ഒറ്റക്കാൽ പ്രശ്നമല്ല; ബാഡ്മിന്റണും സ്കൂബാ ഡൈവിംഗും ഹോബിയാക്കി ഈ സോഫ്റ്റ്‍വെയർ എഞ്ചിനീയര്‍

ജീവിതം എത്രതന്നെ തോൽപ്പിക്കാൻ ശ്രമിച്ചാലും കുതിച്ചുയർന്ന് വിജയക്കൊടി പാറിക്കുമെന്ന് ദൃഡനിശ്ചയമെടുത്തു കഴിഞ്ഞാൽ പിന്നെ പരാജയമെന്ന വാക്കിനൊരു സ്ഥാനവുമുണ്ടാകില്ല. അംഗവൈകല്യങ്ങളൊന്നുമില്ലാതെ ആരോഗ്യദൃഡഗാത്രരായി കഴിയുന്ന പലരും ജീവിച്ചു തീർക്കുവാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ്. അവർക്കിടയിൽ വ്യത്യസ്തരാകുന്ന പലരുമുണ്ട്. അതിലൊരു പെൺകുട്ടിയുടെ കഥയാണ് ഇന്നു സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒറ്റക്കാൽ വച്ചു സ്വപ്നങ്ങൾ കൊയ്തെടുക്കുന്ന ഈ പെൺകുട്ടിയുടെ ജീവിതകഥ വന്നത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്.

ജോലിക്കായി ടൂവീലറിൽ പോകുന്നതിനിടെയാണ് ആ പെൺകുട്ടിയു‌െ നേർക്ക് ഒരു ലോറി കുതിച്ചു പാഞ്ഞുവന്നത്. കാലുകളിൽ ഇടിച്ചുകയറി ലോറി നിന്നു. പക്ഷേ അതൊരിക്കലും ഡ്രൈവറുടെ കുറ്റമായിരുന്നില്ല. കണ്ണുകളെ മറയ്ക്കും വിധത്തിലുള്ള കൂറ്റൻ തൂണുകളാണ് ആ നിരത്തിൽ ഉണ്ടായിരുന്നത്. ഓടിക്കൂടിയ ജനങ്ങൾ രാവിലെ ഒമ്പതരയായപ്പോഴെയ്ക്കും അവളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശസ്ത്രക്രിയ നടന്നത് വൈകുന്നേരം അഞ്ചരയായപ്പോൾ മാത്രമാണ്. കാലുകൾക്കൊന്നും സംഭവിക്കാതിരിക്കാൻ ആവതും ശ്രമിച്ചുവെങ്കിലും പഴുപ്പു കയറി പിന്നീട് കാൽ മുറിച്ചു മാറ്റേണ്ടി വന്നുവെന്നു ഡോക്ടർമാർ പറഞ്ഞു.

ഇത്തരമൊരു പരീക്ഷണത്തിലൂടെ കടന്നുപോയെങ്കിലും സംഭവിച്ചതിനെ അംഗീകരിക്കാൻ ശ്രമിച്ചതാണ് അവളുടെ ആദ്യവിജയം. വിധിയെന്നു കരുതി കണ്ണുനീരൊഴുക്കുകയോ പൊരുതിമുന്നേറുകയോ ചെയ്യാം. അവള്‍ രണ്ടാമത്തെ വഴിയാണു സ്വീകരിച്ചത്. സഹതാപവും നിറകണ്ണുകളുമായി തന്നെ സന്ദർശിക്കാനെത്തിയവരെയെല്ലാം തമാശകൾ പറഞ്ഞ് ചിരിപ്പിച്ചു. ഫിസിയോ തെറാപ്പിയിലൂടെ വീണ്ടും പിച്ചവച്ചു പഠിച്ചു. ബാല്യകാലം മുതലുള്ള ആഗ്രഹമായിരുന്ന ബാഡ്മിന്റൺ ഇനി കയ്യെത്താ ദൂരെയായല്ലോയെന്നൊരു വിഷമം മാത്രമായിരുന്നു അപ്പോൾ മനസിൽ. ന‌ടക്കാൻ ബുദ്ധിമുട്ടിയെങ്കിലും അവൾ വീണ്ടും ബാഡ്മിന്റൺ കളിച്ചു. കോർപറേറ്റ് ബാഡ്മിന്റൺ മത്സരങ്ങളിൽ വിജയിക്കാനും തുടങ്ങി. അങ്ങനെയിരിക്കെയാണ് അംഗവൈകല്യം ബാധിച്ച മറ്റൊരു സുഹൃത്ത് ദേശീയ തലത്തിൽ കളിക്കാൻ നിർദ്ദേശിച്ചത്. തുടർന്നുള്ള നിരന്തര പരിശ്രമത്തോടെ ദേശീയ തലത്തിൽ വെ‌ള്ളിയുൾപ്പെടെ നിരവധി മെഡലുകൾ സ്വന്തമാക്കുവാനും കഴിഞ്ഞു. സോഫ്റ്റ്‍വെയർ എഞ്ചനീയർ ജോലിയ്ക്കിടെ അഞ്ചു മണിക്കൂർ പരിശീലനത്തിനും സമയം കണ്ടെത്തി. സ്കൂബാ ഡൈവിംഗ് പരിശ​ീലനം ഏറെക്കുറെ പൂർത്തിയായി, ഇന്ത്യയിൽ മിക്കഭാഗവും സന്ദർശിച്ചു കഴിഞ്ഞു. പലരും തന്നോടു ചോദിക്കാറുണ്ട് ഇത്രയും ചെയ്യാൻ കഴിയുന്നത് എങ്ങനെയാണെന്ന് അവരോട് തിരിച്ചു ചോദിക്കുവാൻ ഒന്നേയുള്ളു, നിങ്ങളെ തടയുന്നതെന്താണ്?