ആദിവാസി പെൺകുട്ടി ഓക്സ്ഫോർഡിലേക്ക് 

ആശ

''അതെ ഞാൻ ഒരു ആദിവാസി പെൺകുട്ടിയാണ്. ആദിവാസികളും ആചാരങ്ങളും സംസ്കാരവും മഹത്തരമെന്ന് വിശ്വസിക്കുന്ന ഒരു ആദിവാസിപെൺകുട്ടി. ലോകമെമ്പാടുമുള്ള ആദിവാസി ഭാഷകളേക്കാൾ ഏറെ ശ്രേഷ്ഠമാണ് ഇംഗ്ലീഷ് എന്നു ഞാൻ  പറയുന്നില്ല. എന്നാൽ ലോക ഭാഷകളെ കീഴടക്കിയ ഇംഗ്ലീഷിനെ കീഴടക്കാൻ ഞാനും പോകുകയാണ് ഓക്സ്ഫോർഡിലേക്ക്..'' ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുമ്പോൾ ആശയെന്ന കൗമാരക്കാരിയുടെ കണ്ണിൽ സ്ഫുരിക്കുന്നത് നിറഞ്ഞ ആത്മവിശ്വാസം.

ഇത് ആശ എന്ന ആദിവാസി പെൺകുട്ടിയുടെ വിജയത്തിന്റെ കഥയാണ്. മധ്യപ്രദേശിലെ ബുന്ദല്‍ക്കണ്ടിലെ ആദിവാസികള്‍ തിങ്ങിനിറഞ്ഞ പ്രദേശത്തുനിന്നാണ് ഈ കൊച്ചുമിടുക്കി ഓക്സ്ഫോർഡ് എന്ന ലക്ഷ്യം കയ്യെത്തിപ്പിടിക്കുന്നത്. സമാന ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ നിന്നും വ്യത്യസ്തമായി ഓക്സ്ഫോർഡ് എന്ന സ്വപ്നം എങ്ങനെ മനസ്സിൽ കയറി എന്നു ചോദിച്ചാൽ അതൊരു കഥയായി തന്നെ പറഞ്ഞു തരും ആശ. 

ജര്‍മന്‍ സ്വദേശിയായ അള്‍റൈക്ക് റെയ്ന്‍ഹാര്‍ഡിറ്റെന്ന വ്യക്തിയെ കണ്ടു മുട്ടിയതിലൂടെയാണ് ആശ തന്റെ ജീവിതത്തെക്കുറിച്ചു നിറമുള്ള സ്വപ്‌നങ്ങൾ കാണാൻ തുടങ്ങിയത്. അതുവരെ ആശയും സാധാരണ ആദിവാസി പെണ്‍കുട്ടികളിലൊരാളായി നാട്ടിൽ ജീവിക്കാനായുള്ള ഓട്ടപ്പാച്ചിലിന്റെ നടുവിലായിരുന്നു. അവിടെ ഉന്നത വിദ്യാഭ്യാസമെന്നതു കേവലം ആഗ്രഹം മാത്രമായിരുന്നു. 

സ്‌കേറ്റ് പാര്‍ക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയ്ന്‍ഹാര്‍ഡിറ്റ് ആശയുടെ ഗ്രാമത്തിലെത്തിയത്. പാർക്കിന്റെ പണി പൂർത്തിയായ ശേഷം കുട്ടികൾക്കായി അവിടെ ഒരു ക്യാമ്പ് നടത്തിയപ്പോഴാണ് ആശയുടെ ജീവിതത്തെ മാറ്റി മറിച്ച ആ സംഭവം ഉണ്ടായത്. കുട്ടികൾക്കായി നടത്തിയ ക്യാമ്പിൽ ഇംഗ്ലീഷ് പരിശീലനവും നടത്തിയിരുന്നു. ആശയും ആ ക്യാമ്പിൽ പങ്കെടുത്തു. ആദ്യമായി ഇംഗ്ലീഷ് അക്ഷരമാല പഠിച്ചുതുടങ്ങിയ ആശ ഭാഷയില്‍ പ്രകടിപ്പിച്ച മികവ് റെയ്ന്‍ഹാര്‍ഡിറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. മാത്രമല്ല, പഠനത്തിന്റെ കാര്യത്തിൽ ആശ കാണിക്കുന്ന താൽപര്യവും അദ്ദേഹത്തെ അതിശയപ്പെടുത്തി. 

ആ ക്യാമ്പ് ഒരുമാസം നീണ്ടു നിന്നു. അതിനൊടുവിൽ റെയ്ന്‍ഹാര്‍ഡിറ്റ് ആശയോട്  ‘എന്റെ കൂടെ വരുന്നോ  ഇംഗ്ലീഷ് പഠിക്കാന്‍’ എന്നു ചോദിച്ചു. ആ ചോദ്യത്തിനുള്ള ആശയുടെ മറുപടി ഒരു പുഞ്ചിരി മാത്രമായിരുന്നു. കാരണം വിദേശ രാജ്യത്തെ പറ്റിയോ ഉന്നത പഠനത്തെ പറ്റിയോ ഒന്നും ആശയ്ക്ക് ഒരു പിടിയും ഉണ്ടായിരുന്നില്ല. എന്നാൽ കുട്ടിയുടെ പഠന മികവു നേരിൽ കണ്ട  റെയ്ന്‍ഹാര്‍ഡിറ്റ് കാര്യങ്ങൾ അല്പം ഗൗരവമായി തന്നെയാണു കണ്ടത്. 

അതിനായി ആദ്യം വീട്ടുകാരുടെ സമ്മതം വാങ്ങി. എന്നാൽ വീട്ടുകാരെ സമ്മതിപ്പിച്ചെടുക്കൽ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. ആ സമയത്ത് തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാളുമായി ആശയുടെ വിവാഹം നടത്താൻ ഇരിക്കുകയായിരുന്നു വീട്ടുകാർ. അങ്ങനെയുള്ളപ്പോൾ  വിദേശ യാത്രയെന്നത് ആലോചിക്കാന്‍ പോലുമാകുമായിരുന്നില്ല. എന്നാൽ റെയ്ന്‍ഹാര്‍ഡിറ്റ്  തന്ന ആത്മവിശ്വാസവും പറഞ്ഞു തന്ന കാര്യങ്ങളുടെ ഗൗരവവും മനസിലാക്കിയ ആശ ഇംഗ്ലീഷ് ഭാഷ പഠനത്തിലൂടെ തനിക്കു മുന്നിൽ ഉണ്ടാകാവുന്ന വൻ അവസരങ്ങളെക്കുറിച്ചു വീട്ടുകാരെ പറഞ്ഞു മനസിലാക്കി. കാര്യങ്ങൾ വീട്ടുകാരെ പറഞ്ഞു മനസിലാക്കി യാത്രയ്ക്കു സമ്മതം നേടാൻ ആശയ്ക്ക് എട്ടര മാസം പരിശ്രമിക്കേണ്ടതായി വന്നു. 

വിദേശയാത്രയ്ക്കായി  പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ കൊടുക്കുന്ന ഗ്രാമത്തിലെ ആദ്യ പെണ്‍കുട്ടിയും ആശയാണ്.  താൻ മൂലം തന്റെ സമൂഹത്തിൽ ഒരു വലിയ മാറ്റം ഉണ്ടാകുമെന്നും അതിലൂടെ ധാരാളം ആദിവാസിപെൺകുട്ടികൾ ഉന്നത പഠനത്തിനു തയ്യാറെടുക്കുമെന്നും ആശ വിശ്വസിക്കുന്നു. ആ വിശ്വാസം യാഥാർഥ്യമാകും എന്നു തന്നെയാണ് ആശയ്ക്ക് ഒപ്പം റെയ്ന്‍ഹാര്‍ഡിറ്റും വിശ്വസിക്കുന്നത്.