മനുഷ്വത്വം മരിക്കുമ്പോൾ, 92 കാരിയായ അമ്മയെ വർഷങ്ങളോളം കൂട്ടിൽ അടച്ചിട്ട് ഒരു മകൻ !

92  കാരിയായ അമ്മയെ ചൈനയിൽ ഒരു മകൻ വർഷങ്ങളായി ഒരു കൂട്ടിൽ അടച്ചിട്ടിരിക്കുന്നു.

മനുഷ്വത്വം മരവിക്കുന്ന കാഴ്ചകൾക്ക് നാൾക്കുനാൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. മാതൃത്വം എന്ന വാക്കിന്റെ അർഥം പൂർണമായും ഇല്ലാതാക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. 92  കാരിയായ അമ്മയെ ചൈനയിൽ ഒരു മകൻ വർഷങ്ങളായി ഒരു കൂട്ടിൽ അടച്ചിട്ടിരിക്കുന്നു. പ്രായമായ അമ്മയെ നോക്കാൻ കഴിയില്ല എന്നതാണു കാരണം. 107  ചതുരശ്ര അടി മാത്രം വിസ്‌തീർണമുള്ള കൂട്ടിൽ കഴിഞ്ഞിരുന്ന വൃദ്ധയുടെ അവസ്ഥ ഈ അടുത്ത ദിവസമാണ് പുറത്തറിയുന്നത്. 

മകനും മരുമകളും ചേർന്നാണ് 92  വയസുള്ള വൃദ്ധയോട് ഈ ക്രൂരത കാണിച്ചത്. വർഷങ്ങളായി താൻ കഴിയുന്നത് ഈ കൂട്ടിനകത്താണ് എന്ന് വൃദ്ധ രക്ഷാപ്രവർത്തനം നടത്താൻ എത്തിയവരോട് പറഞ്ഞു. യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ തികച്ചും മലിനമായ അന്തരീക്ഷത്തിലായിരുന്നു വൃദ്ധ കഴിഞ്ഞിരുന്നത്. കൃത്യമായ ഭക്ഷണമോ വെള്ളമോ ഇവർക്ക് നൽകിയിരുന്നില്ല. ചൂട് ലഭിക്കുന്നതിനായി അടുത്ത ഒരു കെട്ടു വിറക് വച്ചിരുന്നു.

സംഭവം അറിഞ്ഞെത്തിയ രക്ഷാപ്രവർത്തകർ ആവശ്യത്തിനു ഭക്ഷണവും വെള്ളവും നൽകിയ ശേഷമാണ് അൽപമെങ്കിലും ആരോഗ്യം ഇവർക്കു ലഭിച്ചത്. തുടർന്ന് വൃദ്ധയെ ഇരുമ്പഴികൾ തുറന്ന് കൂട്ടിൽ നിന്നും പുറത്തിറക്കിയ ശേഷം കുളിപ്പിച്ചു പുതിയ വസ്ത്രങ്ങൾ നൽകി. വൃദ്ധയായ മാതാവിനെ മൃഗതുല്യം കൂട്ടിൽ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട്, മകനും മരുമകൾക്കും എതിരെ സർക്കാരിൽ പരാതിപ്പെട്ടിട്ടുണ്ട്. 

വൃദ്ധയെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഉത്തരവായി. ചികിത്സയ്‌ക്കൊടുവിൽ ഇവർ ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ കൂടുതൽ ചോദ്യം ചെയ്യാൻ സാധിക്കൂ. വൃദ്ധരായ മാതാപിതാക്കളെ ഇത്തരത്തിൽ നിഷ്കരുണം ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം ചൈനയിൽ കൂടി വരികയാണ്.