ട്രെയിൻ അപകടത്തിൽ നിന്നും സച്ചിൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ക്രിക്കറ്റ് പ്രേമികൾക്കു ദൈവമാണു സച്ചിൻ ടെൻഡുല്‍ക്കർ. ലാളിത്യത്തിന്റെയും വിനയത്തിന്റെയും മൂർത്തീഭാവം. ക്രിക്കറ്റിൽ നിന്നും സച്ചിൻ വിരമിച്ചപ്പോൾ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ ഒരുപോലെ മിഴിനീരൊഴുക്കിയിരുന്നു. ഇപ്പോൾ ക്രിക്കറ്റ് ആരാധകരെ ഞെട്ടിയ്ക്കുന്ന ഒരു വാർത്തയുമായാണ് സച്ചിൻ രംഗത്തെത്തിയിരിക്കുന്നത്. മറ്റൊന്നുമല്ല നമ്മുടെ പ്രിയസച്ചിൻ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ആണെന്നതാണ് ആ വാർത്ത. സംഗതി ഇപ്പോഴൊന്നുമല്ല കേട്ടോ കുറച്ചു വർഷങ്ങൾക്കു മുമ്പാണ്. കൃത്യം പറഞ്ഞാൽ മുംബൈയിലെ സ്കൂൾ ദിനങ്ങളിലൊന്നിൽ.

അന്നു സച്ചിന് പതിനൊന്നു വയസാണു പ്രായം. ക്രിക്കറ്റ് പരിശീലനത്തിനും ഒരു സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിനും ശേഷം സിനിമയ്ക്കു പോകാൻ ഒരുങ്ങുകയായിരുന്നു. സിനിമയ്ക്കു ശേഷം പരിശീലന സ്ഥലത്തേക്കു പോകുന്നതിനായി പ്ലാറ്റ്ഫോമിലേക്കു പെട്ടെന്നെത്താനാണ് ട്രാക്കിനു കുറുകെ കടക്കാന്‍ ശ്രമിച്ചത്. അപ്പോഴാ​ണ് എല്ലാ ട്രാക്കിലൂടെയും വേഗത്തിൽ ട്രെയിനുകൾ വരുന്നുണ്ടെന്നു കണ്ടത്. അങ്ങനെ കിറ്റുകളുമായി ട്രാക്കുകൾക്കിടയിൽ കുനിഞ്ഞിരുന്നു. അതു വളരെയധികം ഭീതിപ്പെടുത്തുന്ന അനുഭവമായിരുന്നു. പിന്നീടൊരിക്കലും ട്രാക്കിനു കുറുകെ കടക്കാൻ ശ്രമിച്ചിട്ടില്ലെന്നും എല്ലാ യാത്രക്കാരും ട്രെയിൻ ചട്ടങ്ങൾ പാലിക്കണമെന്നും പറയുന്നു ടെൻഡുൽക്കർ. നിയമം ലംഘിക്കുമ്പോൾ വെറും അഞ്ചു മിനുട്ടിനു വേണ്ടി നിങ്ങൾ ജീവിതം തന്നെ അപക‌ടത്തിലാക്കുകയാണെന്നും സച്ചിൻ പറഞ്ഞു. മുംബൈ റെയിൽവേ പോലീസിന്റെ സമീപ്, ബി സേഫ് പദ്ധതികൾ ഉദ്ഘാടനം ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.