ഈ വീട്ടമ്മയ്ക്ക് അടുക്കളയിൽനിന്ന് എന്നും ആയിരം രൂപ വരുമാനം

ഭർത്താവിന്റെ അപ്രതീക്ഷിത മരണം, കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയപ്പോൾ, പതറിപ്പോകാതെ മുന്നോട്ടുപോകാൻ തീരുമാനിച്ച ജമീല ഇന്നു ദിവസം സമ്പാദിക്കുന്നത് ആയിരം രൂപയോളം അതും സ്വന്തം അടുക്കളയിൽനിന്ന്. ആകെ അറിയാവുന്ന ജോലി നന്നായി പാചകം ചെയ്യുകയാണ്. കൈപ്പുണ്യത്തിനു ചെറിയൊരു വരുമാനം ഉണ്ടാക്കിത്തരാൻ സാധിച്ചേക്കും എന്ന കണക്കുകൂട്ടൽ പിഴച്ചില്ല. ഭർത്താവിന്റെ മരണശേഷം 8000 രൂപ ചെലവാക്കി നാലു ബർണറുകളുള്ള ഒരു ഗ്യാസടുപ്പു വാങ്ങി. തുടർന്നു പത്തിരിയും വെള്ളയപ്പവും ഉണ്ടാക്കി വിൽപന തുടങ്ങി. തൊഴിലാളികൾ ഏറെയുള്ള കൺസ്ട്രക്‌ഷൻ സൈറ്റുകളിലാണു വിൽപന ആരംഭിച്ചത്.

അതു പെട്ടെന്നു ക്ലിക്കായി. ആവശ്യക്കാർ ഏറി വന്നു. ഫ്ളാറ്റുകൾ പോലെയുള്ള വലിയ കെട്ടിട സമുച്ചയങ്ങളുടെ കൺസ്ട്രക്‌ഷന്‍ സൈറ്റിൽ ദിവസം അൻപതും അറുപതും ജോലിക്കാരുണ്ടാവും, പലരും പത്തു പത്തിരി വരെ വാങ്ങാറുണ്ട്. അതിരാവിലെ എഴുന്നേറ്റു പത്തിരിയും വെള്ളയപ്പവും ഉണ്ടാക്കും, രാവിലെ പത്തു മണിയോടെ കടകളിലും കൺസ്ട്രക്‌ഷന്‍ സൈറ്റുകളിലും വിതരണം ചെയ്യും.

തൃശൂർ എടത്തിരിഞ്ഞിയിലെ ജമീലയുടെ അടുക്കളയിൽ ഇന്നു ദിവസം 500 പത്തിരിയും, അത്ര തന്നെ അപ്പവും ഉണ്ടാക്കുന്നുണ്ട്. ദിവസം 20 കിലോ അരിപ്പൊടിയാണു വേണ്ടിവരുന്നത്. ഒരു പത്തിരിക്കു മൂന്നുരൂപ വച്ചായിരുന്നു ഈടാക്കിക്കൊണ്ടിരുന്നത്. ഒറ്റയാൾ പട്ടാളമായതിനാൽ ഒാർഡറനുസരിച്ച് ഉണ്ടാക്കി നൽകാൻ പറ്റാത്ത അവസ്ഥയാണ്. ബിരിയാണിയും മറ്റ് വിഭവങ്ങളും ഓർഡർ അനുസരിച്ച് ചെയ്യ്‍‌തു കൊടുത്ത് ബിസിനസ് വിപുലപ്പെടുത്താനുള്ള പദ്ധതിയിലാണു ജമീല.