മനസിൽ നന്മ മാത്രം, ഓട്ടോഡ്രൈവർ സമൂഹമാധ്യമത്തിൽ വൈറൽ!

സമൂഹ മാധ്യമത്തില്‍ വൈറലായ ഓട്ടോ ഡ്രൈവർ ശുക്ലാജി

ചില ദിവസങ്ങൾ തുടങ്ങുന്നതുതന്നെ നന്മയുള്ള വാർത്തകളോടെയാണ്. പീഢനകഥകളും വർഗീയ വിദ്വേഷ വാർത്തകളുമൊക്കെ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചെറിയൊരു നന്മയുടെ സന്ദേശം നൽകുന്ന അനുഭവ കഥകൾ പോലും നമുക്ക് ഏറെ പ്രചോദനം നൽകും. അത്തരത്തിലൊരു നന്മമനുഷ്യന്റെ കഥയാണ് ഇന്ന് സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. തന്റെ ജീവിതത്തിൽ നന്മയുടെ പ്രകാശവുമായി എത്തിയ ആ ഓട്ടോഡ്രൈവറെ പരിചയപ്പെടുത്തിയത് മുംബൈ സ്വദേശിയായ റമീസ് ഷെയ്ഖ് എന്ന യുവാവാണ്.

വെള്ളിയാഴ്ച്ച പള്ളിയിൽ പ്രാർഥിക്കാനായി ഇറങ്ങിയതായിരുന്നു റമീസ്. പക്ഷേ ഓട്ടോയിൽ കയറി ക‌ഴിഞ്ഞപ്പോഴാണറിഞ്ഞത് പഴ്സ് എ‌ടുക്കാൻ മറന്നുപോയ കാര്യം. തിരക്കിൽ ഓടിയിറങ്ങിയപ്പോൾ പഴ്സിന്റെ കാര്യം വിട്ടുപോയതായിരുന്നു. പ്രാര്‍ഥന കഴിഞ്ഞു തിരിച്ചെത്തുന്നതു വരെ കാത്തിരുന്നു തന്നെ ഓഫീസിലെത്തിച്ചാൽ പണം അപ്പോള്‍ തന്നെ നൽകാം എന്ന് റമീസ് ആ ഓട്ടോ ഡ്രൈവറെ അറിയിച്ചു. താനിക്കാര്യം പറഞ്ഞ സമയത്ത് ഓട്ടോയിൽ ഗണപതി ഉത്സവത്തിന്റെ സ്റ്റിക്കർ ഒട്ടിക്കുകയായിരുന്നു അയാൾ. പക്ഷേ അതിനു മറുപടിയായി അയാൾ പറഞ്ഞ കാര്യം റമീസിന്റെ ഹൃദയം തൊട്ടു.

''നിങ്ങള്‍ ഭഗവാനെ പ്രാർഥിക്കുവാൻ അല്ലേ പോകുന്നത്, ടെൻഷൻ വേണ്ട, ഞാൻ താങ്കളെ സ്ഥലത്തെത്തിക്കാം പക്ഷേ എനിക്കു കാത്തു നിൽക്കാൻ കഴിയില്ല. അപ്പോൾ തന്നെ തിരിച്ചു പോരേണ്ടതുണ്ട്'' എന്നായിരുന്നു ഡ്രൈവറുടെ മറുപടി. നന്ദി പറഞ്ഞ് യാത്ര ആരംഭിക്കുമ്പോൾ പ്രാർഥന മുടങ്ങില്ലല്ലോയെന്ന ആശ്വാസമായിരുന്നു റമീസിന്റെ മനസു നിറയെ.

അവിടെ തീർന്നില്ല ശുക്ലാജി എന്നു പരിചയപ്പെടുത്തിയ ആ ഡ്രൈവറുടെ സൽക്കർമ്മം. പള്ളിയിലെത്തിച്ച റമീസിനു ഓഫീസിൽ തിരിച്ചെത്തുന്നതിനായുള്ള പണവും അയാൾ നൽകി. തനിക്കു കാത്തുനിൽക്കാൻ കഴിയില്ലെന്ന് അറിയിച്ചെങ്കിലും റമീസ് ബുദ്ധിമുട്ടാതെ തിരിച്ചെത്തുക എന്നതും ആ മനുഷ്യന്റെ ഉള്ളിലുണ്ടായിരുന്നു.

തിരിച്ചുള്ള യാത്രയ്ക്കായി ശുക്ലാജി നീട്ടിയ പണം വാങ്ങിയില്ലെന്നും പകരം അയാളുടെ ഫോൺ നമ്പറാണു വാങ്ങിയതെന്നും റമീസ് പിന്നീടു ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തു. അന്നു വൈകുന്നേരം ഡ്രൈവറെ ഫോണില്‍ വിളിച്ചു പണം നൽകുകയും ചെയ്തു. നമുക്കുണ്ടാകുന്ന ഇത്തരത്തിലുള്ള പോസിറ്റീവ് അനുഭവങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവെക്കാൻ എല്ലാവരും തയ്യാറാകണമെന്നു റമീസ് പറയുന്നു. തിരക്കുള്ള ജീവിതത്തിൽ നെഗറ്റീവ് കാര്യങ്ങളെ തിരഞ്ഞു പിടിക്കുന്നതിനു പകരം ചുറ്റിലുമുള്ള പോസിറ്റീവ് കാര്യങ്ങളെ പങ്കുവെക്കാൻ ​എല്ലാവർക്കും കഴിയട്ടെ.