽക്കുന്ന, ഞായറാഴ്ച്ചകളിൽ സർപ്രൈസുകൾ ഒരുക്കുന്ന ഭർത്താവാണ് അദ്ദേഹം. ഞാൻ പറഞ്ഞില്ലല്ലോ, അദ്ദേഹം അതീവസുന്ദരനുമാണ്. അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിയിരിക്കുന്നത് ഇനി ഞാൻ മിസ് ചെയ്യും. അദ്ദേഹം ഒരു രാജകുമാരനെപ്പോലെ തോന്നിക്കുന്നുവെങ്കിൽ ഒരു സങ്കൽപകഥ പോലെയായിരുന്നു ഞങ്ങളുടെ ജീവിതം.

എനിക്കു ജേസണിനൊപ്പം ഇനിയും കുറേനാള്‍ ജീവിക്കണം, എനിക്കെന്റെ മക്കളോടൊപ്പം കുറേനാൾ കഴിയണം എ​ന്നെല്ലാം ആഗ്രഹമുണ്ട്. പക്ഷേ ഏതാനും ദിവസങ്ങളേ എനിക്കുണ്ടാകൂ. വാലന്റൈൻസ് ദിനത്തിലാണ് ഞാന്‍ ഇതെഴുതുന്നത്. അദ്ദേഹത്തിനു നൽ‍കാൻ കഴിയുന്ന ഏറ്റവും ആത്മാർഥമായ സമ്മാനം ഇതു വായിക്കുന്ന വ്യക്തിയാണ്, അങ്ങനെ മറ്റൊരു പ്രണയകഥ ആരംഭിക്കട്ടെ.– ആമി പറഞ്ഞു നിർത്തുന്നു.