ഈ പൊലീസ് ഓഫീസറിന് ഒരു ബിഗ്‌ സല്യൂട്ട്!

ബംഗളുരു ട്രാഫിക്ക് പോലീസിലെ സബ് ഇൻസ്പെക്ടർ ഗോപാലകൃഷ്ണൻ ഇനി ഡ്യൂട്ടിക്ക് നില്ക്കുന്ന സർക്കിളിലെ ട്രാഫിക്ക് ലൈറ്റുകൾ മനസ്സുതുറന്നു മന്ദഹസിക്കുമെന്ന് തീർച്ച! ഗലി ആഞ്ജനേയ സർക്കിളിൽ ട്രാഫിക്ക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഈ പോലീസുകാരന്റെ സമയോചിതമായ ഇടപെടലാണ് ഒരു സ്ത്രീയുടെയും നവജാത ശിശുവിന്റെയും ജീവൻ കഴിഞ്ഞ ദിവസം രക്ഷിച്ചത്‌. എന്നത്തേയും പോലെ ഡ്യൂട്ടിയിൽ വ്യാപൃതനായി നിന്നപ്പോഴാണ് 23 മൂന്നു വയസു പ്രായമുള്ള ഒരു സ്ത്രീ സമീപത്തു നിരത്തിൽ വീണു കിടക്കുന്നത് കണ്ടത്. പൂർണ്ണഗർഭിണിയായ യുവതി നഗരത്തിലെ ഒരു ആശുപത്രിയില അഡ്മിറ്റ്‌ ആകാൻ പോകുന്നതിനിടയ്ക്കായിരുന്നു മൈസൂർ റോഡിൽ ബോധരഹിതയായി വീണത്‌.  വേദന കൊണ്ട് പുളയുന്ന സ്ത്രീയെ എന്ത് ചെയ്യണമെന്നു ആദ്യമൊന്നും ഗോപാലകൃഷ്ണയ്ക്ക് ഊഹം ഉണ്ടായിരുന്നില്ല.

രക്തസ്രാവം കാര്യമായിട്ടുണ്ടായിരുന്നു. ഒരു നിമിഷം പോലും പാഴാക്കാതെ ശുചീകരണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിയുടെ സഹായത്തോടെ റോഡിൽ നിന്നും ഫുട്ട് പാത്തിലേക്ക് സ്ത്രീയെ എടുത്തു കിടത്തി. ഗോപാലകൃഷ്ണയുടെ ഉത്സാഹം കണ്ടു ചുറ്റുമുള്ളവരും സഹായത്തിനെത്തി. വഴിയാത്രക്കാരുടെ സഹായത്തോടെ വേഗം അല്പം തുണി കൊണ്ട് വന്നു സ്ത്രീയെ മൂടി. ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നില്ല. ഡോക്ടറെ കാത്തു നിന്നിരുന്നെങ്കിൽ സ്ത്രീയുടെ ജീവൻ അപകടത്തിൽ ആയേനെ. അതുകൊണ്ട് പ്രസവം ഫുട്ട്പാത്തിൽ തന്നെ ആക്കുക എന്ന മാർഗ്ഗം മാത്രമേ അവരുടെ മുമ്പിൽ ഉണ്ടായിരുന്നുള്ളൂ. ഡെലിവറിക്ക് വേണ്ട സഹായങ്ങൾ ഒരുക്കി, കുഞ്ഞും അമ്മയും സുഖമായിരിക്കാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർഥിച്ചു. 108 ൽ വിളിച്ചു ആംബുലൻസും തയ്യാറാക്കി. അധികം വൈകാതെ ഏതാനും സ്ത്രീകളുടെ സഹായത്തോടെ സ്ത്രീ ആ ഫുട്ട്പാത്തിൽ കുഞ്ഞിനു ജന്മം നല്കി.

സമയോചിതമായ ഇടപെടൽ നടത്തി കുഞ്ഞിനേയും അമ്മയെയും രക്ഷിച്ച പോലീസ് ഓഫീസറെ നിരത്തിൽ തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെയാണ് വരവേറ്റത്. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തുകയും അമ്മയെയും കുഞ്ഞിനേയും സമീപത്തുള്ള വാണി വിലാസ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി  അധികൃതർ അറിയിച്ചു. കെട്ടിടനിർമ്മാണ തൊഴിലാളിയായ രാജു എന്ന വ്യക്തിയുടെ ഭാര്യയാണ് കുഞ്ഞിന്റെ അമ്മയായ സെൽവി. അടുത്തകാലത്ത് രാജു ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. രാജുവിന്റെ വീട്ടുകാർ സെൽവിയെ തനിച്ചാണ് പ്രസവത്തിനായി ആശുപത്രിയിലേക്ക് വിട്ടത്. പണത്തിന്റെ കുറവ് മൂലം ബസ്സിൽ കയറി മൈസൂർ റോഡിൽ ഇറങ്ങി സമീപത്തുള്ള സർക്കാർ ആശുപത്രിയിൽ എത്താനായിരുന്നു സെൽവിയുടെ ശ്രമം. എന്നാൽ ആശുപത്രിയിൽ ഇതും മുൻപ് കുഴഞ്ഞു വീഴുകയായിരുന്നു. പോലീസ് സെൽവിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തു.

ഗോപാലകൃഷ്ണയുടെ പ്രവർത്തനത്തെക്കുറിച്ച് വളരെ വേഗം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വൈറൽ ആയി. മനുഷ്യത്വപരമായ സമീപനം കാഴ്ചവെച്ച ഗോപാലകൃഷ്ണനെ അഭിനന്ദിച്ചു ബെംഗളുരു ട്രാഫിക് പോലീസ് അവരുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ്‌ ചെയ്തത് ഇതിനകം 31,000 ലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും രണ്ടായിരത്തോളം ആളുകൾ ഷെയർ ചെയ്യുകയും ചെയ്തു.