ജലം കൊണ്ട് മുറിവേറ്റത് എനിക്കാണ് !

ദീപാ നിശാന്ത്

മാസങ്ങളുടെ കണക്കുകൾ എടുത്താൽ ആറു പതിപ്പുകൾ, സോഷ്യൽ മീഡിയയുടെ സ്നേഹം, വിവാദങ്ങൾ നിരവധിയുണ്ടെങ്കിലും കൂടെയുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ പിന്തുണ , ദീപാ നിശാന്ത് എന്ന ദീപ ടീച്ചറിനെ കുറിച്ച് പറയുവാൻ ആണെങ്കിൽ ഇതിലുമേറെയുണ്ട്. ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഒറ്റ ലേഖനം കൊണ്ട് സോഷ്യൽ മീഡിയയിൽ തന്റേതായ എഴുത്തിടങ്ങൾ ഒരുക്കാൻ ദീപ ടീച്ചർക്ക് കഴിഞ്ഞു എന്നതിൽ അതിശയമില്ലെന്ന് അവരുടെ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ" എന്ന പുസ്തകത്തിലെ എല്ലാ എഴുത്തുകളും പറഞ്ഞു തരും. അന്യായം, അത് സ്വയം വിശ്വസിയ്ക്കുന്ന പാർട്ടിയുടെ ഘടകം കാണിച്ചാൽ പോലും പ്രതികരിയ്ക്കാനുള്ള ബാധ്യത തനിയ്ക്കുണ്ടെന്നു പോലും ധൈര്യസമേതം തെളിയിച്ച ദീപ ടീച്ചർക്ക് അതുകൊണ്ട് തന്നെ വായനക്കാരും സ്നേഹിതരും കക്ഷി രാഷ്ട്രീയത്തിനും ഒക്കെ അപ്പുറമാണ്. അതിൽ യുവാക്കളുണ്ട്, കുട്ടികളുണ്ട്, മുതിർന്നവരുണ്ട്... തൃശ്ശൂർ കേരളവർമ്മ കോളേജിലെ പ്രൊഫസറായ ദീപ ടീച്ചറെ തങ്ങളുടെ അധ്യാപികയായി ലഭിക്കാത്തതിൽ വിഷമം ഉള്ളവർ പോലും ടീച്ചറുടെ പുസ്തകം വാങ്ങിച്ചു ദീപാ നിശാന്തിലെ അധ്യാപികയെ മനസ്സ് കൊണ്ട് തങ്ങളുടെ സ്വന്തമാക്കുന്നു. വായനക്കാരന്റെ മനസ്സ് പിടിച്ചു വാങ്ങുന്ന അപൂർവ്വ എഴുത്ത് മന്ത്രം എപ്പോഴോ സ്വന്തമായി നേടിയെടുത്ത ദീപ ടീച്ചർക്ക് എല്ലാ വിഷയങ്ങളിലും അഭിപ്രായവുമുണ്ട്. ദീപാ നിശാന്ത് സംസാരിയ്ക്കുന്നു ..

ദീപാ നിശാന്ത് എന്ന എഴുത്തുകാരിയെ കുറിച്ച് ?

എഴുത്തുകാരിയെക്കുറിച്ച് പറയേണ്ടതും വിലയിരുത്തേണ്ടതും വായനക്കാരാണ് .അതിൽ അഭിപ്രായമൊന്നും പറയാനില്ല. എഴുത്തുകാരി രൂപപ്പെട്ട സാഹചര്യത്തെക്കുറിച്ചാണെങ്കിൽ അത് പറയാൻ ഒരുപാടുണ്ട്.പലരുടേയും സ്നേഹവും പിന്തുണയുമുണ്ട്. അത് തീർച്ചയായും കുടുംബ സാഹചര്യങ്ങളിൽ നിന്നല്ല. എഴുത്ത് പാരമ്പര്യമായി ലഭിച്ച വരദാനവുമല്ല. അനുഭവങ്ങളാണ് എഴുത്ത്. ആ അനുഭവങ്ങളില്ലെങ്കിൽ ദീപാ നിശാന്ത് എന്ന എഴുത്തുകാരിയുമില്ല.

വളരെ രസമുള്ള ഭാഷയിൽ മധുരമേറിയതാണ് കുറിപ്പുകൾ ഒക്കെയും ഈ ഭാഷയോടും എഴുത്തിനോടും കടപ്പാട്?

അനുഭവങ്ങളോടു തന്നെ. ആ അനുഭവങ്ങൾ സത്യസന്ധമായി പകർത്തി. മറ്റുള്ളവരെ നിരീക്ഷിക്കാൻ എനിക്കിഷ്ടമാണ്. ആ നിരീക്ഷണം എഴുത്തിനെ സഹായിച്ചിട്ടുണ്ട്. പിന്നെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് കടപ്പാടുണ്ട്. കാരണം പ്രിൻറഡ് മീഡിയ ഏറ്റെടുക്കുന്നതിനും എത്രയോ മുമ്പേ അവർ ഭൂതകാലക്കുളിരിനെ ഏറ്റെടുത്തു. ആ ആത്മവിശ്വാസം തുറന്നെഴുത്തിനെ സഹായിച്ചിട്ടുണ്ട്

ദീപാ നിശാന്ത്

കുന്നോളം ഉണ്ടല്ലോ ഭൂതകാല കുളിർ 6ാമത്തെ പതിപ്പിലെയ്ക്ക് എത്തിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇത്രയധികം സൗഹൃദങ്ങള കൂട്ടായി നിൽക്കുമെന്ന് കരുതിയിരുന്നോ?

ഒരിക്കലും കരുതിയിട്ടില്ല. ആഴമേറിയ സൗഹൃദങ്ങൾ ഫേസ്ബുക്കിലുണ്ട്. അവരൊക്കെ പ്രതിസന്ധി ഘട്ടങ്ങളിൽ തന്നിട്ടുള്ള ഊർജ്ജം വളരെ വലുതാണ്. ഒരു പക്ഷേ പരസ്പരം കാണുമോ എന്നു പോലും നിശ്ചയമില്ലാത്തവരാണ് അവരിൽ പലരും. പക്ഷേ അവരുടെ സ്നേഹം അത്ഭുതപ്പെടുത്തുന്നതാണ്.

സോഷ്യൽ മീഡിയയുടെ രാഷ്ട്രീയം നാം കാണുന്ന പൊതു രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമാണെന്ന് തോന്നിയിട്ടുണ്ടോ?

പൊതു രാഷ്ട്രീയത്തേക്കാൾ അഭിപ്രായ സ്വാതന്ത്ര്യം ഉള്ളത് സോഷ്യൽ മീഡിയയിലാണെന്ന് തോന്നിയിട്ടുണ്ട്. പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ചെയ്തു വരുന്ന കാര്യങ്ങൾ കുറേക്കൂടി ഇഫക്ടീവായി ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ നടക്കുന്നതായി തോന്നിയിട്ടുണ്ട്. സമീപകാലത്തെ പല സമരങ്ങളും വിജയിക്കാൻ സോഷ്യൽ മീഡിയ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കാണി മാത്രമായിരുന്ന പൊതുജനത്തിന് ഇടപെടാനുള്ള ഒരിടം കൂടിയാണത്. മുഖം നോക്കാതെയുള്ള വിമർശനം അവിടെ നടക്കുന്നുണ്ട്. മുഖ്യധാരാ മാധ്യമങ്ങൾ പോലും മുഖം തിരിച്ചു നിന്ന നിരവധി സാമൂഹിക വിഷയങ്ങൾ ഉയർത്തിക്കാട്ടാനും പരിഹരിക്കാനും സോഷ്യൽ മീഡിയ ഒരു പ്രധാന ഘടകമായിട്ടുണ്ട്.

ദീപാ നിശാന്ത്

ബീഫ് ഫെസ്റ്റിൽ പരാമർശങ്ങൾ നടത്തിയാണ് വിവാദങ്ങളിലേയ്ക്ക് കടന്നു കയറുന്നത്. ആ സമയത്തെ അനുഭവങ്ങൾ?

ഒരുപാടനുഭവങ്ങളുണ്ട്. അനുഭവങ്ങളെ നല്ലതെന്നോ ചീത്തയെന്നോ വേർതിരിക്കാതെ ഭൂതകാലക്കുളിരായി നെഞ്ചേറ്റുന്നു. ഓർമ്മകളുടെ മൊത്തക്കച്ചവടക്കാരിക്ക് എല്ലാം അനുഗ്രഹങ്ങളാണ്. വൈവിധ്യമാർന്ന അനുഭവങ്ങൾ തരാനാണ് പ്രാർത്ഥന

ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു കുറിപ്പ് മറ്റാരോ എഴുതിയതാണോ എന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നിരുന്നു. അതിനെ എങ്ങനെ അതിജീവിക്കാൻ കഴിഞ്ഞു?

അതിജീവിക്കേണ്ട ആവശ്യം വന്നിട്ടേയില്ല. എന്നെ വായിക്കുന്ന, അറിയുന്ന ഒരാളും അത് വിശ്വസിക്കുകയില്ലെന്ന് ഉറപ്പുണ്ടായിരുന്നു. ഈ " മറ്റാരോ "വിനോട് ഇനിയും എനിക്ക് കോപ്പിയടിക്കാൻ പാകത്തിൽ കുറിപ്പുകളെഴുതണമെന്ന് ആവശ്യപ്പെട്ടിരുന്നു ഞാനന്ന്. ജലം കൊണ്ട് മുറിവേറ്റത് എനിക്കാണ്. അതൊരു വെറും കുറിപ്പല്ല. വികാരമാണ്. വികാരത്തെ കോപ്പിയടിക്കാൻ എങ്ങനെയാണ് കഴിയുക? എന്റെ എഴുത്ത് എന്റെ അനുഭവങ്ങളാണ്. മറ്റാർക്കും സ്വന്തമാക്കാനാവാത്ത എന്റെ വൈകാരികതയാണ്.

ദീപാ നിശാന്ത്

എന്താണ് കൃത്യമായ രാഷ്ട്രീയ നിലപാട്?

ഇടതുപക്ഷാഭിമുഖ്യമുണ്ട്. അന്ധമായ വിധേയത്വം ഒന്നിനോടുമില്ല.

ജെ എൻ യു വിഷയത്തിൽ ഒരു അധ്യാപിക എന്ന നിലയിൽ പ്രതികരിക്കേണ്ടതല്ലേ?

ഒരു ജനാധിപത്യ രാജ്യത്തിൽ ഏതെങ്കിലുമൊരു  രാഷ്ട്രീയ പക്ഷത്തിന്റെ ഔദാര്യമല്ല വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യം. ഭരണകൂടചെയ്തികളോടുള്ള യോജിപ്പുകൾ തുറന്നു പറയുന്നതു മാത്രമാണ് ഒരു ജനാധിപത്യ രാഷ്ട്രത്തിൽ പൗരന്റെ സ്വാതന്ത്ര്യമെന്ന വിശ്വാസവും എനിക്കില്ല. വിയോജിപ്പുകൾ തുറന്നു പറയാനുള്ള ബഹുസ്വരതയുടെ ഇടം കൂടിയായിരിക്കണം ജനാധിപത്യ രാഷ്ട്രം .ജെ.എൻ.യു. ഒരു ജനാധിപത്യ രാഷ്ടത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. അവിടെയുള്ളവർ തീർച്ചയായും ചിന്താശേഷിയും പ്രതികരണ ശേഷിയുമുള്ളവരാണ്. ബഹുസ്വരതകളെയെല്ലാം സംഘബലവും നിയമങ്ങളുമുപയോഗിച്ച് അടിച്ചമർത്താനുള്ള ശ്രമങ്ങൾ ജനാധിപത്യ സ്വഭാവത്തിന് ചേരുന്നതല്ല.ഒരു ചെറിയ വിഭാഗം നടത്തിയ പ്രവൃത്തിയെ ദേശവിരുദ്ധ വ്യവഹാരത്തിലുൾപ്പെടുത്തി രാജ്യത്തിൻ്റെ അഭിമാനമായ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ തകർക്കാനും വരുതിക്കു കീഴിലാക്കാനും ശ്രമിക്കുന്നത് ഒട്ടും ആശാസ്യമല്ല."ദേശസ്നേഹം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ് " എന്ന സാമുവൽ ജോൺസൻ്റെ വാക്കുകൾ ഓർക്കുന്നു. എന്തിനെയും ന്യായീകരിക്കുന്നത് ദേശസ്നേഹം, ദേശദ്രോഹം എന്ന രണ്ട് വാക്കുകൾ മാറി മാറി പ്രയോഗിച്ചാണല്ലോ. അടിയന്തിരാവസ്ഥക്കാലത്തെ അനുസ്മരിക്കുന്ന വിധത്തിൽ തന്നെയാണ് ഇന്ന് ജെ.എൻ.യു.പോലുളള കാമ്പസുകൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ജെ.എൻ.യു എന്നത് തീവ്രഹിന്ദുത്വവാദികളുടെ കണ്ണിൽ എക്കാലത്തെയും വലിയ കരടായിരുന്നു. അതടച്ചു പൂട്ടിയാലേ നാടു നന്നാവൂ എന്നൊക്കെ വിളിച്ചു പറയുന്നവർ ഏതുതരം നല്ല നാടാണ് ഉണ്ടാക്കാൻ പോകുന്നത്? ഇതേ ആളുകൾ തന്നെയാണ് ദേവാലയങ്ങൾ അടക്കൂ, വിദ്യാലയങ്ങൾ തുറക്കൂ എന്ന് പറഞ്ഞ ആദരണീയവ്യക്തിയെ പൂജിക്കുന്നതും എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു. വിയോജിപ്പുകളേയും ഭിന്നസ്വരങ്ങളേയും ബലം പ്രയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ച ചരിത്രങ്ങളെല്ലാം പരാജയപ്പെട്ടിട്ടേ ഉള്ളൂ. കുറേപ്പേരുടെ അസഹിഷ്ണുതകളിൽ നിന്നും സൃഷ്ടിക്കപെടുന്ന മാനദണ്ഡപ്രകാരമാണ് ദേശസ്നേഹം അളക്കുന്നതെങ്കിൽ രാജ്യത്ത് ദേശദ്രോഹികൾ നിറയും. ചിന്തിക്കുന്ന ജനവിഭാഗങ്ങളെ മുഴുവൻ  ജയിലിലിടേണ്ടി വരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടി ജയിലുകൾ തുറക്കേണ്ടിയും വരും.

ദീപാ നിശാന്ത്

പുസ്തകത്തിന്റെ റോയൽട്ടി ഒരു നന്മയ്ക്കായി ആണല്ലോ ഉപയോഗിക്കുന്നത്?

ഭാനുമതി ടീച്ചർ നടത്തുന്ന അംഹ എന്ന സ്ഥാപനത്തിനാണ് റോയൽട്ടി നൽകിയത്. നേരത്തെ തീരുമാനിച്ചതാണ് .എഴുതി കിട്ടുന്ന പൈസ ഇതു പോലെ എന്തെങ്കിലും നല്ല കാര്യങ്ങൾക്കു വേണ്ടി ചിലവഴിക്കണം എന്നാണാഗ്രഹം.

ചിത്രങ്ങൾക്ക് കടപ്പാട്: ഫേസ്ബുക്ക്