ഇതാണ് പോലീസ്, ഗർഭിണിയെ 10 കിലോമീറ്റർ ചുമലിലേറ്റി ആശുപത്രിയിലെത്തിച്ചു 

കാമിനിക്കൊപ്പം പൊലീസ്, കാമിനിയുടെ കുഞ്ഞ്

ഒരു പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ സംരക്ഷണം നൽകുക എന്നതാണ് തങ്ങളുടെ ചുമതല എന്നു പൂർണ്ണമായും തെളിയിക്കുകയാണ് ഷിംലയിലെ ഭോന്ത് ഗ്രാമത്തിലെ ഒരു പറ്റം പോലീസുകാർ. മഞ്ഞുറഞ്ഞു കിടക്കുന്ന ഷിംലയിൽ ഇപ്പോൾ ശരാരാശി താപനില -3  ഡിഗ്രി സെൽഷ്യസ് ആണ്. അതായത് ഫ്രീസിംഗ് പോയിന്റിനും താഴെ. രാത്രികാലങ്ങളിൽ തണുപ്പ് വീണ്ടും വർധിക്കും, മഞ്ഞു വീഴ്ച കൂടുതൽ കനക്കും. ഇതോടെ ഈ പ്രദേശത്ത് ജനജീവിതം ദുസ്സഹമാകും. പാതകൾ മഞ്ഞുവീണ് സഞ്ചാര യോഗ്യമല്ലാതാകും എന്നതു തന്നെയാണ് പ്രധാന പ്രത്യേകത. 

പൊതുവെ ഷിംലയിലെ ഗ്രാമ പ്രദേശങ്ങളിൽ വലിയ ആശുപത്രികളോ വേണ്ടത്ര സൗകര്യങ്ങളോ ഇല്ല, ഈ അവസ്ഥയിൽ ഒരു യുവതിക്കു പ്രസവവേദന തുടങ്ങിയാലോ? എങ്ങനെ അകലെയുള്ള ആശുപത്രിയിൽ എത്തിക്കും? മഞ്ഞു വീണു കിടക്കുന്ന പാതകളിലൂടെ വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത അവസ്ഥ, എന്തുചെയ്യും? 

ഇത്തരം ഒരാവസ്ഥയിലൂടെയാണ് ഭോന്ത് സ്വദേശിനിയായ 23  കാരി കാമിനി കഴിഞ്ഞ ദിവസം കടന്നു പോയത്. തന്റെ ആദ്യപ്രസവത്തിനായുള്ള വേദന ആരംഭിച്ചപ്പോൾ കാമിനി ആശുപത്രിയിൽ നിന്നും 10  കിലോമീറ്റർ അകലെയായുള്ള തന്റെ വീട്ടിലായിരുന്നു. ശക്തമായ മഞ്ഞു വീഴ്ചയിൽ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ യാതൊരു വഴിയും ഇല്ലാതെ വീട്ടുകാർ കഷ്ടപ്പെടുമ്പോഴാണ് ഗ്രാമത്തിലെ പോലീസുകാർ സഹായത്തിനെത്തുന്നത്. 

വാഹനങ്ങൾക്കു കയറിറങ്ങാൻ മടിയുള്ള പാതയോരങ്ങളുടെ കടിഞ്ഞാൺ ആറംഗ സംഘത്തിലെ പോലീസുകാർ ഏറ്റെടുത്തു. അവർ കാമിനിയെ ഒരു കട്ടിലിൽ വീഴാത്ത രീതിയിൽ കിടത്തി, കട്ടിൽ ചുമന്നുകൊണ്ട് ആശുപത്രി ലക്ഷ്യമാക്കി നടന്നു. 10  കിലോമീറ്റർ ദൂരമാണ് പോലീസുകാർ ഇത്തരത്തിൽ കാമിനിയെ ചുമന്നത്. യാത്ര ഏകദേശം 3  മണിക്കൂർ പിന്നിട്ടപ്പോഴാണ് കമല നെഹ്‌റു ഹോസ്പിറ്റലിൽ എത്തുകയും, യുവതി ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. 

അപ്രതീക്ഷിത സഹായവുമായി പോലീസുകാർ എത്തിയില്ലായിരുന്നു എങ്കിൽ തനിക്ക് കുഞ്ഞിനെ ലഭിക്കില്ലായിരുന്നു എന്ന് കാമിനി പറഞ്ഞു.ഈ പ്രവർത്തിയിലൂടെ മനുഷ്വത്വം എന്ന വലിയ സന്ദേശമാണ് പോലീസുകാർ സമൂഹത്തിനു നൽകുന്നത്.