അന്നു വിരൂപയെന്നു വിളിപ്പേര്, ഇന്നു സുന്ദരിമാർ പുറകെ !

മാരിമാർ ക്യുറോവ

ജീവിതം എന്തൊക്കെ വെല്ലുവിളികൾ മുന്നോട്ടു വച്ചാലും ധീരതയോടെ വിജയിച്ചു കാണിക്കുമെന്നു നിശ്ചയിച്ചു നീങ്ങുന്ന ചിലരുണ്ട്. ആകാശം ഇടിഞ്ഞു വീഴുമെന്നു പറഞ്ഞാലും കുലുങ്ങാത്തവര്‍. മരണത്തെപ്പോലും ഭയമില്ലാത്തവർ. സത്യത്തിൽ അവരു‌ടേതാണ് ഈ ലോകം. ചെറിയൊരു തടസം വരുമ്പോഴേക്കും തളരുന്നവർക്ക് അധികകാലം പിടിച്ചു നിൽക്കാനാവില്ല. മുന്നിലൊരു പ്രതിബന്ധം കാണുമ്പോഴേക്കും ഇനിയെന്തുചെയ്യും എന്നാലോചിച്ചു തല പുകയ്ക്കുന്നവർ കാലിഫോർണിയ സ്വദേശിയായ മാരിമാർ ക്യുറോവ എന്ന ഇരുപത്തിയൊന്നുകാരിയുടെ കഥ കേൾക്കേണ്ടതാണ്.

ഒറ്റനോട്ടത്തില്‍ മാരിമറിനെ കാണുന്നവരെല്ലാം വീണ്ടുമൊന്ന് അത്ഭുതത്തോടെ നോക്കും. കാരണം മുഖത്തു ബാധിച്ചിരിക്കുന്ന വലിയൊരു ട്യൂമർ അവളുടെ രൂപം പാടേ മാറ്റിമറിച്ചു. പക്ഷേ വിരൂപയെന്നു വിളിച്ചു കളിയാക്കുന്നതൊന്നും മാരിമറിനെ ബാധിക്കില്ല, ഇന്നു വിജയകരമായി നയിക്കുന്നൊരു ബ്യൂട്ടി വ്ലോഗ് ചാനലിന്റെ അവതാരക കൂടിയാണ് അവൾ. മേക്അപ് ട്യൂട്ടോറിയലുകളിലൂടെ ഇന്റർനെറ്റിലെ തിളങ്ങും താരമാണിന്നു മാരിമർ. മുഖത്തു ചെറിയ പാടുകളും മറുകുമൊക്കെ വരുമ്പോൾ വ്യാകുലപ്പെ‌ടുന്നവർ മാരിമറിനെ മാതൃകയാക്കേണ്ടതാണ്.

ഒറ്റനോട്ടത്തില്‍ മാരിമറിനെ കാണുന്നവരെല്ലാം വീണ്ടുമൊന്ന് അത്ഭുതത്തോടെ നോക്കും. കാരണം മുഖത്തു ബാധിച്ചിരിക്കുന്ന വലിയൊരു ട്യൂമർ അവളുടെ രൂപം പാടേ മാറ്റിമറിച്ചു.

സങ്കടക്കടലിന്റെ ബാല്യം

കുട്ടിക്കാലത്തു തന്നെ മാരിമറിനെ സിസ്റ്റിക് ഹൈഗ്രോമാ എന്ന രോഗം ബാധിച്ചിരുന്നു. തലയിലോ കഴുത്തിലോ മുഖത്തോ കോശങ്ങളുടെ അസാധാരണമായ വളർച്ചയുണ്ടാകുന്നതാണീ ഈ രോഗം. കളിക്കൂട്ടുകാരോടൊപ്പം ഓടിച്ചാടി നടക്കുന്നതും അവരെപ്പോലെ വാതോരാതെ വർത്തമാനം പറയുന്നതുമൊക്കെ മാരിമറിനെ സംബന്ധിച്ചു സ്വപ്നങ്ങളായിരുന്നു. സംസാരിക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവരുമായി മാരിമറിനു ആശയവിനിമയം നടത്തണമെങ്കില്‍ ആംഗ്യഭാഷയെ വേണം ആശ്രയിക്കാന്‍. നാലാൾക്കു മുന്നിൽ ഇറങ്ങുമ്പോഴേക്കും തുടങ്ങും സഹതാപ വാക്കുകളും കളിയാക്കലുകളുമൊക്കെ. പക്ഷേ വളർന്നു തുടങ്ങിയപ്പോൾ മാരിമറിനു മനസിലായി ഭൗതിക സൗന്ദര്യത്തിൽ കാര്യമായൊന്നുമില്ല മനസിന്റെ ധൈര്യമാണു ഓരോരുത്തരെയും സുന്ദരികളും സുന്ദരന്മാരും ആക്കുന്നതെന്ന്.

സർജറികളുടെയും വേദനയുടെയും കാലം

മുഖവും തലയും വലുതായതിനാൽ എണ്ണിയാലൊടുങ്ങാത്തത്ര സര്‍ജറികളാണു മാരിമറിന്റെ ശരീരത്തിൽ ചെയ്തത്. സംസാരിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല ശ്വാസം വിടുന്നതു തൊണ്ടയിലുള്ള ദ്വാരം വഴിയായിരുന്നു. ഭക്ഷണം കഴിച്ചിരുന്നത് ട്യൂബ് വഴിയും. വലതുവശത്തെ ചെവി കേൾക്കുന്നുമുണ്ടായിരുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു ജീവിതത്തിൽ നേരിടേണ്ട സങ്കടങ്ങളൊക്കെയും ബാല്യത്തിൽത്തന്നെ മാരിമർ അനുഭവിക്കുകയായിരുന്നു. ട്യൂമറിനെ ശമിപ്പിക്കാനായി വർഷങ്ങളോളം എടുത്തു. ഒരിക്കൽ പൊതുസദസിൽ നിന്നും മുഖം മറച്ചു വെക്കാൻ ശ്രമിച്ചിരുന്ന മാരിമർ ഇന്നു തലയുയർത്തിപ്പിടിച്ചു തന്നെ നടക്കും. മാത്രമല്ല സൗന്ദര്യരാധകരുടെ പ്രിയപ്പെട്ട താരമാണ് ഇന്നു മാരിമർ. അങ്ങനെ മാരിമർ തന്റേതായി ഒരു മേക്അപ് വ്ലോഗ് ചാനൽ യൂട്യൂബിൽ ആരംഭിച്ചു. ഇന്നതിന് ലക്ഷത്തിൽപ്പരം സബ്സ്ക്രൈബേഴ്സ് ആണുള്ളത്. തന്റെ ക്ലാസുകളിലൂടെ പരമ്പരാഗത സൗന്ദര്യ കാഴ്ച്ചപ്പാടുകളെ മാറ്റിമറിക്കുകയാണ് ഈ പെൺകുട്ടി.

മറ്റുള്ളവരല്ല നിങ്ങളുടെ സൗന്ദര്യം നിര്‍ണയിക്കുന്നത്

ഇനി സൗന്ദര്യത്തെക്കുറിച്ചു ചോദിച്ചാൽ മാരിമറിനു വ്യക്തമായ സങ്കൽപങ്ങളുണ്ട്. നിങ്ങൾ എങ്ങനെയാണോ അതേപോലെ ഉൾക്കൊള്ളാൻ പഠിക്കുക. മറ്റുള്ളവർ എന്തുപറയുമെന്നൊന്നും നോക്കേണ്ട കാര്യമില്ല. നിങ്ങളുടെ സൗന്ദര്യം എങ്ങനെയാണോ അതിനെ മറച്ചുവെക്കാതെ കാണിക്കുകയാണു ചെയ്യേണ്ടത്. ചെറുപ്പത്തിൽ താൻ കണ്ണാടിയിൽ നോക്കി സ്വയം സുന്ദരിയാണെന്നു പറയുമായിരുന്നു. മറ്റാരും പറയാനില്ലാത്തതായിരുന്നു കാരണം. നാം തന്നെയാണു നമ്മളെ പ്രോത്സാഹിപ്പിക്കേണ്ടത്. തന്നിലുള്ള നല്ല കാര്യങ്ങൾ മാത്രം കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത് പതിയെ ആത്മവിശ്വാസം വർധിപ്പിച്ചു. ഇനി തന്നെ കാണുമ്പോൾ അത്ഭുതജീവിയെപ്പോലെ നോക്കുന്നവരെ തിരിച്ചും അതേപോലെ മാരിമർ നോക്കും, അവർ നോട്ടം നിർത്തുംവരെ. ഒരുതരത്തിൽ തന്നെ കുത്തിവേദനിപ്പിക്കുന്നവരോടുള്ള പ്രതികാരം തീർക്കലായിരുന്നു അത്.

തളർത്താൻ നോക്കിയവർ തോറ്റോടി

ഇതിനിടയിൽ മാരിമറിനെ പാതിവഴി വച്ചു തളർത്താനും പലരും നോക്കി. കണ്ടാൽ കുരങ്ങിനെപ്പോലെ ഇരിക്കുന്നുവെന്നും ആർക്കും നോക്കാൻ തോന്നാത്തത്ര അറപ്പുളവാക്കുന്ന മുഖമാണെന്നും പലരും പറഞ്ഞു. അത്തരക്കാരോട് ഒന്നുകിൽ നിങ്ങൾ പറയുന്നതൊന്നും എന്നെ ബാധിക്കില്ല അതുകൊണ്ടു നിർത്താമോ എന്നു ചോദിക്കും അതുമല്ലെങ്കിൽ അവരെ പാടേ അവഗണിക്കും. പ്രധാനമായും കണ്ണിന്റെ മേക്അപ് ആണ് മാരിമര്‍‌ കൂടുതൽ ക്ലാസുകൾ നൽകുന്നത്. തുടങ്ങുമ്പോൾ തന്റെ വ്ലോഗ് ചാനൽ ഇത്രത്തോളം പ്രചാരം നേടുമെന്നൊന്നും മാരിമർ കരുതിയിരുന്നില്ല. പലരും നൽകുന്ന മെസേജുകൾ തന്നെ ജീവിക്കാൻ പ്രത്യാശ നൽകുന്നതാണെന്നു പറയുന്നു മാരിമർ.

മേക്അപ് ട്യൂട്ടോറിയലുകളിലൂടെ ഇന്റർനെറ്റിലെ തിളങ്ങും താരമാണിന്നു മാരിമർ. മുഖത്തു ചെറിയ പാടുകളും മറുകുമൊക്കെ വരുമ്പോൾ വ്യാകുലപ്പെ‌ടുന്നവർ മാരിമറിനെ മാതൃകയാക്കേണ്ടതാണ്.

വിവാഹം, യാത്രകൾ, സ്വപ്നങ്ങളേറെ

ബ്യൂട്ടി വ്ലോഗങിൽ നിൽക്കുന്നില്ല മാരിമറിന്റെ ജീവിതം. തനിക്കു കിട്ടാവുന്നതിലുമപ്പുറം അവൾ സ്വപ്നം കാണുന്നുണ്ട്, അതു നേടും വരേക്കും പരിശ്രമിച്ചു കൊണ്ടേയിരിക്കും. ധാരാളം യാത്രകൾ ചെയ്യണമെന്നും മറ്റുള്ളർക്കു പ്രചോദനമായി ഇനിയുള്ള കാലം ജീവിക്കണമെന്നൊക്കെയാണ് മാരിമറിന്റെ ആഗ്രഹങ്ങൾ. ബധിര വിദ്യാർധികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപിക പരിശീലനം ചെയ്യുന്നതിനൊപ്പം ബ്യൂട്ടി സ്കൂളുകളിൽ ക്ലാസ് എടുക്കുന്നുമുണ്ട് മാരിമർ. മികച്ചൊരു സുംബാ നർത്തക കൂടിയായ മാരിമർ കഴിഞ്ഞ ആഗസ്റ്റിന് സുംബാ നൃത്തം വിദ്യാർഥികളെ പഠിപ്പിക്കുന്നതിനായുള്ള സർട്ടിഫിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. വിവാഹത്തെക്കുറിച്ചും മാരിമറിനു സ്വപ്നങ്ങളുണ്ട്. എന്നെങ്കിലുമൊരിക്കൽ വിവാഹിതയാകണം, അമ്മയും നല്ല കുടുംബിനിയുമാകണം എന്നൊക്കെയാണത്. ഇനിയുമേറെ സ്വപ്നങ്ങളുണ്ട്. കുന്നോളം കണ്ടാലേ കുന്നിക്കുരുവോളം കിട്ടൂ എന്നൊരു ചൊല്ലുണ്ടല്ലോ അത് അന്വർഥമാക്കുകയാണ് മാരിമറുടെ ജീവിതം.