വിഎസിന് കരിക്കിൻവെള്ളം, ഉമ്മൻചാണ്ടിക്ക് വിത്തൗട്ട് ചായ!

ഉമ്മൻ ചാണ്ടി, വി.എസ് അച്യുതാനന്ദൻ

തിരഞ്ഞെടുപ്പ് ഇങ്ങെത്തി നിൽക്കേ സീറ്റു കിട്ടിയവരുടെയും കിട്ടാൻ പോകുന്നവരുടേയും ചങ്കിടിപ്പു കൂട്ടുകയാണ് ഈ വേനൽച്ചൂട്. വെയിലും ചൂടും സഹിച്ച് ഒന്നരമാസം നീണ്ട പ്രചാരണം ആരോഗ്യം ക്ഷയിപ്പിക്കുമോ എന്ന് യുവാക്കളായ സ്ഥാനാർഥികൾ പോലും ആശങ്കപ്പെടുമ്പോൾ അവർക്കു കണ്ടു പഠിക്കാം നമ്മുടെ ചില സീനിയർ നേതാക്കളുടെ ആരോഗ്യ പാഠങ്ങൾ.

92 വയസ്സിലും ആരോഗ്യവും പ്രസരിപ്പും ചോരാതെ അണികൾ ക്ക് ആവേശമായി നിൽക്കുന്ന വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ രഹസ്യം കരിക്കിൻ വെളളവും വെജിറ്റബിൾ ജ്യൂസും നടത്തവും.

രാവിലെ നാലേ മുക്കാലിനാണു പ്രതിപക്ഷ നേതാവ് ഉറക്കം അവസാനിപ്പിച്ച് ദിവസം തുടങ്ങുക. പ്രഭാത കൃത്യങ്ങൾക്കു ശേഷം കന്റോൺമെന്റ് ഹൗസിനു സമീപത്തു തന്നെയുളള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തി മുക്കാൽ മണിക്കൂർ നേരം നടത്തം. തിരികെ വീട്ടിലെത്തി പത്രവായന കഴിഞ്ഞാ ണു കുളി. കഠിനമല്ലാത്ത ആസനങ്ങൾ ഒഴിവാക്കി 25 മിനിറ്റ് യോഗയാണു പിന്നെ.

വെജിറ്റബിൾ കറി ചേർത്തുളള രണ്ട് അപ്പമോ ഇടിയപ്പമോ ആണു പ്രാതൽ. അതു കഴിഞ്ഞാൽ സഖാവ് ജനങ്ങൾക്കി ടയിലേക്ക് ഇറങ്ങുകയായി. ഒന്നുകിൽ പുറത്തെ പരിപാടികൾ. അല്ലെങ്കിൽ സന്ദർശകരുമായി കൂടിക്കാഴ്ച. ഇതിനിടെ കരി ക്കിൻ വെളളമോ മോരോ കഴിച്ചാണു ദാഹമകറ്റുക. മാസാം ഹാരം പൂർണമായി ഒഴിവാക്കിയിട്ടുളള വി.എസ് കറിവച്ച ചെറിയ മൽസ്യം മാത്രം ഉച്ചയൂണിനു കഴിച്ചാലായി. വൈകിട്ടു മൂന്നാകുമ്പോൾ വീണ്ടു പച്ചക്കറി ജ്യൂസ്. രാത്രി അഞ്ചു കഷ ണം പപ്പായയും രസകദളി പഴവും. മുൻപ് ആട്ടിൻ പാൽ കുടിക്കുമായിരുന്നെങ്കിലും തടി കൂടുന്നതിന്റെ ലക്ഷണങ്ങൾ കണ്ടതോടെ നിർത്തി. പകലിനോട് ലാൽസലാം പറഞ്ഞു രാത്രി എട്ടു മണിയോടെ വിഎസ് കിടക്കയിലേക്ക്....

ഈ ചിട്ടയായ ജീവിതചര്യകളോടൊന്നും പക്ഷേ, മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കു വലിയ താൽപര്യം പോരാ, ഭക്ഷണമോ വെളളമോ ഇല്ലെങ്കിലും ജനങ്ങളോ പ്രവർത്തകരോ അടുത്തു ണ്ടായാൽ അത്രമാത്രം മതി ഉമ്മൻചാണ്ടിയുടെ വിശപ്പകലാൻ‌. രാത്രി മുഖ്യമന്ത്രിയെ ഉറക്കുന്നത് തൊട്ടു മുന്നിലിരിക്കുന്ന പരാതികളാണ്. ഓരോന്നിലും ഓരോ ഒപ്പിട്ട് ഒടുവിൽ തീയതി തെറ്റാൻ തുടങ്ങുമ്പോൾ കൂടെയുളളവർക്കു പിടി കിട്ടും ‘സിഎ മ്മിന് ഉറക്കം വന്നു’അതു രാത്രി ഒരു മണി വരെ നീണ്ടെന്നിരി ക്കും. പക്ഷേ, എത്ര വൈകിക്കിടന്നാലും രാവിലെ അ‍ഞ്ചര യ്ക്കു തന്നെ ഉമ്മൻചാണ്ടി കുട്ടപ്പനായി ഉണരും. പ്രഭാതകൃത്യ ങ്ങൾ കഴിഞ്ഞു രാവിലെ ചായകുടിയും പത്രവായനയും ഒരു മിച്ച്. പിന്നെ സന്ദർശകർക്കായുളള സമയമാണ്. അതിനെ ‘ഒപി തുടങ്ങി’ എന്നാണു പഴ്സനൽ സ്റ്റാഫ് പറയുക.

ഉമ്മൻചാണ്ടിയ്ക്ക് വിത്തൗട്ട് ചായ നിർബന്ധം. രാത്രി കഞ്ഞി യും പയറും ചമ്മന്തിയും. പ്രാതലിന് ഇഡ്ഡലി, ചമ്മന്തി, പുട്ടും കടലയും.

ഒരു വട്ടം ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടി വന്ന കെപിസിസി പ്രസിഡ‍ന്റ് വി.എം.സുധീരൻ പാർട്ടി പരിപാടി കൾക്ക് ഒരു മുടക്കവും വരുത്താതെ തന്നെ ആരോഗ്യച്ചിട്ടകൾ കൃത്യമായി പാലിക്കുന്നു. എവിടെപ്പോയാലും രാവിലെ മുക്കാൽ മണിക്കൂർ നടത്തം നിർബന്ധം. വീട്ടിലാണെങ്കിൽ ഭാര്യ ലതയോടൊപ്പമാണു നടക്കാനിറങ്ങുക. അതു കഴിഞ്ഞാ ണു പത്രവായനയും പ്രാതലും രാവിലെ ഓഫിസിൽ പോകു മ്പോൾ തന്നെ ഉച്ചയൂണിനുളള ചോറ്റു പാത്രവുമായി പോകു ന്ന സുധീരൻ, ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിലേ പുറത്തു നിന്നു ഭക്ഷണം കഴിക്കാറുളളൂ. ഉച്ചയൂണിനു ശേഷം അരമണിക്കൂർ വിശ്രമം നിർബന്ധം. വൈകിട്ടു ചായകുടിച്ച് വീണ്ടും ഫ്രഷായി അടുത്ത തിരക്കിലേക്ക്. രാഷ്ട്രീയ തിരക്കു കൾ ഇല്ലെങ്കിലൽ രാത്രി വീട്ടിലെത്തി ഭാര്യയെയും കൂട്ടി നേരേ സിനിമാ തിയറ്ററിലേക്ക്. റിലീസാകുന്ന സിനിമകൾ എത്രയും പെട്ടെന്നു കണ്ടു തീർക്കുക സുധീരന്റെ വാശിയാണ്. ഏറ്റവും ഒടുവിൽ കണ്ട ചിത്രം 18 നു റിലീസായ ‘ഡാർവിന്റെ പരിണാ മം’.

‌രാഷ്ട്രീയക്കാർക്ക് ഒഴിവാക്കാൻ പറ്റാത്ത ‘ചായകുടി’ ഒട്ടുമി ല്ലാത്ത നേതാവാണു മന്ത്രി രമേശ് ചെന്നിത്തല. എട്ടു വര്‍ഷം മുൻപു ചായയോടും കാപ്പിയോടും ഗുഡ്ബൈ പറഞ്ഞ ചെന്നി ത്തല, 15 വർഷം മുൻപു വെജിറ്റേറിയനുമായി, മുളപ്പിച്ച പയർ, വാഴക്കൂമ്പ് തോരൻ തുടങ്ങിയ ഇഷ്ടഭക്ഷണം. രാത്രി ഏഴു മണിക്കു മുൻപു തന്നെ അത്താഴം കഴിക്കണമെന്ന വാശിയു ണ്ടെങ്കിലും മന്ത്രിയെന്ന നിലയിലെ തിരക്കു കാരണം പല പ്പോഴും നടക്കാറില്ല. രാവിലെ അരമണിക്കൂർ നേരത്തേ യോഗാഭ്യാസവും ചെന്നിത്തലയുടെ യുവത്വം ഇപ്പോഴും നില നിർത്തുന്നു.

ജലവിഭവമന്ത്രി പി.ജെ. ജോസഫിന് മധുരമില്ലാത്ത ചായയാ ണു പ്രിയം. മന്ത്രി കെ.എം. മാണിക്ക് ഉച്ചയൂണു നിർബന്ധം. പഴം പൊരിയും വിത്തൗട്ട് ചായയും ഇഷ്ടം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കുടിക്കാൻ ചൂടുവെളളമാണ് ഇഷ്ടം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എത്തുമ്പോൾ മീൻ കറി ഉണ്ടോ എന്നാണ് തിരക്കാറ്. ഊണിന് മീൻകറിയുണ്ടെങ്കിൽ കാനം ഹാപ്പി. പന്ന്യൻ രവീന്ദ്രനും ഉച്ചയൂണിനു മീൻകറി നിർബന്ധം. രാത്രിയിൽ എത്തിയാൽ പന്ന്യൻ രവീന്ദ്രന് ചപ്പാത്തിയും മീൻ കറിയും വേണം. നന്നായി വെന്ത ചോറ്, കുടംപുളിയിട്ട മീൻകറി, രണ്ടു ഞാലിപ്പൂവൻ പഴം എന്നിവയാണ് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണൻ പിളളയ്ക്കു വേണ്ടത്.