വിവാഹ പ്രൊപ്പോസലുമായി പോകുമ്പോൾ അതെത്രത്തോളം വെറൈറ്റി ആക്കാമെന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുക. ഈയിടെ ഒളിംപിക്സ് സമ്മാനദാന ചടങ്ങുപോലും അത്തരമൊരു വ്യത്യസ്തമായ പ്രൊപ്പോസലിനു വേദിയായി. പണ്ട് വഴിവക്കുകളും റെസ്റ്ററ്ററന്റും ക്ലാസ് മുറികളുമൊക്കെയാണ് ഇത്തരം പ്രൊപ്പോസലുകൾക്കു വേദിയായിരുന്നത്. കയ്യിലൊരു മോതിരവും വച്ചു മുട്ടുകുത്തിയിരുന്ന് 'വിൽ യു മാരി മീ' എന്നു ചോദിക്കുന്നതൊക്കെ ഇപ്പോൾ പഴഞ്ചനായി മാറി.
ഇവിടെയിതാ തികച്ചും വ്യത്യസ്തമായൊരു പ്രൊപ്പോസല്‍ ചിത്രങ്ങൾ വൈറലാകുന്നു. കാമുകനെ പ്രൊപ്പോസ് ചെയ്തു ഞെട്ടിച്ചിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരു യുവതി. തൂവെള്ള ഉടുപ്പിൽ സുന്ദരിയായി ഒരു ഹാർലി ഡേവിഡ്സൺ ബൈക്കിൽ എത്തിയ അവളുടെ കൈയിൽ ഒരു പ്രമാണവുമുണ്ടായിരുന്നു. "അവസാനം നിനക്കു പ്രിയപ്പെട്ട ഹാർലി വാങ്ങാനും മാത്രം ഞാൻ സമ്പാദിച്ചു, എന്നെ വിവാഹം കഴിച്ചാലും, പ്രമാണത്തിലും നിന്റെ പേരു ചേര്‍ത്തു കഴിഞ്ഞു" അവളവനോട് ഉറക്കെപ്പറഞ്ഞു.
ഇതുകേട്ടതോടെ ആകെ ഞെട്ടിത്തരിച്ചു പോയി പാവം കാമുകൻ. സന്തോഷം കൊണ്ടും അതിശയം കൊണ്ടും കാമുകന് ഒന്നും മിണ്ടാൻ പോലുമായില്ലത്രേ. അവസാനം ഒരു തലകുലുക്കലില്‍ അയാൾ സമ്മതം അറിയിച്ചു. സ്ട്രീറ്റിൽ യാത്രക്കാരുടെയെല്ലാം നടുവിൽ വെച്ചായിരുന്നു അവളുടെ സാഹസം. താൻ ഈ പ്രൊപ്പോസലിന് മുന്‍കൈ എടുത്തതിനെ ചോദ്യം ചെയ്തവരോട് അവളുടെ മറുപടി ഇങ്ങനെയായിരുന്നു " പ്രൊപ്പോസൽ കാമുകൻമാരുടെ മാത്രം ജോലിയല്ല, നിങ്ങൾക്കാരെയെങ്കിലും ഇഷ്ടമാണെങ്കിൽ മടിക്കാതെ പ്രൊപ്പോസ് ചെയ്യൂ ജീവിതം ആസ്വദിക്കൂ"
ഇതുകണ്ടു പല കാമുകന്‍മാരും തങ്ങളുടെ കാമുകി ഒരു സൈക്കിളെങ്കിലും വാങ്ങി തന്നിരുന്നെങ്കിലെന്ന് നെടുവീർപ്പിടുന്നുണ്ടാകും.