ദേവകിയും ഭർത്താവും ആത്മഹത്യ ചെയ്തത് എന്തിന്?

1976 മാർച്ച് ഒന്ന്, രാവിലെ ഏഴുമണി. ഡോ.രാമകൃഷ്ണൻ വേഗത്തിൽ നടന്നു. ക്യാംപസിനു പുറത്ത് അൽപം അകലെയാണ് ആർ.ഇ.സി പ്രിൻസിപ്പൽ കെ.എം ബെഹാവുദ്ദീൻ താമസിക്കുന്നത്. അദ്ദേഹത്തെ എത്രയും പെട്ടെന്നു വിവരം അറിയിക്കണം. ഹോസ്റ്റലിന്റെ ആക്ടിങ് ചീഫ് വാർഡനാണ് ഡോ.രാമകൃഷ്ണൻ. രാവിലെ വിദ്യാർഥികൾവന്ന് നടുക്കുന്ന ഒരുവിവരം അദ്ദേഹത്തോടു പറഞ്ഞിരുന്നു: ഫൈനൽ ഇയർ വിദ്യാർഥി രാജനെയും പ്രിഫൈനൽ വിദ്യാർഥി ചാലിയെയും പൊലീസ് അറസ്റ്റ് ചെയ്തു.


കാര്യത്തിന്റെ ഗൗരവം പ്രഫ.കെ.എം.ബെഹാവുദ്ദീൻ എളുപ്പത്തിൽ ഗ്രഹിച്ചു. ഒൻപതു മണിയോടെ അദ്ദേഹം കോളജിൽ എത്തി. തനിക്ക് അടുപ്പമുള്ള അധ്യാപകരെ വിളിച്ചു വരുത്തി: ‘കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. എവിടെ കൊണ്ടുപോയി എന്നറിഞ്ഞു കൂടാ...’

കോളജിന്റെ ഏറ്റവും സമീപത്തുള്ള പൊലീസ് സ്റ്റേഷൻ കുന്ദമംഗലത്തായിരുന്നു . പ്രിൻസിപ്പൽ അവിടേക്കു വിളിച്ചു. ‘‘ഞങ്ങൾ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല’’ എന്നായിരുന്നു അവരുടെ മറുപടി. മുക്കം സ്റ്റേഷനിൽനിന്നും വിവരമൊന്നും ലഭിച്ചില്ല.


കോഴിക്കോടു ജില്ലാ പൊലീസ് അധികാരികളെ അദ്ദേഹം ഫോണിൽ വിളിച്ചു. കിട്ടിയില്ല. തന്റെ വലം കയ്യായ പ്രഫ. അബ്ദുൾ ഗഫൂറിനെ ജില്ലാ പൊലീസ് കേന്ദ്രത്തിലേക്ക് അയച്ചു. പ്രഫസർ ഗഫൂർ മടങ്ങിവന്ന് അറിയിച്ചു: അവരൊന്നും പറയാൻ തയാറല്ല സർ, എന്തോ ഒളിച്ചുവയ്ക്കുന്നുണ്ട്.

അറസ്റ്റിലായ കുട്ടികളുടെ വീട്ടിലേക്കു പ്രിൻസിപ്പൽ റജിസ്റ്റർ ചെയ്ത കത്തയച്ചു.


പ്രഫ. ബഹാവുദ്ദീൻ തന്റെ ശ്രമങ്ങൾ തുടർന്നു. ഡിഐജി മധുസൂദനന്റെ ബന്ധുവായ പ്രഫ.എം.പി.ചന്ദ്രശേഖരനെ അദ്ദേഹം വിളിപ്പിച്ചു പറഞ്ഞു: ‘‘ഡി.ഐ.ജിയുടെ ഓഫിസിൽ പോകണം. എന്തെങ്കിലും വിവരം കിട്ടുമോ എന്നു നോക്കൂ’’.

രാജനെ അറസ്റ്റ് ചെയ്യാനായി പൊലീസ് ആർ ഇ സി ഹോസ്റ്റലിലേക്ക ുകടന്നത് ചിത്രത്തിൽ കാണുന്ന ഇ ഹോസ്റ്റലിന്റെ വശത്തൂടെയുള്ള വഴിയിലൂടെയാണ് . പ്രധാന വാതിലുകൾക്കു പുറമേയുള്ള ഈ പ്രവേശനമാർഗം ജയറാം പടിക്കലിന്റെ നിർദേശപ്രകാരം ഇരുമ്പു ഗ്രില്ലിട്ട് അടയ്ക്കുകയായിരുന്നു . അത് ഇന്നും അങ്ങനെ തുടരുന്നു .

ആ ദൗത്യത്തെപ്പറ്റി പ്രഫ.ചന്ദ്രശേഖരൻ പറയുന്നു:


ഞാൻ ഡിഐജി മധുസൂദനന്റെ നടക്കാവിലുള്ള ഓഫിസിൽ ചെന്നു. അദ്ദേഹം അവിടെയുണ്ടായിരുന്നില്ല.. പിഎ വിവരം പറഞ്ഞു , ‘‘ആർഇസി വിദ്യാർഥികളെ പിടിച്ചിരിക്കുന്നതു കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിച്ച കേസിലാണ്. ക്യാംപ് നടത്തുന്നതു മധു സാറല്ല. ജയറാം പടിക്കലാണ്. പോകുന്ന വഴി മുഴുവൻ സി.ആർ.പി.എഫ് ചെക്കിങ് ഉണ്ട്. ആരെയും പോകാൻ അനുവദിക്കുകയില്ല’.’


ഈ വിവരം പറഞ്ഞപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: ‘‘രാജന്റെ അച്ഛൻ ഈച്ചരവാരിയർ ഗവ. ആർട്സ് കോളജിലെ പ്രഫസർ ആണ്. ഇപ്പോൾ കോഴിക്കോട്ടുണ്ട്. അദ്ദേഹത്തെ കണ്ട് വിവരം പറയൂ. മുഖ്യമന്ത്രി അച്യുതമേനോനെ അദ്ദേഹത്തിനു നേരിട്ടു പരിചയമുണ്ട്. തിരുവനന്തപുരത്തു ചെന്നു മുഖ്യമന്ത്രിയെ കാണുവാൻ പറയൂ’’.

ഞാനും പ്രഫസർ ജോർജ് വർഗീസുംകൂടി കോഴിക്കോട്ടുള്ള കേരളഭവൻ ഹോട്ടലിൽ ചെന്നു. അവിടെ നാലാം നമ്പർ മുറിയിൽ താമസിക്കുകയായിരുന്നു ഈച്ചരവാരിയർ. കണ്ട് കാര്യങ്ങൾ പറഞ്ഞു. ‘സാർ ഇന്ന് ഏഴര മണിയുടെ ഡീലക്സ് ബസിൽ തിരുവനന്തപുരത്തു പോകണം. മാസ്കറ്റ് ഹോട്ടലിന്റെ മുന്നിൽ ഇറങ്ങി കന്റോൺമെന്റ് ഹൗസിൽ പോകണം. മുഖ്യമന്ത്രിയെ കാണണം’’.


എന്നാൽ ഈച്ചരവാരിയർക്ക് അതു സമ്മതമായിരുന്നില്ല. ‘അച്യുതമേനോൻ എന്റെ സുഹൃത്തു തന്നെ. എന്നാൽ ഇതുവരെ ഒരു കാര്യത്തിനുവേണ്ടിയും ഞാൻ അദ്ദേഹത്തെ സമീപിച്ചിട്ടില്ല. ഇതിനായി പോകാനൊട്ട് ഉദ്ദേശ്യവുമില്ല’’.


ഞാൻ വീണ്ടും നിർബന്ധിച്ചു: ‘‘സാർ , അത് അങ്ങനത്തെ ശുപാർശ ഒന്നും അല്ലല്ലോ . സാറൊന്നു മുഖ്യമന്ത്രിയെ കണ്ടാൽ രാജനെ വിടുവിക്കാം’’

‘അവൻ കുറ്റമൊന്നും ചെയ്തില്ലെങ്കിൽ പൊലീസ് അവനെ വെറുതെ വിടില്ലേ? കുറ്റം ചെയ്യാത്തവരെ എന്തിനാ ശിക്ഷിക്കുന്നത്?’ എന്നായിരുന്നു ഈച്ചരവാരിയരുടെ പ്രതികരണം. . അദ്ദേഹം തിരുവനന്തപുരത്തേക്കു പോകാൻ കൂട്ടാക്കിയില്ല’.


പ്രഫ.എം.പി.ചന്ദ്രശേഖരൻ തുടരുന്നു :

‘ഞങ്ങൾ നിരാശരായി മടങ്ങി. വർഷങ്ങൾക്കുശേഷവും മനസ്സാക്ഷിക്കുത്തുപോലെ രണ്ടു ചോദ്യങ്ങൾ മനസ്സിൽ നുരഞ്ഞുപൊന്തുന്നു. ഈച്ചരവാരിയർ തിരുവനന്തപുരത്തു പോയിരുന്നെങ്കിൽ രാജനെ മരണത്തിൽ നിന്നു രക്ഷിക്കാൻ കഴിയുമായിരുന്നോ ? ധാർമികതയുടെ ലോകത്തിൽ നിന്ന് അദ്ദേഹത്തെ ഇറക്കിക്കൊണ്ടുവരുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടില്ലേ?’.


പക്ഷേ, ശ്രമിച്ചിരുന്നെങ്കിൽപോലും പ്രഫ. ഈച്ചരവാരിയർക്കു രാജനെ രക്ഷിക്കാനായി ഒരുദിവസമേ ലഭിക്കുമായിരുന്നുള്ളൂ . അടുത്തദിവസം വൈകിട്ടോടെ രാജൻ കൊല്ലപ്പെട്ടിരുന്നു.


പ്രിൻസിപ്പൽ ബെഹാവുദ്ദീൻ തന്റെ ശ്രമങ്ങൾ തുടർന്നു. നാലാം തീയതിയോടെ കക്കയം ക്യാംപ് സന്ദർശിക്കുന്നതിന് അദ്ദേഹത്തിന് അനുവാദം ലഭിച്ചു.

പ്രഫ.ബെഹാവുദ്ദീൻ ഈ യാത്രയെപ്പെറ്റി വിവരിക്കുന്നു:


‘മാർച്ച് നാലിനു കാലത്ത് ഞാനും പ്രഫ. ഗഫൂറും ഡ്രൈവറും കൂടി കോളജ് വക കാറിൽ കക്കയത്തേക്കു പുറപ്പെട്ടു. പത്തുമണിക്കു കക്കയത്തെത്തി.

റോഡിൽനിന്നു 300 മീറ്ററോളം ഉള്ളിലായിരുന്നു പൊലീസ് ക്യാംപ്. കാവൽക്കാരനോട് ആഗമനോദ്ദേശ്യം അറിയിച്ചു. അയാൾ അകത്തുപോയി അധികാരികളോടു സംസാരിച്ചു തിരിച്ചുവന്നു. ഞങ്ങളോടു കാത്തിരിക്കാൻ പറഞ്ഞു. നാലര മണിക്കൂർ അവർ പ്രിൻസിപ്പലിനെയും പ്രഫസറെയും കാറിൽ പുറത്തിരുത്തി. രണ്ടര മണിയോടെ മാത്രമെ ക്യാപിലേക്കു കടക്കുവാൻ അനുവദിച്ചുള്ളൂ .


നിന്റെ കോളജ് ഞാൻ പൂട്ടിക്കുമെടാ....

പ്രിൻസിപ്പൽ തുടരുന്നു :

‘ജയറാം പടിക്കലിന്റെ മുറിയിൽ കടന്നുചെല്ലുമ്പോൾ മറ്റൊരു മുറിയിലെ ജാലകത്തിനടുത്തു ജോസഫ് ചാലി നിൽക്കുന്നതു കണ്ടു. പ്രഫ. ഗഫൂറാണ് എനിക്കു ചാലിയെ കാണിച്ചുതന്നത്. പടിക്കലുമായി ഞങ്ങൾ ഒരു മണിക്കൂർ നേരം സംസാരിച്ചു. അടുത്ത കസേരയിൽ ഡി.ഐ.ജി മധുസൂദനൻ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹം കാര്യമായി ഒന്നും സംസാരിച്ചില്ല.

പൊലീസ് കസ്റ്റഡിയിൽ രാജൻ കൊല്ലപ്പെട്ടു എന്ന വിവരം ജയറാം പടിക്കൽ തന്ത്രപൂർവം മറച്ചുവച്ചു. രാജൻ കസ്റ്റഡിയിൽ നിന്ന് ഓടിപ്പോയതായി പ്രിൻസിപ്പലിനോടു ജയറാം പടിക്കൽ കള്ളം പറഞ്ഞു.


‘‘കസ്റ്റഡിയിലെടുത്ത മറ്റു വിദ്യാർഥികളെ കായണ്ണ നക്സലൈറ്റ് ആക്രമണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. നിന്റെ ആർ.ഇ.സി ഒരു നക്സലൈറ്റ് കേന്ദ്രമാണ്’ ഡിഐജി പടിക്കൽ പറഞ്ഞു. തുടർന്നു രോഷവും പുച്ഛവും കലർന്ന സ്വരത്തിൽ അസഭ്യമായ ഭാഷ ഉപയോഗിക്കുകയും ‘നിന്റെ കോളജ് ഞാൻ പൂട്ടിക്കുമെടാ’ എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.


പ്രിൻസിപ്പൽ ബെഹാവുദ്ദീൻ നിരാശനായി മടങ്ങി.

എന്നാൽ വിധിയുടെ വിളയാട്ടം അതീവ വിചിത്രമാണ്. ഒരു കൊല്ലത്തിനു ശേഷം ജയറാം പടിക്കൽ തന്റെ മൗഠ്യസ്വർഗത്തിൽ നിന്നും നിലം പതിക്കും . പ്രിൻസിപ്പൽ ബെഹാവുദീന് അതിൽ ഒരു വലിയ പങ്കുണ്ടാകും..


ദേവകിയും ഭർത്താവും ആത്മഹത്യ ചെയ്തത് എന്തിന്?


ആർഇസിയിലെ തൂപ്പുകാരി ദേവകിയും ഭർത്താവ് റ്റാപ്പർ രാജനെയും പൊലീസ് ‌തുടർച്ചയായി ‘ചോദ്യം’ ചെയ്തിരുന്നു. അവർ ആത്മഹത്യ ചെയ്തതിന്റെ കാരണം കാനങ്ങോട്ടു രാജൻ വിവരിക്കുന്നു...


‘ഈ ആത്മഹത്യയുടെ തലേദിവസം വൈകിട്ട് കക്കയം ക്യാംപിൽനിന്ന് എന്നെ പൊലീസ് വാനിൽ മുക്കത്തേക്കു കൊണ്ടുപോയി. അവിടെവച്ചു പൊലീസുകാർ മദ്യപിച്ചു. തിരികെ വരുമ്പോൾ വാൻ ദേവകിയുടെ വീടിന്റെ മുന്നിൽ നിർത്തി. അപ്പോൾ രാത്രി ഏകദേശം രണ്ടുമണി ആയിക്കാണും. എന്നെ വാനിൽ കൈവിലങ്ങിട്ട് ഇരുത്തിയിട്ട് പൊലീസുകാർ വീടിന്റെ ഉള്ളിലേക്കു കയറി. അവർ ദേവകിയെ മാനഭംഗം ചെയ്തു. അതാണു ദേവകിയും രാജനും ആത്മഹത്യ ചെയ്യുവാൻ കാരണം.’’


അഭിപ്രായ സ്വാതന്ത്ര്യമോ മാധ്യമ സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ ഈ സംഭവങ്ങൾ എല്ലാം കുഴിച്ചുമൂടപ്പെട്ടു.

അധ്യായം അഞ്ച്: രാജന്റെ കൊലപാതകം നേരിൽ കണ്ട സാക്ഷിയുടെ വിവരണം