Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജന്റെ മൃതദേഹം എവിടെ? കൊന്നവർ അത് എങ്ങനെ നശിപ്പിച്ചു?

Rajan Case രാജന്റെ മൃതശരീരം എങ്ങനെ നശിപ്പിച്ചു എന്നത് ഇന്നും വ്യക്തമല്ല. കക്കയത്തുണ്ടായിരുന്ന പല പൊലീസുകാർക്കും ഈ വിവരം അറിയാം..

മുകളിൽ നിന്നുള്ള ഉത്തരവിൻ പ്രകാരം, രാജന്റെ തിരോധാനത്തെപ്പറ്റി കോഴിക്കോട് എസ്പി ലക്ഷ്മണ 28.12.1976 ൽ ജയറാം പടിക്കലിനു റിപ്പോർട്ട് സമർപ്പിച്ചു. ‘രാജനെ അറസ്റ്റു ചെയ്യുവാൻ കഴിഞ്ഞില്ല’ എന്ന ലക്ഷ്മണയുടെ പ്രസ്താവന ഉൾപ്പെടെ ഈ റിപ്പോർട്ടിലെ പല ഭാഗങ്ങളും കള്ളമാണ് എന്നു ഹൈക്കോടതി വിധിച്ചു. എന്നാൽ ഈ റിപ്പോർട്ടിൽ പറയുന്നു , ‘രാജൻ തീവ്രവാദികളുമായി ബന്ധം പുലർത്തിയിരുന്നതായി വെളിപ്പെട്ടിട്ടുണ്ട്. സ്റ്റേഷൻ ആക്രമണത്തിനു മുൻപ് കേസിലെ പ്രതികൾക്കു രഹസ്യ സമ്മേളനങ്ങൾ നടത്തുന്നതിനു രാജൻ സൗകര്യം നൽകി.

ആയിരത്തിൽപരം കുട്ടികൾ താമസിക്കുന്ന ആർഇസി ഹോസ്റ്റൽ ക്യാംപസിൽ രാജൻ എങ്ങനെ ‘രഹസ്യ സമ്മേളനങ്ങൾ’ നടത്തി? ഇതിന്റെ നിജസ്ഥിതി അറിയുവാനായി ആ കാലത്ത് രാജനുമായി ബന്ധപ്പെട്ടിരുന്നവരെ തിരഞ്ഞുപിടിച്ചു സംസാരിച്ചു. ഈ രഹസ്യത്തിന്റെ ചുരുളുകൾ നിവരുന്നു. വിദ്യാർഥികളും ഹോസ്റ്റലിലെ മെസ് ജീവനക്കാരും അടങ്ങുന്ന ആറുപേരുള്ള ഒരു നക്സലൈറ്റ് ദളം ആർഇസി ക്യാംപസിന്റെ ഉള്ളിൽ രൂപം കൊണ്ടു. രാജൻ അതിന്റെ അംഗമായിരുന്നു. ക്യാംപസിന്റെ അറ്റത്തുള്ള ‘ഇ’ ഹോസ്റ്റലിന്റെ പുറകിൽ മരങ്ങൾക്കിടയിൽ അവർ രാത്രികാലങ്ങളിൽ സമ്മേളിച്ചിരുന്നു.

എന്നാൽ നക്സലൈറ്റ് പ്രസ്ഥാനത്തെ രാജൻ പൂർണമായി ഉൾക്കൊണ്ടില്ല. രാജന്റെ സംശയങ്ങൾ നിവർത്തുവാനായി രാത്രി മുഴുവൻ അയാളുമായി ചെത്തുകടവിലും പുഴക്കരയിലും സംവാദം നടക്കാറുണ്ടായിരുന്നതായി രാജനുമായി ബന്ധപ്പെട്ടിരുന്നവർ പറയുന്നു.

നക്സലൈറ്റുകളുടെ ലഘുലേഖകൾ അടിച്ചിരുന്ന സൈക്ലോസ്റ്റൈലിങ് മെഷീൻ നന്നാക്കിയ ശേഷം തിരിച്ചുകൊടുക്കുവാനായി ‘ഡി’ ഹോസ്റ്റലിലെ രാജന്റെ മുറിയിൽ വന്നിട്ടുണ്ടെന്ന് ഒരാൾ വെളിപ്പെടുത്തി. പി.രാജൻ നേരിട്ടുതന്നെയാണ് ഇതു നന്നാക്കുവാനായി കാനങ്ങോട്ട് രാജന്റെ ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടുകൊടുത്തത്.

ആർഇസി മെസ് ജീവനക്കാരനായിരുന്ന കോരുവിന്റെ വീട്ടിൽ വച്ച് നക്സലൈറ്റ് പ്രസ്ഥാനത്തിലെ ഉന്നത നേതാക്കളുടെ സ്റ്റേറ്റ് കമ്മിറ്റി മീറ്റിങ് നടന്നു എന്നും, അതിനുവേണ്ട ഒരുക്കങ്ങൾ നടത്തിയതു രാജൻ ആയിരുന്നു എന്നും ഇവർ പറയുന്നു. എന്നാൽ ആർഇസി വിദ്യാർഥികൾ ആരും തന്നെ കായണ്ണ ആക്രമണത്തിൽ പങ്കെടുത്തിട്ടില്ല. അങ്ങനെ പൊലീസ് ആരോപിക്കുന്നുമില്ല.

Rajan Case രാജന്റെ മൃതദേഹം കൊണ്ടിട്ടു എന്നു സംശയിക്കുന്ന ഊരക്കുഴി

കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണം

കായണ്ണ സ്റ്റേഷൻ ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്ന സോമശേഖരൻ പറയുന്നു : സ്റ്റേറ്റ് കമ്മിറ്റി കൂടിയാണ് കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിക്കുവാൻ തീരുമാനം എടുത്തത്. കമ്മിറ്റിയിൽ മുരളി കണ്ണമ്പള്ളി പങ്കെടുത്തിരുന്നു. കെ.വേണുവും ഞാനും ആയിരുന്നു ‘ആക്‌ഷൻ’ ആസൂത്രണം ചെയ്തത്. കൂരാച്ചുണ്ട് ഗ്രാമത്തിലെ ഓടുമേഞ്ഞ ഒരു പഴയ ഷെഡ്ഡിലായിരുന്നു കായണ്ണ പൊലീസ് സ്റ്റേഷൻ.

നക്സലൈറ്റ് വർഗീസിന്റെ അനുസ്മരണ ദിനമായ ഫെബ്രുവരി പതിനെട്ടിന് ആക്രമണം നടത്തുവാനായിരുന്നു ആദ്യം ആലോചിച്ചത്. ആ ദിവസം പൂർണചന്ദ്രൻ ആയിരുന്നതിനാൽ ഫെബ്രുവരി ഇരുപത്തിയേഴ് രാത്രിയിലേക്ക് ‘ആക്‌ഷൻ’ മാറ്റുകയായിരുന്നു.

വേണു, കുന്നേൽ കൃഷ്ണൻ, ഭരതൻ, വാസു, ദാമോദരൻ മാഷ്, അച്യുതൻ, വത്സരാജൻ, ചെറിയരാജൻ എന്നിങ്ങനെ ഞങ്ങൾ പതിമൂന്നു പേരാണ് ആക്രമണത്തിൽ പങ്കെടുത്തത്. ഓരോരുത്തർക്കും പേരിനു പകരം നമ്പർ നൽകി. സ്ഥലം പരിചയമുള്ളത് എനിക്കു മാത്രമായിരുന്നു. എന്നാൽ ‍ഞങ്ങൾക്കു രണ്ടു പിശകുകൾ സംഭവിച്ചു. സിനിമയുടെ ഫസ്റ്റ് ഷോ കഴിഞ്ഞായിരുന്നു പദ്ധതി. സിനിമ കാണുവാൻ ഞങ്ങൾ കൊട്ടകയിൽ കയറി. പക്ഷേ, പതിവിനു വിപരീതമായി അന്നു സെക്കൻഡ് ഷോ ഉണ്ടായിരുന്നു. ആളുകൾ പിരിഞ്ഞുപോകുവാനായി ഒരേ സിനിമ ഞങ്ങൾ വീണ്ടും കണ്ടു. അങ്ങനെ ആക്രമണം വിചാരിച്ചതിലും താമസിച്ചു.

സ്റ്റേഷനിൽ നാലു പൊലീസുകാരേ ഉണ്ടാകുകയുള്ളൂ എന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ അവിടെ പതിനൊന്നു പൊലീസുകാർ ഉണ്ടായിരുന്നു. അതായിരുന്നു രണ്ടാമത്തെ പിശക്.

എന്നാൽ പൊലീസുകാർ മദ്യപിച്ചിട്ട് ഉറക്കമായിരുന്നു. സ്റ്റേഷനിൽ കറന്റ് ഇല്ലായിരുന്നു. ‘ആക്‌ഷൻ’ പത്തു മിനിറ്റേ നീണ്ടുനിന്നുള്ളൂ. കമ്പിവടിയും കത്തിയുമായിരുന്നു ഞങ്ങളുടെ ആയുധം. ആക്രമണം തുടങ്ങിയപ്പോൾ തന്നെ പൊലീസൂകാർ ഭയന്നു പുറത്തേക്കോടി. സ്റ്റേഷനിലെ തോക്കുകളും വെടിയുണ്ടകളും ബയണറ്റുകളും എടുത്തു ഞങ്ങൾ പുറത്തിറങ്ങി.

പല വഴിക്ക് ഞങ്ങൾ പിരിയുവാൻ തുടങ്ങി. എല്ലാവരും പുറത്തിറങ്ങിയോ എന്ന് എനിക്കു സംശയം. ഇരുട്ടാണ്. ‘ആരെങ്കിലും സ്റ്റേഷനിൽ ബാക്കിയുണ്ടോ’ ഞാൻ ഉറക്കെ ചോദിച്ചു. ‘ഉണ്ട്’ എന്ന് ആരോ പറഞ്ഞു. ഞാനും വേണുവും സ്റ്റേഷന്റെ ഉള്ളിലേക്കു കുതിച്ചു. രണ്ടു പൊലീസുകാർ കൃഷ്ണേട്ടനെ കമഴ്ത്തിക്കിടത്തി മുകളിൽ കയറി ഇരിക്കുന്നു. ഒരാൾ കൃഷ്ണേട്ടന്റെ കൈവിരലിൽ കടിച്ചുപിടിച്ചിട്ടുണ്ട്. ഞങ്ങൾ കടന്നു ചെന്നപ്പോൾ ‘അവന്മാർ പിന്നെയും വരുന്നെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസുകാർ ഇറങ്ങി ഓടി. ഞങ്ങൾ കൃഷ്ണേട്ടനെയും കൂട്ടി പുറത്തിറങ്ങി.

മാർച്ച് ഒന്നാം തീയതി രാജനെയും ചാലിയെയും പിടിക്കുവാനായി പൊലീസ് ആർഇസി ഹോസ്റ്റലിൽ വന്നു, ഞാനും വാസുവും അപ്പോൾ ഹോസ്റ്റലിനു തൊട്ട് അപ്പുറത്തുള്ള മുരളിയുടെ മുറിയിൽ ഉണ്ടായിരുന്നു. രാജനെ അറസ്റ്റ് ചെയ്തതായി (ഡോബി) സത്യൻ ഞങ്ങളോടു വന്നു പറഞ്ഞു. വാസുവും ഞാനും പെട്ടെന്നു മുറിയിൽ നിന്നിറങ്ങി നടന്നു. മാവൂർ റോഡിലേക്കു കയറിയപ്പോൾ ദൂരെ നിന്നു പൊലീസുകാർ ഞങ്ങളെ കണ്ടു. വിസിൽ അടിച്ചുകൊണ്ട് അവർ ഞങ്ങളുടെ പുറകേ ഓടി. അടുത്തുള്ള പുരയിടത്തിലേക്കു ചാടിക്കടന്ന് ഞങ്ങൾ ഓടി. ചാലിയാറിന്റെ തീരത്തെത്തി. അവിടെ ഒരു തോണിക്കാരനുണ്ടായിരുന്നു. എന്നാൽ ‍ഞങ്ങളുടെ കൈവശം കടത്തുകൂലി കൊടുക്കാനുള്ള പണം ഇല്ലായിരുന്നു.

ടൂറിസ്റ്റുകളാണ്, പണമില്ല, എന്നു പറഞ്ഞപ്പോൾ അയാൾ പണം വാങ്ങാതെ ഞങ്ങളെ മറുകരയിൽ എത്തിച്ചു. അവിടെ നിന്നും ‍ഞങ്ങൾ ഫറോക്കിലേക്കു പോയി. മറ്റുള്ളവരെ പിടിച്ചു കഴിഞ്ഞാണ് എന്നെ പൊലീസിനു പിടികിട്ടുന്നത്. മറ്റുള്ളവർക്കു ലഭിച്ച അത്ര മർദനം എനിക്കു സഹിക്കേണ്ടി വന്നില്ല. രാജൻ കൊല്ലപ്പെട്ട ശേഷം മർദനത്തിന് അയവു വന്നിരുന്നു. മാത്രവുമല്ല എന്റെ ശരീരം മുഴുവൻ മീസിൽസ് വന്നതിനു ശേഷമുള്ള വ്രണമായിരുന്നു.

കായണ്ണ ആക്രമണത്തിന്റെ ആസൂത്രണം ആർഇസിയുടെ ഉള്ളിൽ നിന്നാണെന്ന ഉറച്ച വിശ്വാസത്തിലാണു ജയറാം പടിക്കൽ അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം പുരോഗമിച്ചപ്പോൾ പൊലീസിനു കിട്ടിയ തെളിവുകൾ മറിച്ചായിരുന്നു. കായണ്ണ ആക്‌ഷനിൽ ആർഇസിക്കാർ ആരും തന്നെ ഇല്ല എന്നതു പടിക്കലിനെ അദ്ഭുതപ്പെടുത്തി. എടാ, ആർഇസിക്കാർ ഒരുത്തൻ പോലും ഇല്ലേ? എന്നു പടിക്കൽ എന്നോടു ചോദിക്കുമ്പോൾ അയാളുടെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.

രാജന്റെ മൃതശരീരം എങ്ങനെ നശിപ്പിച്ചു ?

രാജന്റെ മൃതശരീരം എങ്ങനെ നശിപ്പിച്ചു എന്നത് ഇന്നും വ്യക്തമല്ല. കക്കയത്തുണ്ടായിരുന്ന പല പൊലീസുകാർക്കും ഈ വിവരം അറിയാം. എന്നിട്ടും സത്യം പുറത്തു കൊണ്ടുവരുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടു. മൃതശരീരം എങ്ങനെ നശിപ്പിച്ചു എന്നതിനെപ്പറ്റി പല കഥകളും പ്രചരിച്ചിട്ടുണ്ട്.

രാജന്റെ കൊലക്കേസ് അട്ടിമറിക്കാൻ തുടക്കം മുതൽ ശ്രമം നടന്നിരുന്നു. സാക്ഷി വിസ്താര സമയത്ത്  കേസുമായി ബന്ധമുള്ള ഒന്നും തന്നെ രാജന്റെ പിതാവിനോടു സർക്കാർ വക്കീൽ ചോദിച്ചില്ല. സർക്കാരിന്റെ കേസു നടത്തിപ്പു കേസു തോൽക്കുവാൻ വേണ്ടിയാണെന്ന് ഈച്ചരവാരിയർക്കു ബോധ്യമായി. അതേസമയം കേസിൽ കക്ഷിചേരുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എല്ലാം സർക്കാർ തടഞ്ഞു.

രാജന്റെ മൃതദേഹം കണ്ടെത്തുവാൻ നേവിയുടെ മുങ്ങൽ വിദഗ്ധർ കക്കയം ഡാമിൽ രണ്ടു ദിവസം മുങ്ങിത്തപ്പിയിരുന്നു. മുപ്പത് അടി താഴ്ചയിലായിരുന്നു പരിശോധന. രാജന്റെ മൃതദേഹം ഊരക്കുഴിയിൽ കൊണ്ടുപോയി ഇട്ടു എന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്മാർ അവസാനം എത്തിച്ചേർന്നത്. ഊരക്കുഴി ഭാഗത്ത് ഒരു പൊലീസ് വാൻ സ്റ്റക്ക് ആയി നിന്നതിനു തെളിവുകളുണ്ട് എന്നു കുറ്റപത്രത്തിൽ പറയുന്നു. കക്കയം വനത്തിലുള്ളിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ അഗാധമായ ഒരു ഗർത്തമാണ് ഊരക്കുഴി, വഴുക്കലുള്ള പാറകളും അപ്പുറം കാണാനാവാത്ത ഗർത്തത്തിലേക്കു പതിക്കുന്ന കാട്ടുചോലയും. എന്നാൽ രാജന്റെ മൃതദേഹം കണ്ടെടുക്കുന്നതിനോ മൃതദേഹം നശിപ്പിച്ചതായി തെളിയിക്കുന്നതിനോ അന്വേഷണ ഉദ്യോഗസ്ഥന്മാർ പരാജയപ്പെട്ടു. ഈ തെളിവുകളുടെ അഭാവമാണ് കൊലക്കുറ്റം സംശയാതീതമായി തെളിയിച്ചിട്ടില്ല എന്നു വിധിക്കുമ്പോൾ കോയമ്പത്തൂർ കോടതി കാരണമായി പറയുന്നത്.

രാജൻ കേസ് നീതിനിഷേധത്തിന്റെ കഥയാണ്. കുറ്റാന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്ത വിദ്യാർഥിയെ പൊലീസ് നീചമായി മർദിച്ചു കൊന്ന കഥയാണ്. പൗരനെ സംരക്ഷിക്കാൻ ചുമതലപ്പെട്ട സർക്കാർ, പൗരന്റെ ധ്വംസകനായ കഥയാണ്. തിരിച്ചുവരാത്ത മകനു വേണ്ടി, ഒരിലച്ചോറും വച്ചു കാത്തുകാത്തിരുന്നു സമനില തെറ്റി മരിച്ച ഒരു അമ്മയുടെ കഥയാണ്. തകർന്നു നുറുങ്ങിയ ഹൃദയവുമായി ധർമനിഷേധത്തിനെതിരെ ധീരതയോടെ പൊരുതിയ ഒരു അച്ഛന്റെ കഥയാണ്. നീതിനിഷേധത്താൽ അവസാനം കാണാതെ പതിറ്റാണ്ടുകൾക്കു ശേഷവും മലയാളിയുടെ മനസ്സിൽ നീറിപ്പുകയുന്ന കദനകഥയാണ്. കേരളത്തിന്റെ മനസ്സാക്ഷിയിലെ കറയായി രാജൻ കേസ് എന്നും ഓർമിക്കപ്പെടും. ഈച്ചരവാരിയർ പറഞ്ഞു , ‘ജനാധിപത്യ കേരളത്തിന്റെ കൊടിക്കൂറയിൽ എക്കാലവും കണ്ണുനീരിൽ വിരിഞ്ഞ ഒരു പൂവ് വിടർന്നു നിൽക്കും.

(അവസാനിച്ചു).

തയ്യാറാക്കിയത്: ജി.ആർ ഇന്ദുഗോപൻ