Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വർണ്ണം വിൽക്കുമ്പോൾ നഷ്ടം ഉണ്ടാവാതിരിക്കാൻ ഇതാ ഒരു അനുഭവക്കുറിപ്പ്

Gold Representative Image

നിനച്ചിരിക്കാത്ത നേരത്താണ് ഒാട്ടമൊബീൽ കമ്പനിയുടെ സെയിൽസ്‌മാനായ ബിജുവിനു കല്യാണമെത്തിയത്. പ്രണയവിവാഹമായിരുന്നു. തികച്ചും അപ്രതീക്ഷിതം. കുറച്ചുകൂടി വരുമാനമുള്ള മറ്റൊരു ജോലി കിട്ടിയതിനു ശേഷമാകാം വിവാഹമെന്നായിരുന്നു ഇരുപത്തെട്ടുകാരനായ ബിജു ചിന്തിച്ചിരുന്നത്. എന്നാൽ പെട്ടെന്നുണ്ടായ ചില സമ്മർദങ്ങളെ അതിജീവിക്കാൻ കഴിയാതെ ’അറേഞ്ച്‌ഡ് മാര്യേജാ’യി തന്നെ കല്യാണം നടന്നു. സാമാന്യം നല്ല സുഹൃത്ത് വലയവും ബന്ധുബലവുമുണ്ടായിരുന്നതിനാൽ കേമമായി തന്നെയായിരുന്ന വിവാഹം.

സാധാരണ കർഷക കുടുംബത്തിലെ അംഗമായ ബിജുവിനു കുറെ പണം കല്യാണത്തിനായി കടം വാങ്ങേണ്ടി വന്നു. വീടു മോടി പിടിപ്പിക്കാനും സദ്യവട്ടങ്ങൾക്കുമൊക്കെയായി മൂന്നു ലക്ഷത്തിലധികം രൂപ ചെലവായി. ഹാൾ, വസ്‌ത്രം, ആൽബം, വണ്ടികളുടെ വാടക എന്നിങ്ങനെ ഒരു ലക്ഷത്തിലേറെയും. അരലക്ഷത്തിലധികമായിരുന്നു മറ്റു ചെലവുകൾ. വീടു മോടി പിടിപ്പിക്കുന്നതിനും മറ്റുമായി ഒന്നര ലക്ഷത്തിലധികം രൂപ വീട്ടുകാർ മുടക്കി. കുറച്ചു പണം ബന്ധുക്കളും സുഹൃത്തുക്കളും ഉപഹാരമായി നൽകി. ഒരു ലക്ഷത്തിൽപരം രൂപയായിരുന്നു കല്യാണ സമയത്ത് ബിജുവിന്റെ നീക്കിയിരിപ്പ്.

വിവാഹം കഴിഞ്ഞ് ഒരുമാസമാകുന്നതിനു മുൻപേ ബിജുവിന്റെ സാമ്പത്തികനില പരുങ്ങലിലായി. കടക്കാർ തിരക്കു കൂട്ടിത്തുടങ്ങി. ബൈക്കിന്റെ ലോൺ അടവു തെറ്റി. ഹണിമൂൺ യാത്രകൾ പലതും വെട്ടി കുറച്ചു. ഒന്നര ലക്ഷം രൂപയെങ്കിലും വേണം തൽകാലം പിടിച്ചു നിൽക്കാൻ. എവിടെനിന്ന് സംഘടിപ്പിക്കും?

ഭാര്യ ജിനിയാണ് ഐഡിയ പറഞ്ഞത്. കുറച്ചു സ്വർണം വിൽക്കാം. ബിജു ആദ്യം വിലക്കി. കാരണം, വീട്ടുകാരുടെ മുന്നിൽ അപമാനിക്കപ്പെടുമെന്ന തോന്നൽ. വീട്ടിൽ പറയില്ലെന്നും പി ജി ബിരുദവും ബിഎഡുമുള്ള തനിക്കു ജോലി കിട്ടുന്നതോടെ പ്രശ്‌നം തീരുമെന്നും തൽക്കാലം മനസ്സമാധാനമാണ് വേണ്ടതെന്നുമുള്ള ജിനിയുടെ ഉപദേശം ബിജു സ്വീകരിച്ചു. 28 പവനാണു ജിനിക്കുണ്ടായിരുന്നത്. അതിൽ എട്ടു പവൻ വിൽക്കാൻ തീരുമാനമായി. പവന് 21,600 രൂപ നിരക്കിൽ 1,72,800 രൂപ വിലയും കണക്കു കൂട്ടി.

ജിനിയുടെ വീടിനടുത്തുള്ള കടയിൽനിന്നുമായിരുന്നു കൂടുതൽ സ്വർണവും വാങ്ങിയിരുന്നത്. വിൽക്കാനായി കൊണ്ടുപോയത് 30 കിലോമീറ്റർ അകലെ ബിജു ജോലി ചെയ്യുന്ന ഓട്ടമൊബീൽ കമ്പനിയുടെ അടുത്തുള്ള ജ്വല്ലറിയിലും. ഈ ജ്വല്ലറിയെ നമുക്ക് ‘എ’ എന്നു വിളിക്കാം. കടയിലെ സെയിൽസ്മാൻ ആദ്യം തന്നെ ഉരുപ്പടികൾ പരിശോധിച്ചു. പിന്നീട് അനലൈസർ ടെസ്റ്റിനു വിധേയമാക്കി. എല്ലാ ഉരുപ്പടികളും 916 ആണെന്നും നല്ല വില കിട്ടണമെന്നും ബിജു പറഞ്ഞു.

പരിശോധനയ്‌ക്കു ശേഷം ജ്വല്ലറിയിലെ സെയിൽസ്മാൻ ഒന്നൊന്നായി പറഞ്ഞു. മൂന്നു പവൻ തൂക്കമുള്ള മാല ഹാൾമാർക്കുള്ളതാണ്. അതിനു ഗ്രാമിനു നിലവിലെ മാർക്കറ്റ് വിലയുടെ മൂന്നു ശതമാനം മൂല്യം കുറയും. അതായത്, ഒരു ഗ്രാമിന്റെ മാർക്കറ്റ് വില 2,700 രൂപ. ഇതിന്റെ മൂന്നു ശതമാനമായ 81 രൂപ ഗ്രാമിന് കുറച്ചേ കടക്കാരൻ സ്വർണമെടുക്കൂ. മൂന്ന് പവൻ എന്നാൽ 24 ഗ്രാം. അതായത് 24x81=1,944.

വള രണ്ടു പവൻ വീതം രണ്ടെണ്ണമുണ്ട്. അതിൽ ഒന്ന് അമ്മാവൻ രണ്ടു വർഷം മുൻപു സമ്മാനമായി നൽകിയതാണ്. 916 മുദ്ര അതിനുമുണ്ട്. പക്ഷേ, പരിശോധനയ്ക്കുശേഷം നാലു ശതമാനം വരെ വില കുറയ്ക്കുമെന്നായി സെയിൽസ്മാൻ. 916 രേഖപ്പെടുത്തിയ സ്വർണമാണെന്നു ബോധ്യപ്പെടുത്തിയെങ്കിലും സെയിൽസ്‌മാൻ ടെസ്റ്റ് റിസൽറ്റ് കാണിച്ചു. ചെമ്പു കൂടുതലാണ്. അമ്മാവൻ സ്‌നേഹപൂർവം സമ്മാനിച്ച സ്വർണത്തിൽ മായമുണ്ടെന്നു കേട്ട ജിനി പൊട്ടിത്തെറിച്ചു.

അത് അമ്മാവന്റെ കുഴപ്പമല്ലെന്നും പണിക്കാരനോ കടക്കാരനോ തട്ടിച്ചതാകാമെന്നുമായി സെയിൽസ്മാൻ. രണ്ടാമത്തെ വളയിൽ 919 മാർക്കുമില്ല. പണിയുടെ പ്രത്യേകത കൊണ്ട് വിളക്കും കൂടുതലാണ് അതു കൊണ്ട് അതിന് അഞ്ചു ശതമാനമാണു കുറവ്. അതായത് ആദ്യ വളയിൽ ഒരു ഗ്രാമിന്റെ മാർക്കറ്റ് വിലയിൽനിന്നു നാലു ശതമാനവും രണ്ടാമത്തേതിൽ നിന്ന് അഞ്ച് ശതമാനവും കുറച്ചുള്ള വിലയേ കിട്ടൂ.

ആദ്യ വളയ്‌ക്കു ഗ്രാമിന് 108 രൂപയും രണ്ടാം വളയ്‌ക്കു ഗ്രാമിന് 135 രൂപയും കുറയ്ക്കുമെന്നർഥം. അതായത് ആദ്യവളയ്‌ക്ക് 1,728 രൂപയും രണ്ടാം വളയ്‌ക്ക് 2,160 രൂപയും കുറച്ചേ കടക്കാരൻ തരൂ. രണ്ടു മോതിരം അര പവൻ വീതം. ഒന്നിന് ഹാൾമാർക്ക് മുദ്രയുണ്ട്. മറ്റൊന്നിനു നല്ല പഴക്കമുണ്ട്. അതുകൊണ്ട് ശരാശരി മൂന്നു ശതമാനം വില കുറയ്ക്കും.

ഇതോടെ മറ്റൊരു കടയിൽ കൂടി ചോദിക്കാമെന്നായി ജിനി. ഈ കടയെ ‘ബി’ എന്ന് വിളിക്കാം. ആദ്യം സ്വർണം എടുക്കാൻ അവർ അത്ര താൽപര്യം കാണിച്ചില്ല. പക്ഷേ, ഐഡന്റിറ്റി വ്യക്തമാക്കിയപ്പോൾ വിലയിട്ടു. ഹാൾ മാർക്ക് മുദ്രയുള്ള മാലയ്ക്ക് ഗ്രാമിനു മാർക്കറ്റ് വിലയുടെ രണ്ടര ശതമാനം കുറയും. അതായത്, ഗ്രാമിന് 68 രൂപ. മൂന്നു പവന് 24x68=1,620 രൂപ.

വളയ്ക്കു ഹാൾമാർക്ക് മുദ്ര ഇല്ലാത്തതിന് 10 ഗ്രാമിന് ഒന്ന് എന്ന നിരക്കിൽ മൂല്യം കുറയ്‌ക്കും. രണ്ടു പവൻ വളയെന്നാൽ 16 ഗ്രാം. അതിന്റെ 10 ശതമാനം. അതായത്, 1.6 ഗ്രാം കുറച്ചിട്ട് ബാക്കിയുള്ളതിന് മാർക്കറ്റ് വിലയായ 2,700 രൂപ. അതായത്, 14.4x2,700= 38,880 രൂപ. ആ വളയിൽ മാത്രം 4,320 രൂപ കുറയും. ഇത്ര കുറവ് എന്താണെന്നു ചോദിച്ചപ്പോൾ കടക്കാരൻ വിളക്ക് പൊടിയുടെയും ചെമ്പിന്റെയും ചെളിയുടെയും കണക്ക് പറഞ്ഞു. അതല്ലെങ്കിൽ വാങ്ങിയ കടയിൽ കൊടുക്കാൻ നിർദേശിച്ചു. 916 മാർക്കുള്ള അടുത്ത വളയ്‌ക്കു നാലു ശതമാനം മൂല്യം കുറയ്ക്കും. മോതിരത്തിനു വലിയ കുറവു വരില്ലെന്നും ഗ്രാമിന് 55 രൂപയെന്നും കടക്കാരൻ.

ഇത്രയുമായ സ്ഥിതിക്ക് ഒരു ദിവസം ലീവെടുത്ത് ഉരുപ്പടികൾ വാങ്ങിയ കടകളും കൂടി പരീക്ഷിക്കാൻ ബിനു തീരുമാനിച്ചു. അതായത് ഷോപ് ‘സി’. അപ്പോഴും പ്രശ്‌നമായി. എല്ലാ ഉരുപ്പടികളും ഒരു കടയിൽ നിന്നല്ല വാങ്ങിയിട്ടുള്ളത്. എന്നാൽ വിളക്കുകൾ കൂടുതലുള്ള ഒരു വളയും പഴയ മോതിരവും ജിനിയുടെ കുടുംബത്തിന്റെ പരിചയക്കാരുടെ കടയിൽനിന്നാണു വാങ്ങിയത്. മാലയും ഒരു മോതിരവും ജിനിയുടെ നാട്ടിൽത്തന്നെയുള്ള കോർപറേറ്റ് സ്ഥാപനത്തിന്റെ ശാഖയിൽനിന്നും. രണ്ടാമത്തെ വള വാങ്ങിയത് അമ്മാവൻ ഏതോ കടയിൽനിന്നാണ്.

ആദ്യം വിളക്കുള്ള വള വാങ്ങിയ കടയിലെത്തി കാര്യമവതരിപ്പിച്ചു. ഇത്തരം സ്വർണങ്ങൾ എടുക്കാറില്ലെന്നും എന്നാൽ കുടുംബപരമായി തങ്ങളുടെ ഇടപാടുകാരായതിനാൽ ഉപേക്ഷിക്കുന്നില്ലെന്നും കടയുടമ പറഞ്ഞു. ഗ്രാമിനു മാർക്കറ്റ് വിലയിൽ നിന്നു രണ്ടര ശതമാനം കുറച്ച് എല്ലാം എടുക്കാമെന്നു കടക്കാരൻ വ്യക്തമാക്കി. പക്ഷേ, എല്ലാ ഉരുപ്പടികളും അവിടെത്തന്നെ കൊടുക്കണമെന്നും കടക്കാരൻ നിബന്ധന വച്ചു. ഒരുപക്ഷേ, മാല വാങ്ങിയ കോർപ്പറേറ്റ് ശാഖയിൽ കൊടുത്തിരുന്നെങ്കിൽ ഒരു ശതമാനമേ കുറയ്‌ക്കുമായിരുന്നുള്ളൂ. അതായത്, അങ്ങനെയെങ്കിൽ മാലയ്‌ക്ക് 972 രൂപ കൂടി കിട്ടുമായിരുന്നു.

പക്ഷേ, ക്വാളിറ്റി കുറഞ്ഞ മറ്റു സ്വർണങ്ങൾ മാർക്കറ്റ് വിലയിലും വലിയ വ്യത്യാസമില്ലാതെ മൂന്നാമത്തെ കടക്കാർ എടുക്കാൻ തയാറായത് മൂന്നു പവന്റെ ഗുണനിലവാരമുള്ള മാലയും കൂടി കണ്ടിട്ടാണ്. അതുകൊണ്ട് ആ നഷ്ടം നോക്കേണ്ടന്ന് ബിനു തീരുമാനിക്കുകയും സ്വർണം ആ കടയിൽ വിൽക്കുകയും ചെയ്‌തു. അതായത്, മൂന്നു പവൻ മാല വിറ്റപ്പോൾ അതിന്റെ മാർക്കറ്റ് വിലയിലുണ്ടായ കുറവ് 1,620 രൂപ. ആദ്യകടയിൽ വിറ്റിരുന്നെങ്കിൽ കുറവ് 1,944 രൂപ. രണ്ടാം കടയിൽ വിറ്റിരുന്നെങ്കിൽ 1,620 രൂപ.

ഇനി വളയുടെ കാര്യമെടുക്കാം. ആദ്യകടയിൽ ആദ്യവളയ്ക്ക് 1,728 രൂപയും രണ്ടാം വളയ്‌ക്ക് 2,160 രൂപയുമായിരുന്നു കുറവ്. ആകെ കുറവ് 3,888.

രണ്ടാം കടയിൽ ആദ്യവളയ്‌ക്ക് 1,728 രൂപ. രണ്ടാം വളയ്‌ക്ക് 4,320 രൂപ. ആകെ കുറവ് 6,048 രൂപ. മൂന്നാം കടയിൽ രണ്ടു വളകൾക്കും കൂടി 2,160 രൂപ കുറവ്. മോതിരത്തിന്റെ കാര്യമെടുക്കാം. ആദ്യകടയിൽ രണ്ടു മോതിരങ്ങൾക്കു ശരാശരി മൂന്നു ശതമാനം മൂല്യം കുറയ്‌ക്കുമായിരുന്നു. അതായത്, 648 രൂപ. രണ്ടാം കടയിൽ 440 രൂപ. മൂന്നാം കടയിൽ 540 രൂപ.

എട്ടു പവൻ സ്വർണത്തിന്റെ മാർക്കറ്റ് മൂല്യം 1,72,800 രൂപ. ബിനുവിനു വിറ്റപ്പോൾ കിട്ടിയത് 1,68,480 രൂപ. ആദ്യകടയിൽ വിറ്റിരുന്നെങ്കിൽ 1,66,320 രൂപയും രണ്ടാം കടയിലാണ് കച്ചവടമെങ്കിൽ 1,64,692 രൂപയുമേ കിട്ടുമായിരുന്നുള്ളൂ •

സ്വർണം എവിടെ വിൽക്കണം?

സാധാരണ നിലയിൽ വാങ്ങിയ കടകളിൽ തന്നെ വിൽക്കുന്നതാണു ബുദ്ധി. പക്ഷേ ചില കേസുകളിലെങ്കിലും പറ്റിക്കപ്പെടാനുള്ള സാധ്യത ഉണ്ട്. കോർപറേറ്റ് കടകളാണെങ്കിൽ അവിടെ നിന്നു വാങ്ങിയ ഹാൾമാർക്ക് സ്വർണമാണു വിൽക്കാൻ കൊണ്ടുചെല്ലുന്നതെങ്കിൽ സാധാരണ നിലയിൽ മാർക്കറ്റ് വിലയിൽ നിന്ന് ഒന്നോ രണ്ടോ ശതമാനമാണ് ഗ്രാമിന് കുറയ്ക്കുക. മറ്റു ഹാൾമാർക്ക് സ്വർണങ്ങൾക്കു ഗ്രാമിന് ശരാശരി 100 രൂപ വരെ കുറയ്ക്കുന്നവരുമുണ്ട്.

ഹാൾമാർക്കില്ലാത്ത സ്വർണങ്ങളുടെ കാര്യത്തിൽ ഉരുപ്പടി, അതിന്റെ പണി, വിളക്കുകളുടെ ആധിക്യം, പഴക്കം എന്നിങ്ങനെ പല ഘടകങ്ങൾ പരിഗണിക്കും. അപ്പോഴേക്കും പ്രതീക്ഷിച്ചതിലും ഏറെ വില കുറഞ്ഞിരിക്കും. അതുകൊണ്ട്  സ്വർണം വാങ്ങുമ്പോൾ മേലിലെങ്കിലും ഹാൾമാർക്ക് മുദ്ര നോക്കി വാങ്ങുക. വിൽക്കേണ്ടി വന്നാൽ കഴിവതും വാങ്ങിയ കടയിൽത്തന്നെ വിൽക്കുക. നഷ്ടമൊഴിവാക്കാൻ ഇതാണു നല്ല വഴി.

വിവാഹം പോലുള്ള സമയങ്ങളിൽ വൻ പർച്ചേസ് വേണ്ടി വരുമ്പോൾ ഹാൾമാർക്ക് നോക്കി സിലക്ട് ചെയ്‌ത ഉരുപ്പടികളിത്തന്നെ 916 മുദ്ര മാത്രമുള്ളവ ചില കച്ചവടക്കാർ തിരുകി കയറ്റാറുണ്ടെന്ന് ഒരു കോർപറേറ്റ് സ്വർണക്കടയിലെ ബ്രാഞ്ച്‌ മാനേജർ വെളിപ്പെടുത്തി. നാൽപതോ അൻപതോ അതിലധികമോ പവൻ ഉരുപ്പടികൾ കുടുംബാംഗങ്ങൾ ഒരു ദിവസം മുഴുവൻ ഇരുന്നാണ്‌ സിലക്ട് ചെയ്യുന്നത്. പിന്നീട് ബില്ലടിക്കുമ്പോൾ മാർക്കിങ് കോഡ് ശ്രദ്ധിക്കാനാകില്ല.

വിവാഹം കഴിഞ്ഞ് വധു ഏതെങ്കിലും നാട്ടിലായിരിക്കും. പിന്നീടു വർഷങ്ങൾക്കു ശേഷം വീടോ ഫ്‌ളാറ്റോ വാങ്ങാനായിരിക്കും സ്വർണം വിൽക്കുക. ഏതോ നഗരത്തിൽ ഏതോ കടക്കാരന് പറയുന്ന വിലയ്ക്കു സ്വർണം വിൽക്കേണ്ടി വരികയും ചെയ്യുന്നു. അപ്പോൾ ഹാൾമാർക്ക് പരാതിയുമായി പോകാതെ കിട്ടിയ വില വാങ്ങി കാര്യം നടത്തുക എന്നതാവും ബുദ്ധി. പല സന്ദർഭങ്ങളിലും സ്വർണം വാങ്ങിയ ആളുപോലും ജീവിച്ചിരിപ്പുണ്ടാകില്ല.

ഹാൾമാർക്ക് തന്നെ പ്രധാനം

വാങ്ങിയ സ്വർണം ഏതുതരമെന്നു വിൽക്കുമ്പോഴേ അറിയാനാവൂ. സ്വർണക്കടക്കാരുടെ പഴമൊഴി എന്നു വിശേഷിപ്പിക്കാവുന്ന ഈ പല്ലവിക്ക് അർഥതലങ്ങൾ ഏറെയാണ്. വാങ്ങുന്ന സ്വർണത്തിന്റെ നിലവാരം രേഖപ്പെടുത്തുന്ന ഹാൾമാർക്ക് മുദ്രകൾ സാധാരണമാണെങ്കിലും ഇതില്ലാത്ത ഉരുപ്പടികളുടെയും കച്ചവടം വ്യാപകമായി നടക്കുന്നു. 916 എന്നു രേഖപ്പെടുത്തിയ ഉരുപ്പടികൾപോലും കൃത്യമായ ഗുണനിലവാരം ഇല്ലാത്തതാണെന്നാണ് കടക്കാർ പറയുന്നത്. അതിനു കാരണവുമുണ്ട്. ഒരോ കച്ചവടക്കാരനും അയാളുടെ ആവശ്യാനുസരണം ഉരിപ്പടികളിൽ 916 ലേബൽ അടിക്കാം. അത്യാവശ്യത്തിനു വിൽക്കാനായി ഈ സ്വർണം കടയിൽ കൊണ്ടുപോകുമ്പോഴാണ് ഉപഭോക്താവ് തട്ടിപ്പു തിരിച്ചറിയുന്നത്.

1000 ഗ്രാം ഉരുക്കിയാൽ 916 ഗ്രാം ശുദ്ധിയുള്ള സ്വർണം ലഭിക്കണം എന്നതാണ് 916 എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, 100 ഗ്രാമിൽ നിന്ന് 91.6 ഗ്രാം. എന്നാൽ ഇന്ന് 86 ഗ്രാം ശുദ്ധസ്വർണമുള്ള 22/20 കാരറ്റും 82 മുതൽ 86 വരെ കിട്ടുന്ന 22/21 കാരറ്റും 916 അക്കൗണ്ടിലാണ് വിപണിയിലെത്തുന്നത്. ഇതു പക്ഷെ, ഉപഭോക്താവ് അറിയണമെന്നില്ല. ഇത്തരം സ്വർണം വിൽക്കുമ്പോഴാണു വില കുറയുന്നത്. ഹാൾമാർക്ക് മുദ്രയുള്ള സ്വർണത്തിൽ ഈ ചതിയുണ്ടാവില്ലെന്നാണു കച്ചവടക്കാർ പറയുന്നത്. നാലു മുദ്രകൾ ഉൾപ്പെടുന്നതാണ് ഹാൾമാർക്ക്. 916 ശുദ്ധത, ബി ഐഎസ് മാർക്ക്, മുദ്രയടിച്ച അംഗീകൃത ഹാൾമാർക്ക് സെന്ററിന്റെ കോഡ്, ഉരുപ്പടി നിർമിച്ച വർഷം ഇവയാണത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam