Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിലയിടാൻ വന്ന യുവനേതാവിന് പെൺകുട്ടി കൊടുത്തത് എട്ടിന്റെ പണി!

srilakshmi സ്ത്രീത്വത്തിനു വിലയിട്ട യുവാവിനോട് ശ്രീചിത്ര ഹോമിലോ അഭയയിലോ ഗാന്ധിഭവനിലോ 25000 രൂപ സംഭാവനയായി അടച്ച് രസീത് ഏൽപ്പിക്കാനാണ് ശ്രീലക്ഷ്മി പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. നല്ലൊരു ഫോട്ടോ ഇട്ടാലോ സ്വന്തം ഫോൺ നമ്പർ പങ്കുവച്ചാലോ കുറച്ചു ബോൾഡ് ആയി സംസാരിച്ചാലോ അവൾ കുറ്റക്കാരിയാവുകയായി. ഇത്തരത്തിൽ ഞരമ്പു രോഗവും സദാചാര രോഗവുമായി നടക്കുന്നവർക്കെല്ലാം ഒരു പാഠമാവുകയാണ് സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് പോസ്റ്റ്. തന്റെ വില ചോദിച്ചു വന്ന യുവജന നേതാവിന് ശ്രീലക്ഷ്മി എന്ന പെൺകുട്ടി കൊടുത്ത പണിയാണ് വൈറലായത്.

മറ്റൊന്നുമല്ല സ്ത്രീത്വത്തിനു വിലയിട്ട യുവാവിനോട് ശ്രീചിത്ര ഹോമിലോ അഭയയിലോ ഗാന്ധിഭവനിലോ 25000 രൂപ സംഭാവനയായി അടച്ച് രസീത് ഏൽപ്പിക്കാനാണ് പെൺകുട്ടി പറഞ്ഞത്. തീര്‍ന്നില്ല അഖിലേന്ത്യ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ സ്ഥലത്തെ സെക്രട്ടറി കൂടിയായ യുവാവിനെ പുറത്താക്കിക്കൊണ്ടുള്ള പാർട്ടി മീറ്റിങ്ങിന്റെ മിനിറ്റ്സും അയച്ചു തരണമെന്ന് ഉറപ്പു വാങ്ങി. ശേഷം രസീതിന്റെ ഫോട്ടോ അ‌ടക്കം പങ്കുവച്ച് കിടിലൻ ഒരു പോസ്റ്റും ഇട്ടു. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങൾ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണെന്നു പറഞ്ഞുകൊണ്ടാണ് ശ്രീലക്ഷ്മി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

സംഭവത്തെക്കുറിച്ച് മനോരമ ഓണ്‍ലൈനിനോടു പ്രതികരിക്കുകയാണ് എജ്യുക്കേഷണൽ കണ്‍സൽട്ടന്റും മോട്ടിവേഷണൽ സ്പീക്കറും ആയ ശ്രീലക്ഷ്മി.

''സത്യത്തിൽ ഒരു പബ്ലിസിറ്റിക്കും വേണ്ടിയല്ല ആ ഫേസ്ബുക്ക് പോസ്റ്റിട്ടത്, അതിത്രയ്ക്കും വൈറലാകുമെന്നും കരുതിയതല്ല. രാഷ്ട്രീയ പ്രവർത്തകൻ കൂടി ആയതുകൊണ്ട് പിന്നീട് എങ്ങനെയാകും പ്രതികരിക്കുക എന്നു പറയാൻ പറ്റില്ല. പിന്നീടൊരിക്കൽ ഞാൻ ഈ സംഭവത്തെക്കുറിച്ചു പറഞ്ഞാൽ അന്നെന്തു കൊണ്ടു പ്രതികരിച്ചില്ലെന്നാകും എല്ലാവരും പറയുക. പരാതി കൊടുത്താലും അതങ്ങനെ നീണ്ടു പോകും. അതുകൊണ്ടാണ് സജീവമായ സമൂഹമാധ്യമത്തിൽ തന്നെ ഇത്തരത്തിലുള്ളവരുടെ പൊയ്മുഖം തുറന്നു കാട്ടാൻ തീരുമാനിച്ചത്.

ആദ്യത്തെ കോൾ വരുന്നത് രാത്രി പതിനൊന്നുമണിക്കാണ്. എവിടെയുണ്ട് മൂവായിരം രൂപയ്ക്കു കിട്ടുമോ എന്നാണ് ആദ്യം വന്ന ചോദ്യം. അപ്പോൾ ഞാൻ വിചാരിച്ചത് ട്രെയിനിങ് ക്ലാസുകൾക്കു വേണ്ടിയുള്ള കോൾ വല്ലതും ആയിരിക്കുമെന്നാണ്. ഹോട്ടലിൽ റൂം എടുക്കണോ എവിടെ വരണം എന്നായി അടുത്ത ചോദ്യം. ആരാണെന്നു ചോദിച്ചപ്പോൾ നീ കൂടുതലൊന്നും സംസാരിക്കണ്ട ഇതിനുള്ള മറുപടി തരാൻ പറഞ്ഞു. ഒടുവിൽ ഇരുപത്തി അയ്യായിരം രൂവരെയെത്തി വിലപേശൽ. ശല്യം സഹിക്കവയ്യാതെ വന്നപ്പോൾ ആദ്യത്തെ ഒരുമണിക്കൂർ ഫോൺ ഓഫ് ചെയ്തുവച്ചു, പിന്നെ ഓൺ ചെയ്തപ്പോൾ വാട്സാപ്പിലും തുരുതുരാ അശ്ലീല മെസേജുകൾ. മടുത്തതോടെ തിരിച്ചു വിളിച്ച് ഞാൻ ആരാണെന്നും എന്റെ പദവിയും പറഞ്ഞു കൊടുത്തു.

ഒരുപാട് ക്ഷമ ചോദിച്ച അയാൾ തനിക്ക് ഒരു ഗ്രൂപ്പിൽ നിന്നാണ് എന്റെ നമ്പർ കിട്ടിയതെന്നു പറഞ്ഞു. അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്. ആ നമ്പർ ഇട്ട കക്ഷി എന്റെ നാട്ടിൽ തന്നെയുള്ള ചേച്ചീ എന്നു വിളിച്ചു മാത്രം എന്റെ അടുത്തു വരുന്ന രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ഒരു യുവാവായിരുന്നു. ആദ്യം എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു, അത്രത്തോളം ഞെട്ടി. പിന്നെ കരുതി എനിക്കു വിലയിട്ട ഇരുപത്തി അയ്യായിരം രൂപ അവനെക്കൊണ്ടു അടപ്പിക്കാമ‌ന്ന്.

അവന്റെ അച്ഛനും അമ്മയും രാഷ്ട്രീയപ്രവർത്തകരുമൊക്കെ വന്നുകണ്ട് നിയമപരമായി മുന്നോട്ടു പോകരുതെന്നു പറ‍ഞ്ഞു. വേണമെങ്കിൽ ചേച്ചിയുടെ സ്ഥാനത്തു കണ്ട് ഒന്ന് അടിച്ചോളാനും പറഞ്ഞു, പക്ഷേ അവനെ അടിച്ചാല്‍ എന്റ‌െ കൈ നാറുമ‌െന്നു പറഞ്ഞു. നമ്പർ മനപ്പൂർവം ഇട്ടതല്ലെന്നും കൈതട്ടി അറിയാതെ ഗ്രൂപ്പിലേക്കു പോയതാണെന്നുമാണ് അവൻ പറഞ്ഞത്. അപ്പോൾ സൂപ്പർ സാധനം എന്ന ക്യാപ്ഷനും അറിയാതെ കൈതട്ടി പോയതാണെന്നു പറയുമോ? എന്തായാലും ഇനിയൊരു സ്ത്രീയോടും അവൻ ഇത്തരത്തിൽ പ്രതികരിക്കരുത്, അതിനു വേണ്ടി കൂടിയാണ് ഇങ്ങനെ ചെയ്തത്.''

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

എനിക്ക് വിലയിടാൻ വന്നവന് ഞാൻ കൊടുത്ത പണി ( സ്ത്രീകളുടെ ഫോൺ നമ്പർ കാണുമ്പോൾ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ)
ഈ അടുത്ത ദിവസം അപരിചിതമായ നമ്പറിൽ നിന്ന് എനിക്കൊരു കാൾ വന്നു..എന്നെ അവനു കാണണം ...എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ.. ഫോൺ എടുക്കാതെയായി ...ഫോൺ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി... ആദ്യംഒരു അന്ധാളി പ്പ് തോന്നി... പിന്നെ വന്ന നമ്പറുകളിലൊന്നിൽ ഞാൻ തിരിച്ചു വിളിച്ചു .. ഞാനെന്റെ പ്രൊഫൈൽ അവനെ പറഞ്ഞു മനസ്സിലാക്കി..ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു….അപ്പോഴേക്കും അവൻ പേടി ച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി..അവൻ എന്റെ നമ്പർ കിട്ടിയ വഴി പറഞ്ഞു..എന്റെ നാട്ടുകാരനായ ഒരു “ മോൻ” എന്റെ നമ്പർ ഒരു ഗ്രൂപ്പിൽ ഇട്ടു ..സൂപ്പർ സാധനമാണ് എന്ന അടിക്കുറിപ്പോടെ…ഗ്രൂപ്പിൽ നിന്ന് ഉടൻ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു…സ്ക്രീൻ ഷോട്ടും അയച്ചു തന്നു…എന്റെ നാട്ടുകാരനായ …എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ …എന്നെ കാണുമ്പോ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോൻ …കേസ് കൊടുക്കാൻ ഞാൻ തീരു മാനിച്ചു.. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവർത്തകർ എന്നെ വിളിച്ചു…അന്നേരം ആണ് ഈ പൊന്നുമോൻ പാർട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാൻ അറിയുന്നത്.. ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസൻമാരേയും ആണോ പാർട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച "പൊന്നും കുടത്തിനെ "പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നും ഞാൻ പറഞ്ഞു…ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാൻ. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേ യോ മുറിവേൽപ്പിച്ചിട്ടില്ല... ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിയ്ക്കാൻ പോയിട്ട്... വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാൻ

പോലും ഞാൻ അനുവദിക്കില്ല... നിയമപരമായി ഞാൻ മുന്നോട്ടു നീങ്ങാൻ ഉറപ്പിച്ചു..എന്നാൽ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛൻ എന്റെ വീട്ടിൽ വന്നു എന്നോട് ക്ഷമ പറഞ്ഞു …കാലു പിടിക്കാൻ പോലും ആ അച്ഛൻ തയ്യാറായി.. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല..അതുകൊണ്ട് ഞാൻ compromise ണ് തയ്യാറായി… എന്നാൽ എന്റെ സ്‌ത്രീത്വ ത്തിന് വിലയിട്ടവന് മുഖമടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി ..പക്ഷെ അത് കൊണ്ട് ആർക്കു എന്ത് പ്രയോജനം….അതിനാൽ ഞാൻ ഒരു പ്രതിവിധി കണ്ടു
എന്നെ അപമാനിക്കാൻ ശ്രമിച്ച പൊന്നു മോനോട് ഞാൻ പറഞ്ഞു... " എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്ര ഹോമിലോ, ഗാന്ധിഭവനിലോ 25,000/- രൂപ ജ ..........ൻ എന്ന നിന്റെ പേരിൽ സംഭവന നൽകി രസീത് എന്നെ ഏൽപ്പിക്കണം .. അല്ലെങ്കിൽ ഞാൻ നിയമനടപടികളുമായി മുന്നോട്ടു പോകും"
മകൻ ജയിലിൽ കിടക്കാതിരിക്കാൻ അവന്റെ അച്ഛൻ... മറ്റു മാർഗ്ഗങ്ങൾ ഒന്നും ഇല്ലാന്ന് കണ്ടപ്പോൾ എന്റെ ഡിമാന്റ് അംഗീകരിച്ചു..

"ഇന്നവൻ ശ്രീ ചിത്ര ഹോമിൽ 25,000 രൂപ സംഭാവനയായി അടച്ചു.. " ഇതു കൊണ്ടെങ്കിലും അവൻ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ.... എന്നു കരുതി പേര് പറഞ്ഞ് ഞാൻ നാണം കെടുത്തുന്നില്ല... എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്.. ഇതു ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.. ഇതിന്റെ പേരിൽ ഉഡായിപ്പുമായി ഇറങ്ങിയാൽ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല
ശ്രീചിത്ര ഹോമിന് സംഭാവന നൽകിയ 25000/- രൂപയുടെ രസീതും ഞാൻ നിങ്ങൾക്ക് മുന്നിൽ വയ്ക്കുന്നു..പാർട്ടിയിൽ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാർട്ടി മീറ്റിംഗിന്റെ മിനിറ്റ്സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്..

NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാർട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കിൽ പാർട്ടിയ്‌ക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകൾ നമുക്ക് കേൾക്കാം. അല്ലേൽ കാണാം.. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്... ക്രിമിനൽ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാൾ പാർട്ടി കൊണ്ടു നടന്നതു തന്നെ തീർത്തും അപഹാസ്യമാണ്... സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങൾ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്