Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനിയത്തിപ്രാവും തോൽക്കും ഇൗ സുധിക്കും പ്രിയയ്ക്കും മുന്നിൽ

Vishnupriya Sudheesh സുധീഷ് ചന്ദ്രനും വിഷ്ണുപ്രിയയും

വീട്ടുകാരെ ധിക്കരിച്ച് രജിസ്റ്റർ കല്യാണവും കഴിച്ച് വീട്ടുകാരെല്ലാം കലിപ്പിൽ നിൽക്കുമ്പോഴാണ് മെയ്ഡ് ഫോർ ഈച്ച് അദർ ഷോയിലെത്തുന്നത്. രണ്ടാം സമ്മാനം സ്വന്തമാക്കിയ വിഷ്ണുപ്രിയ സുധി ദമ്പതികൾ തങ്ങളുടെ ജീവിതകഥ പറയുന്നു

അനിയത്തിപ്രാവും തോൽക്കും ഇൗ സുധിക്കും പ്രിയയ്ക്കും മുന്നിൽ

അനിയത്തി പ്രാവിന്റെ ക്ലൈമാക്സിൽ കണ്ട് എല്ലാ മാതാപിതാക്കളും ആത്മഗതം നടത്തിക്കാണും മിനിയെ സുധിക്ക് കെട്ടിച്ചു കൊടുത്താലെന്താ എന്ന്. പ്രണയിച്ചവർ ഒന്നാകുന്നത് സിനിമയിൽ കാണാൻ എല്ലാകുടുംബങ്ങൾക്കും ഇഷ്ടമാണ്. എന്നാൽ സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ പ്രേമവും സ്നേഹവും ഒന്നും ഉൾക്കാള്ളാൻ മാതാപിതാക്കൾക്ക് സാധിക്കില്ല, അങ്ങനെയൊരു കാര്യമാണ് മെയ്ഡ് ഫോർ ഇൗച്ച് അദർ ഷോയിൽ രണ്ടാം സമ്മാനം നേടിയസുധീഷ് ചന്ദ്രന്റേയും വിഷ്ണുപ്രിയയുടേയും ജീവിതത്തിൽ സംഭവിച്ചത്. വീട്ടുകാരുടെ എതിർപ്പ് ശക്തമായപ്പോൾ വിഷ്ണുപ്രിയ സുധീഷിനൊപ്പം ഇറങ്ങിപ്പോയി, രജിസ്റ്റർ മാരേജ് കഴിച്ചു. വിഷ്ണു പ്രിയയ്ക്ക് അന്ന് പ്രായം 19. സുധീഷിന് 24.‌‌‌‌

ബാക്കി കഥ സുധീഷ് തന്നെ പറയും

ആദ്യ മലേഷ്യൻ യാത്ര

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരുമാസമേ ആയിരുന്നുള്ളൂ. രണ്ടുവീട്ടിൽ നിന്നും വളരെയേറെ എതിർപ്പുണ്ടായിരുന്നു.എങ്ങനെയെങ്കിലും മാറി നിൽക്കണമെന്ന് കരുതിയപ്പോഴാണ് മഴവിൽ മനോരമിയലെ മെയ്ഡ് ഫോർ ഇൗച്ച് അദറിന്റെ വരവ്. വീട്ടുകാരും നാട്ടുകാരുമൊക്കെ ഞങ്ങളെ കുറ്റവാളികളെ പോലെ കാണുന്ന സമയം. വിഷുണുപ്രിയ മെയ്ഡ് ഫോർ ഇൗച്ച് അദറിലേക്ക് ബയോഡേറ്റ അയച്ചതൊന്നും ഞാനറിഞ്ഞില്ല. ഒാഡീഷനു വിളിക്കുമ്പോഴാണ് ഞാനറിയുന്നത്. ഭാഗ്യം കൊണ്ട് സെലക്ടായി.

എവിടെയെങ്കിലും കുറച്ച് നാൾ മാറി നിൽക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്ര ദൂരേയ്ക്ക് പോകാൻ കഴിയുമെന്ന് കരുതിയില്ല. ആദ്യമായുള്ള ഫ്ലൈറ്റ് യാത്ര. അതും ഒരുമിച്ച്. മൊത്തം ത്രില്ലിലായിരുന്നു. മലേഷ്യയിൽ ഞങ്ങൾ അടിച്ചു പൊളിച്ചു. ജീവിതത്തിൽ ഇവിടെയൊക്കെ പോകാൻ സാധിക്കുമെന്ന് കരുതിയതല്ല. ഹണിമൂണും ടൂറും എല്ലാം മലേഷ്യയിലായിരുന്നു.

ജീവിത്തിൽ വന്ന മാറ്റം

മെയ്ഡ് ഫോർ ഇൗച്ച് അദർ ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തി അതിൽ ഏറ്റവും പ്രധാനം ഞങ്ങളെ വീട്ടുകാരും നാട്ടുകാരുമായി അടുപ്പിച്ചു എന്നതാണ്. അതുവരെ കുറ്റവാളികളെപ്പോലെയാണ് ഞങ്ങളെ സമൂഹം കണ്ടിരുന്നത്. വിഷ്ണുപ്രിയയുടെ അമ്മ പുറത്തിറങ്ങിയാൽ ആളുകൾ ഒാടി വന്ന് ചോദിക്കും ,നിങ്ങളുടെ മകൾ എങ്കിലും അങ്ങനെ പോയല്ലോ എന്ന്, എന്നാൽ ഇപ്പോൾ മെയ്ഡ് ഫോർ‌ ഇൗച്ച് അധറിലെ സുധീഷിന്റെ അമ്മയല്ലേ എന്നാണ് വന്ന് ചോദിക്കുന്നത്. രണ്ടു വീട്ടുകാരും ഇപ്പോൾ ഹാപ്പിയാണ്, ഒപ്പം നാട്ടുകാരും. മൂവാറ്റുപുഴയിലാണ് ഞങ്ങളുടെ വീട്. ഞങ്ങളുടെ നാടിന് അഭിമാനമാണ് നിങ്ങൾ എന്നൊക്കെ ഇപ്പോൾ ആളുകൾ വന്ന് പറയും.

Vishnupriya Sudheesh സുധീഷ് ചന്ദ്രനും വിഷ്ണുപ്രിയയും

ഭാവി പരിപാടി? ‌‌‌‌ മെയ്ഡ് ഫോർ ഇൗച്ച് അദറിൽ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപയാണ് ഞങ്ങൾക്ക് ലഭിച്ചത്. ഇത്രയും പൈസ ആദ്യമായാണ് കയ്യിൽ കിട്ടുന്നത്. ഞങ്ങൾക്ക് അത്യാവശ്യമായി വേണ്ടത് ഒരു വീടാണ്. ഒരു വീട് വാങ്ങണം അതാണ് സ്വപ്നം. പൈസ കയ്യിൽ കിട്ടിയിട്ടില്ല. എല്ലാവരും ചെലവ് ചോദിക്കുന്നുണ്ട്, ചെയ്യണം. ഞാൻ ഇലക്ട്രീഷനാണ്. കൂട്ടുകാർ ഇപ്പോൾ കളിയാക്കും , ഇത്രയും പൈസ ഇല്ലേടാ എന്തിനാണ് ഇനി ജോലിക്ക് വരുന്നത് എന്ന്, പക്ഷേ , പണിയെടുത്തില്ലെങ്കിൽ നമുക്ക് ജീവിക്കാൻ പറ്റില്ലല്ലോ? സത്യത്തിൽ ഇങ്ങനെയൊരു വിജയം ഞങ്ങൾ പ്രതീക്ഷിച്ചതേ അല്ല.

ഷോയിൽ പങ്കെടുക്കാനുള്ള പണം എങ്ങനെ കണ്ടെത്തി?

സത്യത്തിൽ ഞങ്ങൾക്ക് അധികം പണം വേണ്ടിവന്നില്ല. എല്ലാം മഴവിൽ മനോരമ തന്നെയാണ് വഹിച്ചത്. പിന്നെ, ജോലിക്ക് പോകാൻ സാധിക്കാതെ വരുമ്പോളുള്ള സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോൾ കൂട്ടുകാർ സഹായിച്ചു. ഷോയുടെ ഇടവേളകളിൽ നാട്ടിലെത്തുമ്പോൾ ജോലിക്കു പോകുമായിരുന്നു.

മെയ്ഡ് ഫോർ ഇൗച്ച് അദറിനക്കുറിച്ച് ഞങ്ങൾക്ക് ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് ഇത് സമ്മാനിച്ചത്. അതിന് മഴവിൽ മനോരമയോട് ഒരുപാട് നന്ദിയുണ്ട്. ഒപ്പമുള്ള മത്സരാർഥികളും ഒരുപാട് സഹായിച്ചു. ഞങ്ങളായിരുന്നു കൂട്ടത്തിൽ ചെറുപ്പം. ഞങ്ങളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ ഒരുപാട് മാറ്റം വരുത്താൻ ഇൗ പരിപാടി സഹായിച്ചു. എനിക്ക് കുറച്ച് ദേഷ്യം കൂടുതലാണ്. അത് ഷോ കണ്ടവർക്കിറിയാം. എന്തു ചെയ്യുമ്പേോഴും ഏറ്റവും മികച്ചതാക്കണമെന്നാണാഗ്രഹം. അതുകൊണ്ട് ഗെയിംമിനിടയിലെല്ലാം അറിയാതെ ഒച്ച കൂടിപോകാറുണ്ടായിരുന്നു. പക്ഷേ എന്റെ ഭാര്യയ്ക്ക് അതൊന്നും ഒരു പ്രശ്നമല്ലയിരുന്നു. എല്ലാത്തിനും ദൈവത്തിന് നന്ദി. സുധീഷ് പറഞ്ഞു നിർത്തി.

സുധീഷ് ഒറ്റയ്ക്ക് കഥപറയാൻ കാരണം വിഷ്ണുപ്രിയ ആസമയത്ത് ക്ലാസിലായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പഠിക്കുകയാണ് വിഷ്ണുപ്രിയ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.