ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുമെന്ന് ഉറപ്പുള്ള കുഞ്ഞിനെ പ്രസവിക്കുമെന്ന് ഒരമ്മ, എന്തിന്?

കെറി യങ്ങും ഭര്‍ത്താവ് റോയ്‌സ് യങ്ങും

കുഞ്ഞിനെ ഗര്‍ഭം ധരിക്കുമ്പോള്‍ ഒരു സ്ത്രീയിലുണ്ടാകുന്നത് അത്യപൂര്‍വമായ വികാരമാണ്. ഗര്‍ഭാവസ്ഥയിലുള്ള നാളുകള്‍ അവര്‍ ജീവിതത്തില്‍ എന്നുമോര്‍ക്കും. വയറ്റിനുള്ളില കുഞ്ഞിന്റെ ഓരോ ചലനവും ആസ്വദിച്ചുള്ള, ആ കുഞ്ഞിക്കാല്‍ കാണാനുള്ള കാത്തിരിപ്പാണ് ഓരോ പല സ്ത്രീകളും ജന്മപുണ്യമായി കാണുന്നത്. എന്നാല്‍ വയറ്റില്‍ വളരുന്ന കുഞ്ഞിന് ഒരിക്കലും ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീ എന്ത് ചെയ്യും. പ്രസവിച്ച കുഞ്ഞ് മരിക്കുമെന്ന് വൈദ്യശാസ്ത്രം തന്നെ വ്യക്തമാക്കിയാല്‍ പിന്നെ എന്താകും ആ സ്ത്രീയുടെ മാനസികാവസ്ഥ. ഏതൊരു സ്ത്രീയും ആ കുട്ടിയെ വേണ്ടെന്ന് വെക്കാനാകും തീരുമാനിക്കുക. 

ഒക്കലഹോമ സ്വദേശികളായ കെറി യങ്ങും ഭര്‍ത്താവ് റോയ്‌സ് യങ്ങും വേറിട്ട് ചിന്തിക്കുകയാണ്. തന്റെ വയറ്റിലുള്ള കുഞ്ഞിനെ പ്രസവിക്കാന്‍ തന്നെയാണ് കെറി യങ്ങ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഈ ദമ്പതികളെ ഞെട്ടിച്ച ആ വാര്‍ത്ത വന്നത്. സ്‌കാനിങിൽ ഗുരുതരമായ രോഗമുള്ള കുഞ്ഞാണ് വയറ്റിലെന്ന് കണ്ടെത്തി. അനെന്‍സെഫലി എന്ന രോഗമാണ് കുഞ്ഞിനെന്ന് ഡോക്ടര്‍മാര്‍. മുഴുവന്‍ വികസിക്കാത്ത ബ്രെയിനോടു കൂടിയാണ് കുട്ടി ജനിക്കുക. അതൊരിക്കലും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ല. 

ബ്രെയിൻ ഒഴികെയുള്ള ശരീരഭാഗങ്ങളെല്ലാം കുട്ടിക്ക് ആരോഗ്യകരമായി തന്നെ ഉണ്ടാകുമത്രെ. ബ്രെയിൻ ഇല്ലാത്ത ഒരു കുഞ്ഞിന് ആ സ്ത്രീ ജന്മം നല്‍കുന്നതിന്റെ ഉദ്ദേശം എന്താണ്. മഹത്തായ ഒരു കാരണമുണ്ട് അതിനു പുറകില്‍. മേയിലാണ് കുട്ടി ജനിക്കുക. ബ്രെയിൻ അല്ലാത്ത ബാക്കി അവയവങ്ങള്‍ എല്ലാം ആരോഗ്യത്തോടെയിരിക്കുന്ന കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കുകയെന്ന അത്യന്തം മഹത്തരമായ കർമത്തിനുവേണ്ടിയാണ് കെറി കുഞ്ഞിനെ പ്രസവിക്കുന്നത്.

ഗര്‍ഭാവസ്ഥയുടെ ഓരോ പുരോഗതിയും ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നുണ്ട് ഈ സ്ത്രീ. വളരെ വേദനാജനകമായ തീരുമാനമാണത്. അടുത്ത 20 ആഴ്ച്ചകളില്‍ അവളുടെ ചവിട്ടും ഇളകലുമെല്ലാം ഞാന്‍ അനുഭവിക്കും. എന്നാല്‍ ജനിച്ചു കഴിഞ്ഞാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ അവള്‍ ജീവിക്കൂ, കെറി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.  ജനിക്കാത്ത കുഞ്ഞിന് പേരുമിട്ടു അവര്‍, ഇവ. ഇവയുടെ ത്രീഡി ഇമേജുകളും അവര്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നുണ്ട്. അവയവദാനം ചെയ്യാന്‍ മാത്രമായി ഇത്തരം മഹത്തായ ഒരു തീരുമാനമെടുത്ത ആ അമ്മയെ പ്രണമിക്കാം നമുക്ക്.