സ്വന്തം പിഴ കണ്ടുപിടിച്ച് ഫൈനടച്ച് ഒരു പൊലീസുകാരൻ

പരിചയത്തിലോ ബന്ധത്തിലോ ഏതെങ്കിലുമൊരു പൊലീസുകാരനുണ്ടെങ്കിൽ പേരുപറഞ്ഞ് ഫൈനിൽനിന്നു തടിയൂരുന്നതാണല്ലോ പൊതുവെയൊരു ഏർപ്പാട്. എത്ര അകന്നവനും കണ്ടാൽ മിണ്ടാത്തവനും ആയാൽപോലും നമ്മുടെ അടുത്തയാളായിരിക്കും അപ്പോൾ ആ പൊലീസുകാരൻ!. ഇവിടെയിങ്ങനെയാണു കാര്യങ്ങൾ. മറ്റു നാടുകളിലും വലിയ വ്യത്യാസമൊന്നുമില്ല അല്ലെങ്കിൽ അമേരിക്കയിലെ ഈ പൊലീസുകാരൻ ഇത്ര ശ്രദ്ധ നേടുമോ.

ടിം ഗ്ലോവർ എന്ന ഫ്ലോറിഡയിലെ ഹെയ്ൻസ് സിറ്റി പൊലീസ് ഉദ്യോഗസ്ഥനാണ് കഥാപാത്രം. കക്ഷിക്ക് ഒരു ട്രാഫിക് പിഴ പറ്റി. പുള്ളി തന്നെ കണ്ടുപിടിച്ചു. അദ്ദേഹം പിഴയടയ്ക്കാനും മറന്നില്ല. സംഗതി നാട്ടിൽ പാട്ടായപ്പോൾ പിന്നെ അഭിനന്ദനങ്ങളുടെ കുത്തൊഴുക്കാണ്.സെപ്റ്റംബർ എട്ടിനാണ് ഗ്ലോവറിന്റെ പട്രോൾ കാർ ട്രാഫിക്സിഗ്നൽ ലംഘിച്ചത്. അടുത്തിടെ വിഡിയോ പരിശോധിക്കുമ്പോഴാണ് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. വിഡിയോ കണ്ടപ്പോൾ അദ്ദേഹം ഓർത്തെടുത്തു. ശരിയാണ് അന്ന് ലഞ്ച് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ട്രാഫിക്ജംക്‌ഷനിൽ ഇടത്തോട്ടു തിരിയുമ്പോൾ മഞ്ഞ മാറി ചുവന്ന ലൈറ്റ് തെളിഞ്ഞിരുന്നു. 

ഇപ്പോൾ വിഡിയോ കണ്ടപ്പോൾ മാത്രമാണ് അദ്ദേഹത്തിന് താൻ നിയമം ലംഘിച്ചതായി മനസ്സിലായുള്ളൂ എന്നു മാത്രം.തന്റെ വണ്ടിതന്നെയാണ് ഗതാഗതലംഘനം നടത്തിയതെന്നു മനസ്സിലായതോടെ മെല്ലെ തടിയൂരാൻ നോക്കാതെ, മേലുദ്യോഗസ്ഥനു റിപ്പോർട്ട് ചെയ്യാനാണ് ഗ്ലോവർ തുനിഞ്ഞത്. 160 ഡോളറിന്റെ പിഴ എഴുതിവാങ്ങി അദ്ദേഹം അത് അടയ്ക്കുകയും ചെയ്തു. താൻ ചെയ്തതു വലിയ കാര്യമായൊന്നും ടിമ്മിനു തോന്നുന്നില്ല.

‘തെറ്റെന്തെങ്കിലും ചെയ്താൽ ഉത്തരവാദിത്തം ഏറ്റെടുത്ത് പിഴ ഏറ്റുവാങ്ങണമെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്’ ഇതാണ് അദ്ദേഹത്തിന്റെ വിശദീകരണം. സംഭവം പുറത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിനു സന്ദേശങ്ങളാണ് ഇദ്ദേഹത്തെ തുണച്ച് എത്തിയത്.