ഹണിമൂണിനു പാസ്പോർട്ട് തടസ്സമായി, സഹായവുമായി സുഷമ സ്വരാജ്

ഭാര്യ സനാ ഫാത്തിമയുടെ ചിത്രത്തിനടുത്ത് ഫൈസാൻ, സുഷമ സ്വരാജ്

അടുത്തിടെയാണ് ഒറ്റയ്ക്കു ഹണിമൂണിനു പോയി ചരിത്രം സൃഷ്ടിച്ച പെൺകുട്ടിയുടെ കഥ സമൂഹമാധ്യമത്തിൽ വൈറലായത്. പാകിസ്ഥാൻ സ്വദേശിയായ പെൺകുട്ടി വിദേശത്തു ഭർത്താവില്ലാതെ തനിച്ചു ഹണിമൂണിനു പോയതിന്റെ ചിത്രങ്ങളും പരന്നിരുന്നു. സമാനമായൊരു സാഹചര്യത്തിൽ നിന്നും ദമ്പതികളെ സഹായിച്ചിരിക്കുകയാണു നമ്മുടെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഭാര്യയുടെ പാസ്പോർട്ട് പ്രശ്നം മൂലം ഹണിമൂൺ യാത്ര പിൻവലിക്കാനിരുന്ന ദമ്പതികൾക്കാണ് സഹായഹസ്തം നീട്ടി സുഷമ എത്തിയിരിക്കുന്നത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടു പരാതി അവതരിപ്പിക്കുമ്പോൾ അതത്രത്തോളം ഗൗരവമേറിയതും പൊതുകാര്യങ്ങളെ സംബന്ധിച്ചുള്ളതുമാകണമെന്നു യാതൊരു നിർബന്ധവുമില്ല. വ്യക്തി ജീവിതങ്ങളിലെ പ്രശ്നങ്ങളിലും ആവശ്യം അറിയിച്ചാൽ സുഷമ അപ്പപ്പോൾ സഹായം എത്തിക്കും. മാംഗളൂർ സ്വദേശിയായ ഫൈസാന്‍ പട്ടേൽ എന്ന യുവാവാണ് സുഷമയുടെ കാരുണ്യത്തിനു മുന്നിൽ അമ്പരന്നു പോയത്. കഴിഞ്ഞ ആഗസ്റ്റ് നാലിന് ഫൈസാൻ പോസ്റ്റു ചെയ്ത ട്വീറ്റ് ആണ് സംഭവത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

ഫൈസാനും ഭാര്യ സനാ ഫാത്തിമയും ഇറ്റലിയിലേക്കു മധുവിധു ആഘോഷിക്കുവാൻ പോകാനിരിക്കുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് സനയുടെ പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം ഇരുവരും അറിഞ്ഞത്. രണ്ടുദിവസം കഴിഞ്ഞിട്ടും സനയ്ക്കു തന്റെ പാസ്പോർട്ട് കണ്ടെത്താനായില്ല. ഇതോടെ താൻ തനിച്ചു യാത്ര ചെയ്യേണ്ടി വരുമെന്നാണു കരുതുന്നതെന്ന് ഫൈസാൻ ട്വീറ്റ് ചെയ്തു. ഭാര്യയില്ലാതെ ഇറ്റലിയിലേക്കു തിരിക്കുന്നുവെന്നു ചിത്രസഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. അങ്ങനെ ഇന്നലെ പ്ലെയിനിൽ യാത്ര ചെയ്യവേ താനിരിക്കുന്ന സീറ്റിനു തൊട്ടടുത്ത സീറ്റിൽ ഭാര്യയുടെ ചിത്രം ഒട്ടിച്ച് ഇരിക്കുന്ന ഫോട്ടോ സുഷമ സ്വരാജിനെ ടാഗ് ചെയ്ത് ഫൈസാൻ പോസ്റ്റു ചെയ്തു.

അൽപ സമയം കഴിഞ്ഞപ്പോഴേക്കും ദാ സാക്ഷാൽ സുഷമയുടെ മറുപടി വന്നിരിക്കുന്നു. ഭാര്യയോ‌ടു തന്നെ ബന്ധപ്പെടാൻ പറയൂ, നിങ്ങളുടെ അടുത്ത സീറ്റിൽ അവർ ഉണ്ടായിരിക്കുമെന്നു താൻ ഉറപ്പു നൽകുന്നുവെന്നായിരുന്നു ആ ട്വീറ്റ്. അടുത്ത ദിവസം തന്നെ സനയ്ക്ക് ഡ്യൂപ്ലിക്കേറ്റ് പാസ്പോർട്ട് ലഭിക്കുമെന്നും സുഷമ ഉറപ്പു നൽകി. സംഭവം അറിഞ്ഞ ഞെട്ടലിൽ നിന്നും ഫൈസാനും സനയും ഇതുവരെയും മുക്തമായിട്ടില്ല. സുഷമ സ്വരാജിനെ ടാഗ് ചെയ്തു തന്റെ വിഷമം അറിയിക്കുമ്പോഴും അവർ ഇത്രത്തോളം ഗൗരവമായി കാര്യത്തെ എടുക്കുമെന്നോ പരിഹാരം കണ്ടെത്തുമെന്നോ കരുതിയിരുന്നില്ലെന്നാണു ഇരുവരും പറയുന്നത്.