ആശുപത്രിവാസം, 71 ശസ്ത്രക്രിയകൾ, ഒടുവിൽ പാട്രിക്കിനു മുഖം തിരിച്ചുകിട്ടി

2001ൽ ഒരു സ്ഫോടനത്തിലാണ് അഗ്നിശമനാ സേനാനിയായിരുന്ന പാട്രിക് ഹാർഡിസണിന് തന്റെ മുഖത്തിന്റെ മുക്കാല്‍ഭാഗവും നഷ്ടമായത്. 41കാരനായ പാട്രിക്കിന്റെ പ്രതീക്ഷകൾക്ക് വീണ്ടും തിരി തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ ന്യൂയോർക്കിലെ എൻവൈയു മെഡിക്കൽ സെന്ററിലെ അധികൃതർ. മിസിസിപ്പി സ്വദേശിയായ പാട്രിക്കിന് ഇതുവരെയുണ്ടായതിൽ വച്ചേറ്റവും വലിയ മുഖംമാറ്റിവെക്കൽ ശസ്ത്രക്രിയയാണ് നടത്തിയത്.

അപക‌ടത്തോടെ പാട്രിക്കിന്റെ മുഖം ഏറെയും നശിച്ചിരുന്നു. വിരൂപ തുല്യമായ മുഖവുമായി ജീവിച്ചിരുന്ന അദ്ദേഹത്തിന് ശസ്ത്രക്രിയയോടെ സാധാരണ മനുഷ്യന്റേതിനു സമമാവുകയും കാഴ്ച്ച തിരിച്ചു കിട്ടുകയും ചെയ്തിട്ടുണ്ട്. അടിമുതൽമുടി വരെ മാറ്റിവെക്കലുകൾ നടത്തി. ഓഗസ്റ്റ് പതിനാലിന് ആരംഭിച്ച സർജറി ഏതാണ്ട് 26 മണിക്കൂറോളം നീണ്ടുനിന്നു. അപകടത്തിന്റെ പാടുപോലും അവശേഷിക്കാത്ത വിധത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇതൊരു ചരിത്രതുല്യമായ നേട്ടമാണെന്ന് ശസ്ത്രക്രിയാ സംഘത്തിലെ ഡോക്ടർമാരിലൊരാളായ ആമിർ ഡൊറാഫ്ഷാർ പറഞ്ഞു.

2001 സെപ്തംബർ അഞ്ചിനായിരുന്നു പാട്രിക്കിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം സംഭവിച്ചത്. മൂന്നു മക്കളുടെ അച്ഛൻ കൂടിയായ പാട്രിക്ക് കത്തിക്കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിനുള്ളിലകപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. അതിനിടയിൽ മേൽക്കൂര ശരീരത്തിലേക്കു പതിച്ചതാണ് അപകടം തീവ്രമാക്കിയത്. രണ്ടുമാസത്തോളം ആശുപത്രിയിൽ കിടന്ന പാട്രിക്കിന്റെ കാലിൽ നിന്നും മാസംമെ‌ടുത്തായിരുന്നു മറ്റു ഭാഗങ്ങളിലെ പരിക്കേറ്റ ഭാഗങ്ങളിൽ പിടിപ്പിച്ചത്. പക്ഷേ അദ്ദേഹത്തിന് തന്റെ ചെവിയും ചുണ്ടുകളും മൂക്കിന്റെ ഭൂരിഭാഗവും കാഴ്ചശക്തിയും ഏറെക്കുറെ നഷ്ടമായിരുന്നു. ഇതിനകം 71ഓളം ശസ്ത്രക്രിയകളാണ് പാട്രിക്കിന്റെ ശരീരത്തിൽ നടത്തിയത്.

പാട്രിക്കിന്റെ ശരീരവുമായി ചേരുന്ന കോശങ്ങളുള്ള ദാതാക്കളെ അന്വേഷിക്കലായിരുന്നു പരിശ്രമകരമെന്ന് ഡോക്ടർമാരും പറയുന്നു. തലയോട്ടിയിക്കു മുകളിലും തോളെല്ലുകളിലുമെല്ലാം ശരീരഭാഗങ്ങൾ മാറ്റിനട്ടു. ദാതാവിന്റെ മുഖം സ്ക്രൂവും മെറ്റൽ പ്ലേറ്റുകളും ഉപയോഗിച്ച് പാട്രിക്കിന്റെ മുഖത്തോടു ചേർക്കുകയും ചെയ്തു. ശരീരത്തിൽ മിക്ക ഭാഗങ്ങളും മാറ്റിവെച്ചതിനാൽ പാട്രിക് ഇനി ജീവിതകാലം മുഴുവൻ മരുന്നുകൾക്കൊപ്പം തന്നെ കഴിയേണ്ടി വരുമെന്നും പറയുന്നു ഡോക്ടർമാർ. സൈക്ലിംഗ് അപകടത്തിൽ കൊല്ലപ്പെട്ട ഡേവിഡ് റോഡ്ബോ എന്ന യുവാവായിരുന്നു ദാതാവ്. അഞ്ചുകോടിയിലേറെ വന്ന ചില മുഴുവനും നിർവഹിച്ചത് യൂണിവേഴ്സിറ്റി ഗ്രാന്റിലൂടെയായിരുന്നു.