ഇവളാണ് പെണ്ണ് ; വിരൂപയെന്നു പരിഹസിച്ചവരുടെ തലകുനിപ്പിച്ച മിടുക്കി

മുഖസൗന്ദര്യമല്ല മനസിന്റെ സൗന്ദര്യമാണു കാണാൻ ശ്രമിക്കേണ്ടതെന്ന് പുറമെ എത്രയൊക്കെ പറഞ്ഞാലും ഉള്ളാലെ മറ്റൊരാളുടെ കുറവുകളിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഏറെയും. ലോകത്തിൽ വച്ച് ഏറ്റവും വിരൂപയായ പെൺകുട്ടിയെന്ന വിശേഷണത്തോടെ യൂട്യൂബിൽ ഒരു വിഡിയോ പ്രചരിച്ചത് ഓർമയില്ലേ? ലക്ഷോപലക്ഷം ആളുകളാണ് അതുകണ്ട് ആസ്വദിച്ചതും അവരെ പരിഹസിച്ചതും. ഓൺലൈൻ വഴി ഏറ്റവും വിരൂപയായ പെൺകുട്ടിയുടെ വിഡിയോ പരക്കുന്ന കാര്യം അറിഞ്ഞപ്പോള്‍ ലിസി വെലാസ്ക്യൂസ് എന്ന പെൺകുട്ടി ഒരിക്കലും കരുതിയില്ല അതു തന്റെ മുഖമായിരിക്കുമെന്ന്. എട്ടു സെക്കന്റുള്ള വിഡിയോയിൽ തന്റെ മുഖം തെളിഞ്ഞപ്പോള്‍ അക്ഷരാർഥത്തിൽ ലിസി ഞെട്ടി. വെറും പതിനേഴു വയസുള്ളപ്പോള്‍ മാത്രമാണ് വിരൂപയെന്ന പേരിൽ ലിസിയുടെ വിഡിയോ പ്രചരിച്ചത്.

വിഡിയോയേക്കാൾ അതിനുതാഴെ വന്ന കമന്റുകളാണ് ലിസിയെ ഏറെ വേദനിപ്പിച്ചത്. എന്തിനാണ് ഈ കുട്ടിയെ അവളുടെ മാതാപിതാക്കൾ വളർത്തിയത്? അവർക്കവളെ ജനിച്ചപ്പോൾ തന്നെ കൊല്ലാമായിരുന്നില്ലേ, അല്ലെങ്കിൽ അവൾക്കു സ്വയം മരിക്കാമായിരുന്നില്ലേ?, ഇവളെ വഴിയിൽ വച്ച് ആരെങ്കിലും കാണുകയാണെങ്കിൽ അയാളു‌ടെ കാഴ്ച്ച നഷ്ടപ്പെ‌ടും എന്നു പോകുന്നു ക്രൂരമായ കമന്റുകൾ. ലിസി ഓരോന്നും വായിച്ചു. യഥാർ​ഥത്തിൽ അവയോരോന്നും അവൾക്കും‌ ധീരതയോടെ ജീവിക്കാനുള്ള കരുത്തു പകരുകയായിരുന്നു. ഉറക്കം വരാതെ കരഞ്ഞു തീർത്ത ഒരുപാട് രാത്രികൾക്കൊടുവിൽ ഇന്നു ലിസി തനിക്കെതിരെ മുഖം തിരിച്ചവരെയെല്ലാം സധൈര്യം നേരിടുകയാണ്. ആ പതിനേഴുകാരിയിൽ നിന്ന് ഇന്നത്തെ ഇരുപത്തിയാറുകാരിലേക്കുള്ള മാറ്റത്തിനു പിന്നിൽ ഒരുപാട് കടമ്പകളുണ്ടായിരുന്നു.

തന്നെ കാണുമ്പോള്‍ മുഖം തിരിച്ചവർക്കും കളിയാക്കിയവർക്കും എതിരെ ഉശിരൻ മറുപടിയുമായി എത്തിയിരിക്കുകയാണ് ലിസി ഇപ്പോൾ. തന്നെപ്പോലുള്ളവർക്കും ഈ സമൂഹത്തിൽ ജീവിക്കണം എന്നു തെളിയിക്കാൻ ഒരു ഡോക്യുമെന്ററിയാണ് ലിസി ഒരുക്കിയിരിക്കുന്നത്. എ ബ്രേവ് ഹാര്‍‌ട്ട് ദ ലിസി വെലാസ്ക്യൂസ് സ്റ്റോറി എന്നു പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇതിനകം തന്നെ ഏറെ വാർത്താപ്രാധാന്യം നേടിക്കഴി‍ഞ്ഞു.

മാർഫാൻ, ലിപോഡിസ്ട്രോഫി എന്നീ അസാധാരണ അസുഖങ്ങളോടെയാണ് ലിസി ജനിച്ചത്. എത്ര ഭക്ഷണം കഴിച്ചാലും ഭാരം വയ്ക്കില്ല, വലതുകണ്ണിനു കാഴ്ച്ചയുമില്ല. ജനനം മുതൽ കണ്ണിനും ചെവിയ്ക്കും കാലുകൾക്കുമെല്ലാമായി എണ്ണംപറഞ്ഞ സര്‍ജറികൾ നടത്തിയിരുന്നു. ജനിച്ചപ്പോൾ തന്നെ ഡോക്ടർമാർക്ക് ലിസി എത്രനാൾ ജീവിച്ചിരിക്കുമെന്ന് സംശയമായിരുന്നു. ഇപ്പോഴും ദിനംപ്രതി ടെസ്റ്റുകളും മരുന്നുകളുമായി കഴിയുമ്പോഴും ലിസിയ്ക്കു ആത്മവിശ്വാസമുണ്ട്, തന്നെ ആരൊക്കെ ഒറ്റപ്പ‌െടുത്താമെന്നു വിചാരിച്ചാലും കുത്തി നോവിക്കാൻ ശ്രമിച്ചാലും കരുത്തോടെ മുന്നേറാൻ കഴിയുമെന്ന്.