ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പം മധുവിധു ആഘോഷിച്ച് ഒരു പെൺകുട്ടി !

ഭർത്താവില്ലാതെ ഹണിമൂൺ ആഘോഷത്തിനു പോയ ഹുമയുടെ ചിത്രങ്ങൾ

ബോളിവുഡിന്റെ ബോൾഡ്താരം കങ്കണ റാവത്ത് നിറഞ്ഞാടിയ ക്യൂൻ എന്ന സിനിമ ഓർമയില്ലേ? ചിത്രത്തിൽ ഹണിമൂണിനായി ഭർത്താവില്ലാതെ ഒറ്റയ്ക്കുപോയ കങ്കണയെ കണ്ടപ്പോൾ നാമൊക്കെ അമ്പരന്നു. ഇതെന്തൊരു ഹണിമൂണ്‍ എന്നൊക്കെ ചിന്തിച്ചുവല്ലേ? എന്നാൽ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇതൊക്കെ സംഭവിക്കുമെന്നു തെളിയിക്കുകയാണ് പാകിസ്ഥാനിൽ നിന്നുള്ളൊരു സംഭവം. മറ്റൊന്നുമല്ല മധുവിധു ആഘോഷിക്കാൻ ഒരു യുവതി പോയത് ഭർത്താവില്ലാതെ ഒറ്റയ്ക്കാണ്.

പക്ഷേ സംഗതി ഭർത്താവിനോടു പിണങ്ങിയിട്ടോ അല്ലെങ്കിൽ തനിച്ചു പോകാനുള്ള ഇഷ്ടം കൊണ്ടോ ഒന്നുമല്ല സാഹചര്യങ്ങൾ അങ്ങനെയായിപ്പോയി. അങ്ങനെ ഒറ്റയ്ക്കു പോയി ഹണിമൂൺ ആഘോഷിച്ച ഹുമാ മോബിൻ എന്ന പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. എല്ലാ ദമ്പതികളെയും പോലെ ഹുമയും ഭർത്താവ് അർസലാൻ സെവർ ബട്ടും ഒരുപാട് ആഗ്രഹങ്ങളോടെയാണ് തങ്ങളുടെ രണ്ടാം ഹണിമൂൺ യാത്രകൾക്കു പദ്ധതിയിട്ടത്. ആദ്യം മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച ഇരുവരും ഇത്തവണം യൂറോപ്യൻ രാജ്യങ്ങളായിരുന്നു ലക്ഷ്യമിട്ടത്. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ അർസലാന്റെ വിസയ്ക്കുള്ള അനുമതി അവസാന നിമിഷം തള്ളപ്പെട്ടു.

ഭർത്താവിനെ തനിച്ചാക്കി തനിക്കു വരാൻ കഴിയില്ലെന്നു കരുതി കരഞ്ഞു പിഴിഞ്ഞിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ അമ്മ വന്നു ആശ്വസിപ്പിക്കുന്നത്. ആദ്യം ഹണിമൂൺ തന്നെ വേണ്ടെന്നു കരുതി പിന്മാറാൻ തീരുമാനിച്ചെങ്കിലും പിന്നീടു ഭർത്താവിന്റെ അച്ഛനമ്മമാർക്കൊപ്പം ആ യാത്രകൾ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു ഹുമ. അങ്ങനെ ഭർത്താവില്ലാതെ ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ ഹുമ ഫേസ്ബുക്കിൽ പങ്കുവച്ചു. ‌‌

ഏറ്റവും രസകരം മറ്റൊന്നുമല്ല ഭർത്താവിനു വേണ്ടി തനിക്കരികിൽ സ്ഥാനം ഒഴിച്ചിട്ട് അയാൾ അടുത്തുണ്ടെന്നു തോന്നുംവിധത്തിലാണ് ഹുമയുടെ ഓരോ ചിത്രത്തിലെയും നിൽപ്. ഭർത്താവിന്റെ അസാന്നിധ്യം തന്നെ വിഷമിപ്പിക്കുന്നുവെന്നു കാണിക്കാൻ ചില ചിത്രങ്ങളില്‍ മുഖം വിഷമിക്കുന്നതു പോലെയാക്കി ഭർത്താവിന്റെ തോളില്‍ കയ്യിട്ടു നിൽക്കും പോലെ ഓരോ ചിത്രത്തിലും നിന്നു. എന്തായാലും ഭർത്താവില്ലാതെ മധുവിധു ആഘോഷിച്ച ഹുമയിപ്പോൾ സമൂഹമാധ്യമങ്ങളിലെ ഹീറോ ആയിരിക്കുകയാണ്.