പ്രേതങ്ങളെ അന്വേഷിച്ചു നടന്ന ജീവിതം, ദുരൂഹത അവശേഷിപ്പിച്ചു മരണവും!

ഗൗരവ് തിവാരി

ചിലരുടെ ജീവിതം സാഹസികമായിരിക്കും.. സാധാരണ മനുഷ്യർ ജീവിക്കുന്നതിൽ നിന്നു മാറി ചിന്തിക്കുന്ന അവര്‍ അമാനുഷികവും അസാധാരണവുമായ കാര്യങ്ങൾക്കു പിറകെയായിരിക്കും യാത്ര ചെയ്യുന്നത്. അത്തരത്തിലൊരാളായിരുന്നു ഗൗരവ് തിവാരി. ഗൗരവിന്റെ യാത്രകൾ അതിസാഹസികരുടേതിനു സമാനമായിരുന്നു, കാരണം അയാൾ യാത്രകൾ ചെയ്തതു മുഴുവൻ കഥക‌ളിൽ മാത്രം കേട്ടുപരിചയമുള്ള പ്രേതങ്ങളെത്തേടിയായിരുന്നു. പക്ഷേ ആ യാത്രകളും മോഹങ്ങളും മുഴുമിക്കും മുമ്പേ ഗൗരവ് എന്നെന്നേക്കുമായി യാത്രയായിരിക്കുകയാണ്, തന്റെ ജീവിതത്തിൽ നിന്നു തന്നെ.

സ്വന്തം മരണം ചോദ്യമുനകൾക്കു മുന്നിൽ നിർത്തിക്കൊണ്ട് ഗൗരവ് പോയിരിക്കുകയാണ്. ഇന്ത്യൻ പാരാനോർമൽ സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയായ ഗൗരവിനെ (32) ഇക്കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് സ്വന്തം ഫ്ലാറ്റായ ദ്വാരകയിലെ ബാത്റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യക്കും മാതാപിതാക്കൾക്കുമൊപ്പം ദ്വാരകാ സെക്ടറിലെ ഫ്ലാറ്റിലാണ് തിവാരി താമസിച്ചിരുന്നത്. ബാത്‌റൂമിൽ നിന്നും ഒരസാധാരണ ശബ്ദം കേട്ടതോടെയാണ് ഭാര്യ അങ്ങോട്ടേക്ക് ഓടിച്ചെന്നത്. അപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്ന ഗൗരവിനെയാണു കണ്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

ഗൗരവ് തിവാരി

തുടർന്നു വീടും ഗൗരവിന്റെ മൊബൈൽ ഫോണും പരിശോധനക്കു വിധേയമാക്കിയെങ്കിലും മരണകാരണം കണ്ടെത്താനായില്ല. ഗൗരവിന്റേതു ആത്മഹത്യയാണെന്നാണ് പോലീസുകാരു‌ടെ നിഗമനം. പക്ഷേ കാരണം എന്താണെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. യാതൊരു കുഴപ്പങ്ങളും ഇല്ലാതിരുന്ന ഗൗരവ് ഒരിക്കലും ആത്മഹത്യ ചെയ്യാനിടയില്ലെന്നാണ് അദ്ദേഹത്തിന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ ഗൗരവിന്റെ പ്രേതബാധയുള്ളതെന്നു പറയപ്പെടുന്ന സ്ഥലങ്ങൾ അന്വേഷിച്ചുള്ള യാത്രകളിൽ അദ്ദേഹത്തിന്റെ വീട്ടുകാർ അസ്വസ്ഥരായിരുന്നുവെന്നു പോലീസുദ്യോഗസ്ഥർ പറയുന്നു.

പൈലറ്റു കൂടിയായ ഗൗരവ് ഏതാണ്ട് ആറായിരത്തോളം പ്രേതബാധയുള്ള സ്ഥലങ്ങൾ സന്ദർശിച്ചുണ്ടെന്നാണ് ഇന്ത്യൻ പാരാനോർമല്‍ സൊസൈറ്റിയുടെ വെബ്സൈറ്റ് വ്യക്തമാക്കുന്നത്. ഏതാനും മാസങ്ങൾക്കു മുമ്പാണ് ഗൗരവ് വിവാഹിതനായത്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങക്ക് ശേഷം ഏതോ വിപരീതശക്തി തന്നെ അതിലേക്കു നയിക്കുന്നുവെന്നും താൻ ആ ശക്തിയിൽ നിന്നും പിന്നോട്ടു തിരിയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ലെന്നും ഗൗരവ് ഭാര്യയോട് പറഞ്ഞിരുന്നു. എന്നാൽ ജോലിയിലുള്ള അമിതഭാരമോ സമ്മര്‍ദ്ദമോ മൂലം പറഞ്ഞതാകാമെന്ന് കരുതി ഭാര്യ അതു കാര്യമാക്കിയിരുന്നില്ല.

പ്രേതത്തിലോ അത്തരത്തിലുള്ള അദൃശ്യ ശക്തികളിലോ വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഗൗരവിന്റെ മരണം ഇപ്പോഴും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും പിതാവ് ഉദയ് തിവാരി പറയുന്നു. അസ്വാഭാവിക മരണത്തിന്റെ പേരിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രേതബാധയുണ്ടെന്നു പരക്കെ പറഞ്ഞിരുന്ന ഒരു വീട്ടിലേക്കു ഗൗരവ് താമസം മാറിയതോടെയാണ് കൊമേഴ്സ്യൽ പൈലറ്റ് എന്ന തന്റെ കരിയറിൽ നിന്നും ഗൗരവ് പിന്തിരിയാൻ തുടങ്ങിയതെന്നു സുഹൃത്തുക്കൾ വ്യക്തമാക്കി. ജോലിയിൽ നിന്നു പിൻവാങ്ങി ഗൗരവ് പാരാനോർമൽ സംഗതികളിൽ പഠനം നടത്തുകയും ആ വിഷയത്തിൽ സെർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള സെർട്ടിഫൈഡ് പാരാനോർമൽ അന്വേഷകനും പാരാ നെക്സസ് പ്രതിനിധിയുമൊക്കെയായിരുന്നു ഗൗരവ്.

ഗൗരവ് തിവാരി

സണ്ണി ലിയോണിനൊപ്പം ഹോണ്ടഡ് വീക്കെൻഡ്സ് എന്ന പേരിലുള്ള ടിവി ഷോയിലും ഗൗരവ് പങ്കെടുത്തിരുന്നു. ഭൂത് ആയാ, ഫിയർ ഫയൽസ് തു‌ടങ്ങിയ പരിപാടികൾ ഗൗരവിനെ കൂടുതൽ പരിചിതനാക്കി. 16 ഡിസംബർ, ടാങ്കോ ചാർളി എന്നീ സിനിമകളിലും ഗൗരവ് അഭിനയിച്ചിട്ടുണ്ട്.