കണ്ണുനീർ വാശിയാക്കി, കുറവുകളെ കരുത്താക്കി സോഫിയ എത്തിയത് ലോക നെറുകയിൽ 

സോഫിയ എം ജോ

ആരാണ് സോഫിയ എം ജോ? അറിയപ്പെടുന്ന ഒരു മോഡൽ, എഴുത്തുകാരി, സ്വതന്ത്ര ചിന്തക..അതിനുമപ്പുറം? ലോകം ആദരിക്കുന്ന സോഫിയയെ അതിന് പ്രാപ്തയാക്കിയത് സൗന്ദര്യ മത്സരത്തിൽ പുലർത്തിയ മികവോ, മോഡലിങ്ങിനോടുഉള്ള താൽപര്യമോ അല്ല, മറിച്ച് തോൽവികളെ കരുത്താക്കുന്ന മനോഭാവമാണ്. ജീവിതയാത്രയിൽ പല കാരണങ്ങൾ കൊണ്ടും പതറിപ്പോകുന്നവർ അറിഞ്ഞിരിക്കണം ലോക ഡഫ് ആൻഡ് ഡംപ് സൗന്ദര്യ മത്സരത്തിൽ വിജയിയായ സോഫിയ എന്ന ഇരുപത്തിനാലുകാരിയുടെ കഥ. 

ഏറെനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് എറണാകുളം എരൂർ കല്ലുപുരയ്ക്കൽ സ്വദേശികളായ ജോ ഫ്രാൻസിസിനും ഗോരത്തിക്കും സോഫിയ എന്ന പൊന്നോമന ജനിക്കുന്നത്. എന്നാൽ ആദ്യത്തെ കൺമണിയെ കണ്ടപ്പോൾ അവർക്കുണ്ടായ സന്തോഷത്തിന് അധികം ആയുസുണ്ടായില്ല. തങ്ങൾക്ക് ജനിച്ച കുഞ്ഞ് ബധിരയും മൂകയും ആണ് എന്നറിഞ്ഞ നിമിഷം ആ മാതാപിതാക്കൾ തകർന്നു പോയി. പിന്നീടുള്ള വർഷങ്ങൾ നിരാശാജനകമായിരുന്നു. ഇത്തരത്തിൽ വൈകല്യമുള്ള ഒരു കുഞ്ഞിനെ എങ്ങനെ വളർത്തും എന്നോർത്തു മാതാപിതാക്കൾ സങ്കടപ്പെട്ടു. കാരണം ഏതവസ്ഥയിലും ഈ ലോകത്ത് അവൾക്ക് അവളുടേതായ ഒരു സ്ഥാനം വേണമെന്നാണ് ആ മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നത്. 

എന്നാൽ വേദനകളെ പ്രചോദനമാക്കാൻ പിന്നീട് ഈ അച്ഛനും അമ്മയും പരിശീലിക്കുകയായിരുന്നു. തീർത്തും അവിചാരിതമായി ഒരിക്കൽ ഹെലൻ കെല്ലറുടെ ആത്മകഥ വായിക്കാൻ ഇടവന്നതോടെയാണ് തങ്ങളുടെ മകൾക്കും വളരെ ഉയർന്ന ഒരു ഭാവിയുണ്ട് എന്നു മാതാപിതാക്കൾ ഉറപ്പിച്ചത്. കേൾക്കാൻ കഴിയില്ല എന്ന ഒരൊറ്റക്കാരണം കൊണ്ട്  തന്റെ മകൾ സോഫിയ ജോ തോറ്റു പോകരുതെന്ന് അച്ഛൻ ജോ ഫ്രാൻസിസ് ഉറപ്പിച്ചു. ആ തീരുമാനത്തിൽ നിന്നാണ് സോഫിയ ജോ എന്ന സുന്ദരിക്കുട്ടിയുടെ വിജയകഥ ആരംഭിക്കുന്നത്. 

സോഫിയ എം ജോ

പഠനം സാധാരണകുട്ടിയെ പോലെ 

ശബ്ദത്തിന്റെ ലോകം  അന്യമായിരുന്നെങ്കിലും സോഫിയയെ ഒരു സാധാരണകുട്ടിയെ പോലെ തന്നെ വളർത്താനാണ് അച്ഛനും അമ്മയും തീരുമാനിച്ചത്. അതിനാൽ  സാധാരണ കുട്ടികളോടൊപ്പം എരൂരിലെ ഭാവൻസിലായിരുന്നു പഠനം. നല്ലതും മോശവുമായ ഒരുപാടാനുഭവങ്ങൾ പഠനകാലത്ത് ഉണ്ടായിട്ടുണ്ട്. കൂട്ടത്തിലെ സംസാരശേഷി ഇല്ലാത്ത കുട്ടി എന്ന നിലയിൽ പലവിധ പരിഹാസങ്ങളും ഏറ്റുവാങ്ങി.എന്നാൽ വീട്ടിൽ മാതാപിതാക്കൾ നൽകുന്ന സ്നേഹത്തിനു മുന്നിൽ ഈ വിഷമങ്ങൾ ഒന്നുമല്ലാതായിരുന്നു. 

സോഫിയക്ക് ഏതു മേഖലയിലാണ് കഴിവുള്ളത് എന്ന് അറിയാത്തതിനാൽ അച്ഛൻ കുട്ടിയെ എല്ലാ മത്സരങ്ങളിലും പങ്കെടുപ്പിച്ചു. അങ്ങനെ, സോഫിയക്ക് സഭാകമ്പം ഇല്ലാതായി. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ്  സ്പോർട്‌സിൽ കഴിവുണ്ടെന്ന് അധ്യാപകർ തിരിച്ചറിയുന്നത്. അങ്ങനെ പിന്നീട് കായികലോകത്തേക്ക് കാലെടുത്തു വച്ചു. ഷോട്ട്പുട്ട്, ഡിസ്‌കസ് ത്രോ, ബാസ്‌ക്കറ്റ്  ബോൾ എന്നിവയിലെല്ലാം മുന്നിലെത്തി. ബധിരരുടെ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും എട്ട് തവണ സംസ്ഥാന ചാമ്പ്യൻ പട്ടം കരസ്ഥമാക്കി. മൂന്ന് തവണ ദേശീയ ചാമ്പ്യനായിരുന്നു. 18ാമത് ദേശീയ കായികമേളയിൽ ഷോട്ട്പുട്ടിലും ഡിസ്‌ക്കസ് ത്രോയിലും മറ്റും സോഫിയ ഒന്നാം സ്ഥാനം നേടി. എന്നാൽ ഇനിയും മുന്നോട്ടു പോകാനായിരുന്നു സോഫിയയുടെ ആഗ്രഹം.

നേട്ടങ്ങൾക്കു നടുവിലും പഠനം തുടർന്നു. ഡിഗ്രിക്ക് ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണ് എടുത്തത്. ഒപ്പം സാധാരണ ജനങ്ങളോട് ആശയ വിനിമയം നടത്തുന്നതിനായി ലിപ്റീഡിംഗ് പഠിച്ചു. ഇപ്പോൾ മറ്റുള്ളവർ സംസാരിക്കുന്നത് മനസിലാക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ല. വീട്ടുകാർക്കൊപ്പം സോഫിയയുടെ വളർച്ചയിൽ കോട്ടയത്തെ അധ്യാപകർക്കും പ്രധാനപങ്കുണ്ട്. 

സോഫിയ എം ജോ

ഫാഷന്റെ ലോകം തിരിച്ചറിയുന്നു 

ഓരോ വ്യക്തികൾക്കും അവരവരുടേതായ പ്ലസ് പോയിന്റുകൾ ഉണ്ടാകും. സോഫിയയെ സംബന്ധിച്ചിടത്തോളം പ്ലസ് പോയിന്റ് എന്നത് സൗന്ദര്യവും ആത്മവിശ്വാസവും ആയിരുന്നു. ഒപ്പം സ്പോർട്‌സ്, പെയിന്റിംഗ്, ആഭരണനിർമ്മാണം തുടങ്ങി നിരവധി മേഖലകളിൽ സോഫിയ തന്റേതായ ഇടം കണ്ടെത്തി. മോഡലിംഗിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ പിന്നീട് സോഫിയ തീരുമാനിച്ചു. എന്നാൽ കരിയറിന്റെ തുടക്കത്തിൽ പലവിധ പരിഹാസങ്ങളും സോഫിയക്ക് നേരിടേണ്ടി വന്നു. അതിൽ നിന്നെല്ലാം വിജയത്തിലേക്കടുക്കാൻ സോഫിയയെ സഹായിച്ചത് അച്ഛന്റെ പിന്തുണയാണ്. 

ഫാഷൻ ഡിസൈനർ ആയ ആരെയാണ് സോഫിയക്ക് മോഡലിംഗിനോടുള്ള താത്പര്യം മനസിലാക്കുന്നത്. അവർ സോഫിയയെ ഫാഷൻ കൊറിയോഗ്രാഫർ ഡാലു രാമകൃഷ്ണനെ പരിചയപ്പെടുത്തി.ആ പരിചയത്തിലൂടെയാണ് സോഫിയ റാംപിൽ ചുവടു വയ്ക്കുന്നത്. തന്റെ ശിഷ്യരിൽ ഏറ്റവും മികച്ച ഒരാളാണ് സോഫിയ എന്ന് അദ്ദേഹം പറയുന്നു. 2009  ലാണ് സോഫിയയുടെ കരിയർ ആരംഭിക്കുന്നത്. മിസ് സൗത്ത് ഇന്ത്യ 2010ലെ മിസ് കൺജീനിയാലിറ്റി പട്ടം, മിസ് മലബാർ 2011 ലെ മിസ് ബ്യൂട്ടിഫുൾ ക്യാറ്റ് വാക്ക് പട്ടം, മിസ് ഫിറ്റ്‌നസ് പേജന്റസിൽ സെക്കൻഡ് റണ്ണർ അപ്പ് പട്ടം എന്നിവയാണ് സൗന്ദര്യമത്സരത്തിലൂടെ സോഫിയ സ്വന്തമാക്കിയ നേട്ടങ്ങൾ. 

സോഫിയ കുടുംബത്തോടൊപ്പം

മിസ് ഡഫ് വേള്‍ഡ് മത്സരത്തിൽ പങ്കെടുക്കുന്നു

2014  ൽ പ്രയാഗിൽ വച്ച് നടന്ന  മിസ് ഡഫ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സോഫിയ എം. ജോ അവസാന റൗണ്ടില്‍ ആറാം സ്ഥാനത്തെത്തി. 85 രാജ്യങ്ങളില്‍ നിന്നുള്ളവരുമായി മത്സരിച്ചായിരുന്നു സോഫിയ ഈ നേട്ടം സ്വന്തമാക്കിയത്. മിസ് ഡഫ് വേള്‍ഡ് മത്സരത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യ മത്സരാര്‍ഥി കൂടിയായിരുന്നു സോഫിയ. കൊച്ചി ഫാഷൻ വീക്കിലും സോഫിയ ചുവടു വച്ചിട്ടുണ്ട്. തിരിച്ചടികളിൽ പതറുന്നവർ മനസ്സിൽ കുറിച്ചിടുക , തിരിച്ചടികളിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയായി പറന്ന സോഫിയയുടെ കഥ .