മധുവിധു തീരും മുൻപേ തിരിച്ചറിഞ്ഞു മെർലിന്റെ യാത്ര മരണത്തിലേക്ക്

നവീനും ഭാര്യ മെർലിനും

ജീവിതത്തിലെ ഓരോ നിമിഷങ്ങളും അറിഞ്ഞു ജീവിക്കുക. വിഷമങ്ങളിൽ തളരാതെ കുഞ്ഞു കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്തി ഈശ്വരൻ നൽകിയ മനോഹരമായ ജീവിതം മതിയാവോളം ആസ്വദിക്കുക... മെർലിന് കുഞ്ഞുനാളിൽ അച്ഛൻ പകർന്നുനൽകിയ പാഠമാണിത്. അച്ഛന്റെ വാക്കുകൾ അനുഗ്രഹം പോലെ ആ പെൺകുട്ടി ഏറ്റെടുത്തു. മുതിർന്നപ്പോൾ അവളുടെ ഉള്ളിൽ കരുത്തുറ്റ വ്യക്തിത്വം വളർന്നുവന്നു. വിഷമിച്ചോ എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടോ മെർലിനെ ആരും കണ്ടിട്ടില്ല. എല്ലാ വേദനകളും ചെറു പുഞ്ചിരിയിൽ ഒതുക്കിയ ആ പെൺകുട്ടി കൂട്ടുകാർക്കെല്ലാം റോൾ മോഡൽ ആയിരുന്നു.

എല്ലാ പെൺകുട്ടികളെയും പോലെ അവളും ഒരുനാൾ വിവാഹിതയായി. നാഗർകോവിൽ സ്വദേശിയായ ജോൺ നവീനിന്റെ ഭാര്യയായി അവളെത്തി. 2012 ഡിസംബറിലായിരുന്നു വിവാഹം, ശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് ചേക്കേറി. സന്തോഷം മാത്രം നിറഞ്ഞ ദിനങ്ങൾ... ചെറിയ കാര്യങ്ങളിൽ തൊട്ടു വലിയ കാര്യങ്ങളിൽ വരെ മെർലിൻ ജോണിന്റെ ഉത്തമ പങ്കാളിയായി. എന്നാൽ അവരുടെ സന്തോഷങ്ങൾക്ക് വെറും രണ്ടുമാസത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. മധുവിധുവിന്റെ ദിനങ്ങളിൽ അവർക്കിടയിലേക്ക് വില്ലന്റെ കുപ്പായമണിഞ്ഞ് ഒരു അതിഥിയെത്തി. 2013 മാർച്ചിലാണ് മെർലിന്‌ ബ്ലഡ് കാൻസറായിരുന്നെന്ന് തിരിച്ചറിയുന്നത്. തുടർന്ന് നാലു വർഷത്തോളം ചികിത്സയുടെ നാളുകൾ... കീമോയുടെ തീവ്ര വേദനയിലും മെർലിൻ പുഞ്ചിരിച്ചു. തന്നെ സ്നേഹിക്കുന്നവരെ കൂടുതൽ സ്നേഹിക്കാനും സന്തോഷിപ്പിക്കാനും ശ്രമിച്ചു. ഒടുവിൽ നല്ല മനസ്സുള്ളവരെ ദൈവം നേരത്തെ വിളിക്കും എന്ന് പറയാറുള്ളത് മെർലിന്റെ കാര്യത്തിലും സത്യമായി. 2016 ഒക്ടോബർ 16ന് അവൾ പ്രിയപ്പെട്ടവർക്ക് സുഖമുള്ള ഓർമ്മകൾ മാത്രം സമ്മാനിച്ച് യാത്രയായി.

ഭർത്താവായ ജോണിന് മെർലിൻ വെറും ഭാര്യ മാത്രമായിരുന്നില്ല. ഉറ്റതോഴിയും വഴികാട്ടിയും മകളും അങ്ങനെ എല്ലാമായിരുന്നു. ഭാര്യയുടെ വിയോഗത്തെ തുടർന്ന് ജോൺ ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റ് പെട്ടെന്ന് വൈറലായി. അങ്ങനെ മെർലിനെ അറിയാത്തവർ പോലും അവളെ ഇഷ്ടപ്പെട്ടു തുടങ്ങി. വനിതാ ഓൺലൈനുമായി മെർലിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്‌ക്കുകയാണ് ജോൺ നവീൻ...

മധുവിധുവിന്റെ ദിനങ്ങളിൽ അവർക്കിടയിലേക്ക് വില്ലന്റെ കുപ്പായമണിഞ്ഞ് ഒരു അതിഥിയെത്തി. 2013 മാർച്ചിലാണ് മെർലിന്‌ ബ്ലഡ് കാൻസറായിരുന്നെന്ന് തിരിച്ചറിയുന്നത്.

എല്ലാം ഒരു സൂപ്പർ ഗേൾ കാരണമാണ്, എന്റെ ഭാര്യ...

മെർലിൻ വളരെ പോസിറ്റീവായ വ്യക്തിയാണ്. ആളുകളെ എങ്ങനെ സ്നേഹിക്കണമെന്നും കൊച്ചു കാര്യങ്ങളിൽ എങ്ങനെ സന്തോഷിക്കണമെന്നും അവൾ പഠിപ്പിച്ചുതന്നു. വിവാഹം കഴിഞ്ഞു രണ്ടാമത്തെ മാസം മെർലിന്‌ അപ്ലാസ്റ്റിക് അനീമിയയാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ആകെ തകർന്നുപോയിരുന്നു. എങ്ങനെ ഇത് സ്വീകരിക്കണമെന്നും എന്തു ചെയ്യണമെന്നും അറിയാൻ വയ്യാത്ത അവസ്ഥ. എന്നാൽ മെർലിന്റെ ആറ്റിട്യൂഡ് ഏറെ വ്യത്യസ്തമായിരുന്നു. ആ കാലഘട്ടത്തിൽ എന്തുകൊണ്ട് എനിക്കീ രോഗം വന്നു എന്ന് ചോദിക്കാതെ അപ്പോഴും അവൾ മറ്റുള്ളവരെ കുറിച്ചായിരുന്നു ചിന്തിച്ചത്.

ആഴ്ചകളിലുള്ള ചെക്കപ്പിന് പോകുമ്പോൾ അവൾ ചോക്ലേറ്റുകളും കുക്കീസുമെല്ലാം കയ്യിൽ കരുതുമായിരുന്നു. ഇതെല്ലാം അവിടെ വന്നിട്ടുള്ള മറ്റു രോഗികൾക്ക് വീതിച്ചു നൽകുന്നതിലായിരുന്നു മെർലിന്റെ സന്തോഷം. ചെറിയ കാര്യങ്ങളിൽ പോലും അവൾ മറ്റുള്ളവരെ പ്രശംസിച്ചു സംസാരിക്കും. ആശുപത്രിയിൽ ട്രീറ്റ്മെന്റിന് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പേഷ്യന്റ് മെർലിൻ ആയിരുന്നു. എല്ലായ്‌പ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കണ്ടിട്ടുള്ള മെർലിനെ ഇപ്പോഴും അവരെല്ലാം ഓർക്കാറുണ്ട്.

നമ്മുടെ സന്തോഷങ്ങളാണ് മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ടത് എന്നാണ് മെർലിൻ പറയാറ്. അല്ലാതെ പരാതികളും സങ്കടങ്ങളുമല്ല. ദൈവത്തിനു മുന്നിൽ എല്ലാവരും സമന്മാരാണ്. ആർക്കും കൂടുതലോ കുറവോ അനുഗ്രഹങ്ങൾ നൽകി വേർതിരിക്കാറില്ല. ഓരോരുത്തരുടെയും ഉള്ളിൽ തന്നെയാണ് ദൈവമെന്നും നമ്മുടെ പ്രവർത്തികളിലൂടെയാണ് അത് പ്രകടമാവുന്നതെന്നും അവൾ വിശ്വസിക്കുന്നു. രോഗിയായിരിക്കുമ്പോൾ തന്നെയാണ് അവയവ ദാനത്തിനു വേണ്ടിയുള്ള സമ്മതപത്രത്തിൽ അവൾ ഒപ്പിടുന്നത്. പിന്നീട് കാൻസർ ബാധിച്ച കുഞ്ഞുങ്ങൾക്ക് വേണ്ടി അവളുടെ മുടി ദാനം ചെയ്തു. കണ്ണിലെ കോർണിയ ദാനം നൽകി. അന്ന് അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും കൂട്ടുനിൽക്കുകയായിരുന്നു ഞാൻ ചെയ്തത്.

ചികിത്സയുടെ ഭാഗമായി നാല് വർഷത്തോളം മെർലിന് രക്തം മാറ്റി നൽകിയിരുന്നു. അവൾ ട്രീറ്റ്മെന്റിലാണെന്ന് സുഹൃത്തുക്കൾക്ക് പോലും അറിയില്ലായിരുന്നു. ഒരിക്കൽ അവളെന്നോട് ചോദിച്ചു എല്ലാ ആഴ്ചയും എനിക്കുവേണ്ടി രക്തം ദാനം ചെയ്യുന്നവർ ആരെല്ലാമാണെന്ന്. ഇങ്ങനെ ചെയ്യുന്നതിൽ അവർക്കെന്താണ് ലാഭമെന്നും... പിന്നീട് അവളെന്നോട് ആവശ്യപ്പെട്ടു, ഇതുപോലെ മറ്റുള്ളവർക്ക് വേണ്ടി ജോണിനും രക്തം ദാനം ചെയ്തൂടെ എന്ന്. അവളുടെ സന്തോഷമായിരുന്നു എനിക്ക് എല്ലാത്തിലും വലുത്. ഈ സംഭവത്തിന് ശേഷം മൂന്നു മാസം കൂടുമ്പോൾ ഞാൻ രക്തം ദാനം ചെയ്തുതുടങ്ങി. തുടർന്ന് എന്റെ സ്റ്റം സെൽ, അവയവങ്ങൾ എന്നിവ ദാനം ചെയ്തു. ഇതെല്ലാം എനിക്ക് സാധിച്ചത് ഒരു സൂപ്പർ ഗേൾ കാരണമാണ്, എന്റെ ഭാര്യ.

നിലയ്ക്കാത്ത മഴ പോലെയാണ്, സ്നേഹം...

പലരും ചോദിക്കാറുണ്ട് കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ ഒന്നും പിന്തുണ ആവശ്യപ്പെടാറില്ലല്ലോ എന്ന്. എന്റെ കൂടെ മെർലിൻ ഉണ്ട്. അതുകൊണ്ടുതന്നെ മറ്റാരുടെയും പിന്തുണ വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല. അവളെ സ്നേഹിക്കാനും സംരക്ഷിക്കാനും ബഹുമാനിക്കാനുമെല്ലാം കിട്ടിയ അവസരം ഞാനൊരിക്കലും പാഴാക്കിയിട്ടില്ല. നിലയ്ക്കാത്ത മഴ പോലെയായിരുന്നു ഞങ്ങളുടെ സ്നേഹം, അതെപ്പോഴും തോരാതെ പെയ്തുകൊണ്ടിരിക്കും.

മെർലിൻ വളരെ പോസിറ്റീവായ വ്യക്തിയാണ്. ആളുകളെ എങ്ങനെ സ്നേഹിക്കണമെന്നും കൊച്ചു കാര്യങ്ങളിൽ എങ്ങനെ സന്തോഷിക്കണമെന്നും അവൾ പഠിപ്പിച്ചുതന്നു.

മെർലിൻ ആശുപത്രിയിൽ ആയിരുന്നപ്പോൾ ധാരാളം സുഹൃത്തുക്കൾ കാണാൻ വരുമായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലുമെല്ലാം അവളുടെ സുഹൃത്തുക്കളായിരുന്നവർ. അപ്പോഴും അവർക്ക് അവളോടുള്ള സ്നേഹത്തിനു ഒരു കുറവുമില്ലായിരുന്നു. മറ്റുള്ളവരിൽ എത്രത്തോളം സ്വാധീനം ചെലുത്തിയാണ് അവൾ കടന്നുപോയതെന്ന് എനിക്ക് മനസിലായത് അന്നാണ്. നെഗറ്റീവുകളെ കുറിച്ച് ചിന്തിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നില്ല. നമ്മിലൂടെയാണ് ഈശ്വരൻ സമൂഹത്തെ തിരിച്ചറിയുന്നതെന്നാണ് മെർലിന്റെ വിശ്വാസം.

മെർലിൻ പോയ ശേഷം ചടങ്ങുകൾക്കെത്തിയ സുഹൃത്തുക്കൾ പറഞ്ഞത് അവളുടെ എന്നും ചിരിച്ച മുഖം മറക്കാൻ കഴിയുന്നില്ല എന്നാണ്, അതവരെ ഒരുപാട് വേദനിപ്പിക്കുന്നു എന്നും. അവളില്ല എന്ന് ചിന്തിക്കുമ്പോൾ എനിക്ക് മരിക്കാനാണ് തോന്നാറ്, എന്നാൽ ജീവിക്കാനുള്ള ധൈര്യം പകരുന്നത് അവളുടെ പുഞ്ചിരിയും. പറഞ്ഞറിയിക്കാൻ കഴിയാത്ത വിധം ഞങ്ങൾ അനുഭവിച്ച വേദന അത്രയ്ക്ക് കഠിനമായിരുന്നു. എന്നിട്ടും മെർലിൻ നൽകിയ പ്രതീക്ഷ, ധൈര്യം... എന്റെ നിഘണ്ടുവിൽ മെർലിൻ എന്ന പേരിനു തന്നെ മുന്നോട്ടു പോകുക എന്നാണ് അർഥം. അവയവ ദാനവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാനാണ് എന്റെ തീരുമാനം. ഇതിനു താല്പര്യമുള്ളവർക്ക് എല്ലാ സഹായങ്ങളും എന്റെ ഭാഗത്തുനിന്നുണ്ടാകും.

വിവാഹശേഷം ഭാര്യയുമൊത്തുള്ള ഒരോ നിമിഷങ്ങളും ആസ്വദിക്കാനുള്ളതാണ്. നിസ്സാര കാര്യങ്ങൾക്ക് പോലും ഭാര്യയെ കുറ്റപ്പെടുത്തുന്നവർ ചിന്തിക്കേണ്ട കാര്യം ഇതാണ്. സ്ത്രീകളെ ബഹുമാനിക്കണം. കാരണം മെർലിൻ അനുഭവിച്ച വേദന ഞാൻ നേരിട്ട് കണ്ടതാണ്. സ്ത്രീകൾ ശാരീരികമായും മാനസികമായെല്ലാം ഒട്ടേറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരാണ്. അനവസരത്തിലുള്ള ചെറിയൊരു തമാശ കൊണ്ടുപോലും അവരെ വേദനിപ്പിക്കരുത്. ഞാനെന്റെ സുഹൃത്തുക്കളോട് പറയാറുണ്ട് ഭാര്യയെ കളിയാക്കിയുള്ള തമാശകൾ സോഷ്യൽ മീഡിയയിലൂടെ പ്രോത്സാഹിപ്പിക്കരുത് എന്ന്.