ആർത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുന്നൊരിടം !

രാജാ പർബാ ആഘോഷത്തിൽ നിന്ന്

ആര്‍ത്തവം എ​ന്നൊന്നുറക്കെ പറയാൻ പോലും മടിക്കുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. പരസ്യമായി പറയാനാവാത്ത അടഞ്ഞ വാതിലുകള്‍ക്കപ്പുറത്തു നിന്നും രഹസ്യമായി മാത്രം പറയാവുന്ന കാര്യമാണ് പലർക്കും ആർത്തവം. ഒരു സ്ത്രീയുടെ ശരീരത്തിൽ ശാസ്ത്രീയമായി സംഭവിക്കുന്ന മാറ്റം എന്നതിലുപരി ആർത്തവത്തിനെ അശ്ലീലമായി കാണുന്നവരാണ് ഏറെയും. മാസാമാസം അവളിൽ നിന്നും ദുഷിച്ച രക്തത്തെ പുറത്തേക്കു വിടുന്ന പ്രക്രിയ, അതിലുപരി അവളുടെ പ്രത്യുൽപാദനത്തിന്റെ അടിസ്ഥാന ഘടകം ഇത്രയൊക്കെയേ ആർത്തവം എന്നതിന് അർഥം കാണേണ്ടതുള്ളു. അതങ്ങനെയല്ലാതെ കാണുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

പക്ഷേ ഇങ്ങനെയാണെങ്കിലും ഒഡീഷക്കാരെ സംബന്ധിച്ചിടത്തോളം ആർത്തവം അവർക്കൊരിക്കലും അശ്ലീലമല്ല പകരം ആഘോഷമാണ്. ആർത്തവത്തെ ഉത്സവമാക്കി ആഘോഷിക്കുന്നൊരു ചടങ്ങുണ്ട് ഒഡീഷയിൽ. രാജാ പർബാ അഥവാ മിഥുന സംക്രാന്തി എന്നു പേരിട്ടിരിക്കുന്ന ഈ ഉത്സവം നടക്കുന്നത് എല്ലാവർഷവും ജൂണിലാണ്. ചുരുക്കത്തിൽ പറഞ്ഞാൽ സ്ത്രീത്വത്തിന്റെ ആഘോഷമാണ് രാജാ പർബാ. ആര്‍ത്തവാവസ്ഥയിലെ സ്ത്രീ എന്നർഥം വരുന്ന രാജശ്വാല എന്ന വാക്കില്‍ നിന്നുമാണ് രാജാ എന്ന വാക്കെടുത്തിരിക്കുന്നത്.

കാർഷിക വര്‍ഷാരംഭത്തിലാണ് ആഘോഷം നടക്കുന്നത്. ജൂണ്‍ മധ്യത്തിൽ പതിനാലു തൊട്ടു പതിനേഴു വരെയുള്ള ദിനങ്ങളിലാണ് രാജാ പർബ നടക്കാറുള്ളത്. സ്ത്രീയുടെ ആർത്തവത്തെ ഭൂമിദേവിയുമായി ബന്ധപ്പെടുത്തിയാണ് ആഘോഷിക്കുന്നത്. ആദ്യത്തെ മൂന്നുദിവസങ്ങളിൽ ജഗന്നാഥന്റെ പത്നിയായ ഭൂമിദേവി ആര്‍ത്തവ കാലത്തിലൂെട പോകുമെന്നും നാലാംദിവസം ആചാരപ്രകാരം കുളിപ്പിക്കുമെന്നുമാണ് വിശ്വാസം.

രാജാ പർബാ ആഘോഷത്തിൽ നിന്ന്

അവിവാഹിതരായ സ്ത്രീകളുടെ ആർത്തവകാലം പോലെ ഭൂമിദേവിക്കും ഇക്കാലത്തു വിശ്രമമാണ് അതുകൊണ്ടു തന്നെ കാർഷിക പ്രവർത്തനങ്ങൾ ഇക്കാലത്തുണ്ടാവില്ല. വേനൽക്കാലത്തു വറ്റിവരണ്ട ഭൂമി മഴക്കാലമാകുന്നതോടെ ഉൽപ്പാദനത്തിനു തയ്യാറെടുക്കുന്ന കാലത്താണ് ഉത്സവം നടക്കുന്നത്.ആഘോഷത്തിന്റെ ആദ്യമൂന്നുദിവസങ്ങളിൽ പൂക്കൾ പറിക്കുന്നതും നിലമുഴുകലും ജലസേചനവും കൃഷിപ്പണിയുമെല്ലാം നിർ‍ത്തി വെക്കും. ഈ കാലത്ത് ഭൂമി പുനരുജ്ജീവനത്തിനു തയ്യാറാവുകയാണെന്നാണ് വിശ്വാസം.

അവിവാഹിതരായ സ്ത്രീകൾ അവരുടെ പുതിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് ഏറ്റവും മനോഹരമായിരിക്കണം നാലുദിവസവും. മാത്രമല്ല ഇക്കാലങ്ങളിൽ സ്ത്രീകൾക്ക് വീട്ടുജോലികൾ ചെയ്യേണ്ടതില്ലെന്നു മാത്രമല്ല അവരുടെ ഇഷ്ടം പോലെ അകത്തും പുറത്തുമെല്ലാം കളിക്കുകയും ആവശ്യത്തിനനുസരിച്ച് ഭക്ഷണം കഴിക്കുകയുമാവാം.

ആഘോഷത്തിന്റെ ആദ്യദിനത്തിൽ പെൺകുട്ടികൾ പുലർകാലത്തിലേ എഴുന്നേൽക്കണം, തുടർന്ന് മഞ്ഞളും എണ്ണയും ശരീരത്തിലും തലമുടിയിലും തേച്ചുപിടിപ്പിച്ച് പുഴയിലോ വലിയ ടാങ്കിലോ വേണം കുളിക്കാൻ. അടുത്ത രണ്ടു ദിവസത്തേക്ക് കുളിക്കാൻ പാടുള്ളതല്ല. ഭൂമിദേവിയുടെ ആർത്തവത്തിന്റെ അവസാന ദിനമെന്നു വിശ്വസിച്ച് നാലാംദിവസമാണ് ആഘോഷങ്ങളോടെ കുളിക്കുന്നത്.

ഉത്സവത്തിന്റെ ഓരോ ദിവസങ്ങൾക്കും ഓരോ പേരുകളും അതിനെല്ലാം ഓരോ പ്രാധാന്യങ്ങളുമുണ്ട്. ആദ്യദിവസം പാഹിലി രാജോ, രണ്ടാം ദിവസം മിഥുന സംക്രാന്തി, മൂന്നാം ദിവസം ഭു ദാഹാ അല്ലെങ്കിൽ ബാസി രാജാ നാലാം ദിവസം വസുമതി സ്നാനാ എന്നിങ്ങനെയാണ് അറിയപ്പെ‌ടുന്നത്. ലിംഗസമത്വമെന്നും സ്ത്രീസമത്വമെന്നുമൊക്കെ ഘോരം പ്രസംഗിക്കുന്നവര്‍ ഒഡീഷക്കാർ സ്ത്രീത്വത്തെ ബഹുമാനിക്കുന്ന രീതിയെ കണ്ടുപഠിക്കേണ്ടതാണ്.