ആരെക്കണ്ടാലും അവൻ മനോഹരമായി പുഞ്ചിരിക്കും, ഒരിക്കലും തോൽക്കില്ലെന്ന ആത്മവിശ്വാസത്തോടെ

ടിയോ സാട്രിയോ

പതിനൊന്നുകാരനായ ടിയോ സാട്രിയോ, അവനെപ്പോഴും വീഡിയോ ഗെയിം കളിച്ചുകൊണ്ടിരിക്കും. മുഖവും കഴുത്തും കൊണ്ട് ചടുലമായി ജോക്കി സ്റ്റിക്ക് ഉപയോഗിച്ചു ഗെയിം കളിക്കുന്ന അവനെ അത്രപെട്ടെന്നൊന്നും ആർക്കും തോൽപ്പിക്കാൻ പറ്റില്ല. കളിയുടെ കാര്യത്തിൽ മാത്രമല്ല സ്കൂളിലും മിടുക്കനാണ് ടിയോ. അധ്യാപകർ കൊടുത്തുവിടുന്ന പാഠങ്ങൾ സമയോചിതമായി ചെയ്തുതീർക്കും. പല്ലുകൾ കൊണ്ടു പെൻസിൽ കടിച്ചുപിടിച്ചു നല്ല വടിവൊത്ത അക്ഷരത്തിൽ അവനെഴുതും, ചിത്രം വരയ്ക്കും. കൂടാതെ കണക്കിലും അഗ്രഗണ്യനാണ് ടിയോ. ഇന്തോനേഷ്യയിൽ നിന്നുള്ള മിമി- വവാൻ ദമ്പതികളുടെ അഞ്ചാമത്തെ മകനായാണ് ടിയോ സാട്രിയോ ജനിച്ചത്.

കളിയുടെ കാര്യത്തിൽ മാത്രമല്ല സ്കൂളിലും മിടുക്കനാണ് ടിയോ. അധ്യാപകർ കൊടുത്തുവിടുന്ന പാഠങ്ങൾ സമയോചിതമായി ചെയ്തുതീർക്കും. പല്ലുകൾ കൊണ്ടു പെൻസിൽ കടിച്ചുപിടിച്ചു നല്ല വടിവൊത്ത അക്ഷരത്തിൽ അവനെഴുതും,

രാത്രിയുടെ ഏതോ കറുത്തയാമത്തിലായിരുന്നു ടിയോയുടെ ജനനം. ആദ്യ ശ്വാസമെടുത്ത് കരയുമ്പോൾ അമ്മയുടെ നെഞ്ചോടൊട്ടിക്കിടന്ന് സ്വയം ആശ്വസിച്ച കുഞ്ഞായിരുന്നില്ല അവൻ. ഭൂമിയുടെ ഗന്ധവും ചൂടും തിരിച്ചറിഞ്ഞു തുടങ്ങിയിട്ടും അമ്മയുടെ അടുക്കലെത്താൻ പിന്നെയും കുറച്ചുനേരം കൂടി കാത്തിരിക്കേണ്ടി വന്നു.

മറ്റു മക്കളെ പോലെത്തന്നെ ടിയോയെ പെറ്റിട്ട നിമിഷം മിമിയും കൊതിച്ചിരുന്നു പൊന്നുമോന്റെ മുഖമൊന്നു കാണുവാൻ. ഒരു രാത്രിയും പാതി പകലും കഴിഞ്ഞാണ് മിമി അവനെയൊന്ന് കണ്ടത്. തണുക്കാതിരിക്കാൻ ടിയോയെ പൊതിഞ്ഞുപിടിച്ച ഇളം പിങ്ക് ടവ്വലിനുള്ളിൽ അവന്റെ സുന്ദരമായ മുഖം കണ്ട് ആ അമ്മയുടെ നെഞ്ചു കുളിർത്തു. മുലപ്പാൽ നൽകാനായി കുഞ്ഞിനെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോൾ മിമി ആദ്യമായറിഞ്ഞു തല മാത്രമുള്ള ഒരു മാംസപിണ്ഡത്തെയാണ് താൻ പെറ്റിട്ടതെന്ന്.

കണക്കിലും അഗ്രഗണ്യനാണ് ടിയോ. ഇന്തോനേഷ്യയിൽ നിന്നുള്ള മിമി- വവാൻ ദമ്പതികളുടെ അഞ്ചാമത്തെ മകനായാണ് ടിയോ സാട്രിയോ ജനിച്ചത്.

തിരിച്ചറിവിന്റെ നീറ്റുന്ന നിമിഷത്തിലും മിമി കരഞ്ഞില്ല. കൈകാലുകളില്ലാത്ത ടിയോ ഈ ലോകത്ത് എങ്ങനെ ജീവിക്കുമെന്നോർത്ത് ആ അമ്മ വ്യാകുലപ്പെട്ടില്ല. പകരം സ്വന്തം കൈകൾ കൊണ്ട് അവന് ജീവിതത്തിന്റെ ബാലപാഠങ്ങൾ പകർന്നുനൽകി. ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചു. അവനിഷ്ടമുള്ളപ്പോഴെല്ലാം വീഥികളിലൂടെ നടക്കുകയും പുതിയ കാഴ്ചകൾ കാണിച്ചുകൊടുക്കുകയും ചെയ്തു. എല്ലാവരോടും മനോഹരമായി പുഞ്ചിരിക്കാൻ ടിയോ പഠിച്ചത് അമ്മയിൽ നിന്നാണ്. ഈ ചിരിയാണ് സഹപാഠികൾക്കും അധ്യാപകർക്കും അവനെ കൂടുതൽ പ്രിയങ്കരനാക്കിയത്.

അച്ഛനോ അമ്മയോ ആരെങ്കിലുമൊരാൾ മുഴുവൻ സമയവും ടിയോയുടെ സഹായത്തിനായി അടുത്തു വേണം. ഒരാൾ മാത്രം ജോലിക്കുപോയി കിട്ടുന്ന വരുമാനമാണ് ഈ കുടുംബത്തിന്റെ ഏക അത്താണി. ഒരിക്കൽ ഇവരുടെ കഷ്ടപ്പാടറിഞ്ഞു ടിയോ സാട്രിയോയുടെ എല്ലാ ചിലവുകളും വഹിച്ചോളാമെന്ന് സർക്കാർ സമ്മതിച്ചതാണ്. എന്നാൽ അതൊക്കെ വെറും കടലാസിൽ മാത്രം ഒതുങ്ങിപ്പോയി. എന്നിട്ടും ആരോടും പരിഭവവും പിണക്കവുമില്ലാതെ മിമി- വവാൻ ദമ്പതികൾ സന്തുഷ്ടരാണ്. ടിയോക്ക് സമ്മാനിച്ച ആ മനോഹരമായ പുഞ്ചിരിപോലെ...

കൂടുതൽ കൗതുക വാർത്തകൾക്കായി വനിത സന്ദർശിക്കാം