ഇന്ത്യയിലെ ഏറ്റവും വലിയ പഠിപ്പിസ്റ്റിന്റെ വിശേഷങ്ങൾ

ശ്രീകാന്ത് ജിച്ച്കർ അബ്ദുൾ കലാമിനൊപ്പം

സർവകലാശാല സിനിമയിലെ ലാലേട്ടന് 3 മാസ്റ്റർ ബിരുദങ്ങൾ ഉണ്ടായിരുന്നെങ്കിൽ 20 മാസ്റ്റർ ബിരുദങ്ങൾ ഉള്ള ആളെക്കുറിച്ചു കേൾക്കണോ? സംഭവം സിനിമയിലല്ല, ജീവിതത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നനായ വ്യക്തിയായി  ലിംക ബുക്കിൽ ഇടം നേടിയ പുലി.  പേര് ശ്രീകാന്ത് ജിച്ച്കർ.  പൊതുവെ പത്താം ക്ലാസും ഗുസ്തിയുമാണ് രാഷ്ട്രീയത്തിൽ ഇറങ്ങാൻ വേണ്ട യോഗ്യത. എന്നാൽ വിവരവും വിദ്യാഭ്യാസവും ഉള്ളവരും രാഷ്ട്രീയത്തിൽ ഉണ്ട് എന്ന് തെളിയിച്ചു കൊണ്ട് 25 മത്തെ വയസിൽ എംഎൽഎ ആയി ഇന്ത്യയിലെ പ്രായം കുറഞ്ഞ എംഎൽഎ എന്ന ബഹുമതിയും ശ്രീകാന്ത് കരസ്ഥമാക്കി.

തുടർന്ന് മന്ത്രിയായ ഇദ്ദേഹം 14 വകുപ്പുകൾ ഒരേസമയം കൈകാര്യം ചെയ്തു. എംബിബിഎസ് ബിരുദം നേടിക്കൊണ്ടായിരുന്നു യാത്രയുടെ തുടക്കം. പിന്നെ എം ഡി, എൽ എൽ ബി, എൽ എൽ എം, എം ബി എ കൂടാതെ 10 വിഷയങ്ങളിൽ മാസ്റ്റർ ബിരുദങ്ങളും, ഇതിനൊപ്പം ഐഎഎസ് ഐപിഎസ് പദവികളും പുല്ലു പോലെ നേടിയെടുത്തു ശ്രീകാന്ത്. മൊത്തം 20 പിജി ബിരുദങ്ങളും 28 ഗോൾഡ്‌ മെഡലുകളും. പഠിപ്പിസ്റ്റിനൊപ്പം ഒരു കലാകാരനുമായിരുന്നു ശ്രീകാന്ത്. 

ശ്രീകാന്ത് ജിച്ച്കർ

പ്രൊഫഷനൽ ഫോട്ടോഗ്രാഫിയിലും, നാടക അഭിനയത്തിലും, ചിത്രകലയിലും അവഗാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. 1978 ൽ ഐപിഎസ് അനായാസം നേടിയെടുത്തു നടന്നകന്ന ശ്രീകാന്ത് 1980 ൽ ഐഎഎസും കരസ്ഥമാക്കി. തുടർന്നാണ്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും മന്ത്രിയായതും. 52,000 പുസ്തകങ്ങളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ലൈബ്രറിയുടെയും ഉടമയായിരുന്നു അദ്ദേഹം. ദു:ഖകരമെന്നു പറയട്ടെ, ഈ പ്രതിഭ ഇന്ന് നമ്മോടൊപ്പമില്ല. 2004 ൽ ഒരു വാഹനാപകടത്തിൽ ശ്രീകാന്ത് ജിച്ച്കർ അന്തരിച്ചു. 

പ്രധാനമന്ത്രിയുടെയും കേന്ദ്രമാനവവിഭവശേഷി വകുപ്പ് മന്ത്രിയുടെയും, ഇങ്ങ് കേരളത്തിൽ എംഎൽഎമാരുടെയുമൊക്കെ  'വിദ്യാഭ്യാസയോഗ്യത'കൾ വിവാദങ്ങളിൽ നിറയുന്ന ഇക്കാലത്ത് ശ്രീകാന്ത് ജിച്ച്കറെപ്പോലുള്ള വിവരമുള്ള  ജനപ്രതിനിധികളുടെ പ്രസക്തി രാഷ്ട്രീയത്തിൽ വർദ്ധിക്കുകയാണ്.