അച്ഛൻ നിനവിൽ വരുമ്പോൾ...

എവരിമാൻസ് ഡെത്ത് ബിഗിൻസ് വിത്ത് ദ ഡെത്ത് ഓഫ് ഹിസ് ഫാദർ–ഓർഹൻ പാമുക്ക്.

കണ്ടുവളരാൻ ആരെങ്കിലുമുണ്ടെങ്കിൽ നല്ല രസമുള്ള ഏർപ്പാടാണു വളരുകയെന്നത്. വേച്ചുവീഴാൻ പോകുമ്പോൾ കൈ പിടിക്കുന്നൊരാൾ. ഉള്ളുലയ്ക്കുന്ന കൊടുങ്കാറ്റുകളെ പിടിച്ചുകിട്ടാൻ കരുത്തുള്ളൊരാൾ. അതായിരുന്നു കുട്ടിക്കാലത്ത് അച്ഛൻ. കടങ്ങൾ കാലു കുരുക്കി വീഴ്ത്തിയപ്പോഴും കൂട്ട ആത്മഹത്യയെക്കുറിച്ചു പോലും വീട്ടിലുള്ളവർ ചിന്തിച്ചുതുടങ്ങിയപ്പോഴും ചങ്കൂറ്റത്തോടെ നിന്ന പച്ചമനുഷ്യൻ. ഇതും കടന്നുപോകും എന്നൊരു ബുദ്ധ നിർമമത. കടങ്ങൾ വാങ്ങിക്കൂട്ടാൻ അച്ഛൻ നിർബന്ധിക്കപ്പെടുകയായിരുന്നു. കൂട്ടുകുടുംബത്തിലെ മുതിർന്ന പുരുഷന്റെ അനിവാര്യമായ ചുമതലകൾ. സഹോദരിമാർ, അനിയൻ, അമ്മ, പിന്നെ സ്വന്തം കുടുംബം. എല്ലാവർക്കും എല്ലാത്തിനും അച്ഛൻ വേണമായിരുന്നു. ഒന്നിനും ഒരു മുടക്കവും വരുത്താതെ, മുഖമൊന്നു കറുപ്പിക്കാതെ, കൊള്ളിവാക്കു കൊണ്ടു പൊള്ളിക്കാതെ കുടുംബത്തെ കൊണ്ടുനടന്നു. പക്ഷേ അച്ഛനോട് ആരും ഒരു കാരുണ്യവും കാട്ടിയില്ല. തരം കിട്ടിയപ്പോഴൊക്കെ എല്ലാവരും ആ മനുഷ്യനെ നിർത്തിപ്പൊരിച്ചു. 

പറഞ്ഞത് സമയത്തിനു കിട്ടിയില്ലെങ്കിൽ ആ ഉത്തരവാദിത്തമില്ലായ്മയെ കുറിച്ച് വലിയ വായിൽ പ്രസംഗങ്ങൾ വിളമ്പിയവരാരും ഒരു തരി നൻമ പോലും കാട്ടിയില്ല. അച്ഛൻ അതൊട്ടു പ്രതീക്ഷിച്ചതുമില്ല.  അച്ഛൻ ഒഴുകി നിറയുന്ന പാതിരാകൾ ഓർമയുണ്ട്. വിയർപ്പു മണമുള്ള ആ ശരീരത്തു കസർത്തു കാട്ടിയ കുട്ടിക്കാലം. ആ കാലം അതങ്ങനെ സ്തംഭിച്ചുനിൽപ്പാണ് ഓർമയിൽ. തെല്ലും മുതിരാതെ. മുഖത്തെ കട്ടിരോമങ്ങളിൽ കവിളുരസി ഇക്കിളിയാകാൻ ഞാനും അനിയത്തിയും മൽസരിച്ചു. കൊട്ടാപ്പുറത്തുണ്ണി കയറ്റാൻ ഇടി കൂടിയ കാലം.  വെണ്ടയ്ക്ക തോരനോ മുട്ട പൊരിച്ചതോ മത്തിപ്പാളികളോ അകത്തു വച്ച് അച്ഛൻ ഉരുട്ടിയ ഗ്ലോബുരുളകൾക്ക് എന്തൊരു സ്വാദായിരുന്നു. ഹെർക്കുലീസ് സൈക്കിളിൽ മുന്നിൽ അനിയത്തിയെയും പിറകിൽ എന്നെയും വച്ച് അച്ഛൻ ഇറങ്ങിയ കുത്തിറക്കങ്ങൾ, ചവിട്ടിക്കയറ്റിയ കൊടുംകയറ്റങ്ങൾ. മഴക്കാലത്ത് ഏതോ പുരാതനതുറമുഖം പോലെ തോന്നിച്ചു ‍ഞങ്ങടെ വീട്ടുമുറ്റം. കടലാസ്സു കപ്പലുകളുടെ പട തന്നെ ഇറവെള്ളത്തിൽ നിരന്നു. അമ്മയുടെ ചീത്ത കേൾക്കാൻ അച്ഛനുമുണ്ടായിരുന്നു എപ്പോഴും ‍ഞങ്ങൾക്കൊപ്പം. ആദ്യമായി ആലിപ്പഴം തൊട്ടത് അച്ഛൻ കയ്യിലേക്ക് ഇട്ടുതന്നപ്പോഴായിരുന്നു. ആ കൈപ്പടയെ അനുകരിച്ചായിരുന്നു എഴുതിത്തുടങ്ങിയത്. ആ അക്ഷരങ്ങളുടെ ചെരിവുകളിൽ ഞാനും അച്ഛനും ഒരുമിച്ചിരുന്നു.

പിന്നെ ഞങ്ങൾ മുതിർന്നു. ഒരിക്കലും മുതിരാൻ പാടില്ലാത്തത്ര മുതിർന്നു. കവരങ്ങൾ തടിയിൽ നിന്ന് അകന്ന് പടർന്നുകയറുന്നതു പോലെ എവിടേക്കൊ പോയി. കാണുന്നതു തന്നെ കുറവായി. തിരക്കിന്റെ തിരകൾ വന്ന് എങ്ങോട്ടോ കൊണ്ടുപോയി. പക്ഷേ അപ്പോഴും അച്ഛന്റെ കരുതൽ ഒരു പുതപ്പായി വന്നു പൊതിയാറുണ്ട് കൊടുംതണുപ്പിൽ, കുടയായി നിവരാറുണ്ട് തീവെയിലിൽ. മുതിരുന്തോറും നമ്മൾ അച്ഛൻമാരെപ്പോലെയാകുന്നു, അവർ തന്നെയാകുന്നു. അവരുടെ മനസ്സ് കണ്ണീരു പോലെ തെളിഞ്ഞുകാണാനാവുന്നു. ഒരുകാലത്തെ അവരുടെ പേടികൾ, നിനവുകളെല്ലാം നമ്മുടേതുമാകുന്നു. ഇപ്പോൾ എനിക്കു തോന്നുന്നു, മുതിരേണ്ടായിരുന്നു. ആ തോളിലിരുന്നു കണ്ടിടത്തോളം കാഴ്ചകൾ പിന്നെയൊരിക്കലും കണ്ടിട്ടില്ല. 

അച്ഛനു ജാതിയോ മതമോ ഇല്ലായിരുന്നു, വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും. സ്വന്തം മകനു ജാതി നോക്കാതെ കൂട്ടുകാരിയെ തേടിയ അച്ഛൻ. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്നിട്ടും ലോകത്തെ ഉള്ളംകയ്യിലിട്ടു തിരുമ്മി മുറുക്കാൻ പാകത്തിൽ തരാൻ കെൽപ്പുണ്ടായിരുന്നു അച്ഛൻ. ഏറ്റവും പുതിയ മൊബൈലുകൾ, ഏറ്റവും പുതിയ ആപ്പുകൾ..എല്ലാം ഹരമായിരുന്നു. അച്ഛനെപ്പോഴും സ്വയം പുതുക്കി. ലോകത്തിനും കാലത്തിനും മുന്നിൽ കയറി നടന്നു. എത്ര നടന്നാലും എനിക്ക് എത്താവുന്നതല്ല ആ ദൂരങ്ങൾ, അതിവിദൂരങ്ങൾ.

ചിലപ്പോൾ എനിക്കു തോന്നുന്നു, ഒരിക്കലും അച്ഛനനെപ്പോലെയാകാൻ കഴിയില്ലെന്ന്. അനൽപ്പമായ ആ സ്നേഹമെവിടെ? അൽപ്പത്തം നിറഞ്ഞ എന്റെ മനസ്സെവിടെ? അച്ഛാ, ഈ ജൻമത്തിലെന്ന പോലെ അടുത്ത ജൻമത്തിലും എനിക്ക് അച്ഛന്റെ മകനായി പിറക്കണം. കുറച്ചുകൂടി നേരം ഒരുമിച്ചിരിക്കാൻ അപ്പോൾ നമുക്കു കഴിയുമായിരിക്കും.