Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ കറൻസികൾ കൈവശം വയ്ക്കാൻ പരിധിയുണ്ടോ?

Foreign Currency

വിദേശ നാണയ വിനിമയ നിയമങ്ങൾക്കു വിധേയമായാണ് ഫോറിൻ കറൻസികൾ കൈകാര്യം ചെയ്യേണ്ടത്. ഫോറിൻ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് അഥവാ ഫെമാ നിയമത്തിലെ ചട്ടങ്ങളും വകുപ്പുകളും ആണ് ഇതിന് അടിസ്ഥാനം. കഴിഞ്ഞ സാമ്പത്തിക വർഷം 182 ദിവസത്തിനു മുകളിൽ ഇന്ത്യയിൽ താമസിക്കുന്നവർ നടത്തുന്ന വിദേശ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളാണ് ഫെമ നിയമത്തിൽ വിശദീകരിച്ചിട്ടുള്ളത്.

ഫെമ നിയമത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ള അംഗീകൃത ഇടനിലക്കാർക്കാണ് വിദേശ കറൻസി ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അധികാരം നൽകിയിരിക്കുന്നത്. കാറ്റഗറി ഒന്ന്, രണ്ട് വിഭാഗങ്ങളിലെ അംഗീകൃത ഇടനിലക്കാർക്കൊപ്പം പൂർണതോതിൽ കറൻസി ക്രിയവിക്രയത്തിന് അനുമതിയുള്ളവരിൽനിന്നോ അവരുടെ ഫ്രാഞ്ചൈസികളിൽനിന്നോ വിദേശ കറൻസികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും മാത്രമേ ഫെമ അനുവദിക്കുന്നുള്ളൂ.

വിദേശപണം സ്വീകരിക്കുമ്പോൾ

1.  വ്യക്തിഗത ആവശ്യങ്ങൾക്കായി ഒരു തവണ സ്വീകരിക്കാവുന്ന തുക 2,500 യുഎസ് ഡോളറിനു തുല്യമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

2.  ഒറ്റത്തവണ പരിമിതിയുണ്ടെങ്കിലും കലണ്ടർ വർഷത്തിൽ ഒരു വ്യക്തിക്കു 30 തവണ വരെ വിദേശത്തുനിന്നു പണം സ്വീകരിക്കാം.

3.  ഏതു കറൻസിയിൽ പണം വന്നാലും ഇന്ത്യൻ കറൻസിയാക്കി മാറ്റിയശേഷം മാത്രമേ നാട്ടിലുള്ള വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ വരവു വയ്‌ക്കുകയുള്ളൂ.

4.  തിരിച്ചറിയൽ രേഖകൾ നൽകിയിട്ടുള്ള അക്കൗണ്ടുകളിലൂടെ മാത്രമേ പണം സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.

5.  അന്തർദേശീയ മണിട്രാൻസ്ഫർ കമ്പനികൾ വഴി പണം സ്വീകരിക്കുന്നത് അംഗീകൃത മാർഗമാണ്.

6.  ബാങ്കുകളിലൂടെയല്ലാതെ പണം കൈപ്പറ്റുമ്പോൾ തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കിയിട്ടുണ്ട്.

7.  എക്സ്‌ചേഞ്ച് കമ്പനികൾ വഴി അടയ്‌ക്കുന്ന പണത്തിന് യുഎഇയിൽനിന്നു 30,000 ദിനാർ,

 ഇംഗ്ലണ്ടിൽ നിന്ന് 5,000 പൗണ്ട്, അമേരിക്കയിൽ നിന്ന് 5,000 യുഎസ് ഡോളർ, യൂറോപ്പിൽനിന്ന് 7,500 യൂറോ എന്നിങ്ങനെ പരിമിതിയുണ്ട്.

കറൻസി വാങ്ങണമെങ്കിൽ

ബാങ്കുകൾ, ബാങ്കിതര ധനകാര്യ കമ്പനികൾ തുടങ്ങി റിസർവ് ബാങ്ക് അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത ഇടനിലക്കാരിൽനിന്നുവരെ വിദേശ കറൻസികൾ വാങ്ങാവുന്നതാണ്. അനുവദിച്ചിട്ടുള്ള പരിധികൾക്കു വിധേയമാണിത്. 3,000 ഡോളർ വരെ കറൻസിയായും ബാക്കി തുക ട്രാവലേഴ്‌സ് ചെക്കായോ പ്രീപെയ്‌ഡ് ഫോറെക്സ് കാർഡായോ ലഭിക്കും. ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് 5,000 യുഎസ് ഡോളർ വരെ കറൻസിയായി വാങ്ങാം. ഇറാൻ, റഷ്യൻ ഫെഡറേഷൻ, പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റുകൾ എന്നിവിടങ്ങളിലേക്കു പോകുന്നവർക്ക് 2,50,000 ഡോളറിനു തുല്യമായ

തുക വിദേശ നാണയമായിട്ടു വാങ്ങാം. ഹജ്ജിനു പോകുന്നവർക്ക് ഹജ് കമ്മിറ്റി അനുവദിച്ചിട്ടുള്ളത്രയും ഡോളറും വാങ്ങാവുന്നതാണ്. ഭൂട്ടാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കു വിദേശ കറൻസി അനുവദിക്കുന്നില്ല.

പരിധി എത്രയാണ്?

വിനോദയാത്രയ്‌ക്കു വിദേശത്തു പോയിട്ട് വന്നവരുൾപ്പെടെ ഭാവിയിലെ വ്യക്തിഗത ആവശ്യങ്ങൾക്കു വേണ്ടി 2,000 യുഎസ് ഡോളറിനു തുല്യമായ തുക വരെ വിദേശ കറൻസിയായി കൈവശം സൂക്ഷിക്കാവുന്നതാണ്. സമ്മാനമായും മറ്റും കിട്ടിയ തുകയും ഈ പരിധിയിൽപെടുന്നു. ട്രാവലേഴ്‌സ് ചെക്കുകൾ കൂടുതൽ ദിവസം സൂക്ഷിക്കാനാകില്ല. അവ മാറ്റി ഇന്ത്യൻ പണം സ്വീകരിക്കുന്നതിന് 180 ദിവസത്തെ കാലാവധിയെ ലഭിക്കുകയുള്ളൂ.

വിദേശ കറൻസിയിൽ അക്കൗണ്ട്

ഇന്ത്യയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള പൗരന്മാർക്കു വിദേശ കറൻസിയിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനു റിസർവ് ബാങ്ക് അനുമതി നൽകുന്നുണ്ട്. യുഎസ് ഡോളർ, പൗണ്ട് സ്റ്റെർലിങ്, ജാപ്പനീസ് യെൻ, യൂറോ, ഓസ്‌ട്രേലിയൻ ഡോളർ, കനേഡിയൻ ഡോളർ തുടങ്ങിയ കറൻസികളിൽ നിക്ഷേപം നടത്താം. വിദേശത്തു പോയി തിരിച്ചു വന്നപ്പോൾ ൈകയിലുണ്ടായിരുന്ന തുക, വിദേശത്തു ജോലി ചെയ്‌തപ്പോൾ കിട്ടിയ പ്രതിഫലം, അടുത്ത ബന്ധുക്കൾ നൽകിയ സംഭാവനകൾ തുടങ്ങിയ ഇനത്തിലെല്ലാം പണം ഇത്തരം അക്കൗണ്ടുകളിൽ സൂക്ഷിക്കാം. പലിശ ലഭിക്കാത്ത അക്കൗണ്ടുകളിൽ നിക്ഷേപത്തിനു പരിധിയില്ല.

സംഭാവനകൾ വിദേശ കറൻസിയിൽ

പ്രവാസികളായ ഇന്ത്യൻ പൗരന്മാരിൽനിന്നു സ്വീകരിക്കുന്നതിനു തടസ്സമില്ലെങ്കിലും വിദേശ പൗരത്വമുള്ള ഇന്ത്യൻ വംശജർ, വിദേശികൾ, വിദേശ സ്ഥാപനങ്ങൾ എന്നിവയിൽനിന്നു സഹായം സ്വീകരിക്കുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നു ഫോറിൻ കോൺട്രിബ്യൂഷൻ നിയന്ത്രണ നിയമം അഥവാ എഫ്സിആർഎ അനുസരിച്ച് മുൻകൂർ റജിസ്‌ട്രേഷൻ എടുക്കണം. അഞ്ചു വർഷത്തേക്കു ലഭിക്കുന്ന റജിസ്‌ട്രേഷനിൽ പ്രത്യേകം സൂചിപ്പിക്കുന്ന ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പണം സ്വീകരിക്കാനാവൂ. 

വിദേശത്തു നിന്നു തിരികെ എത്തുമ്പോൾ

വിദേശത്തു ജോലി ചെയ്‌തശേഷം നാട്ടിലേക്കു മടങ്ങുന്നവർക്കു കൊണ്ടുവരാവുന്ന വിദേശ നാണയത്തിനു പരിധിയില്ലായെങ്കിലും പുറപ്പെടുന്ന രാജ്യങ്ങളിലെ നിയന്ത്രണങ്ങൾ ശ്രദ്ധിക്കണം. 5,000 യുഎസ് ഡോളറിനു തുല്യമായ തുക നോട്ടുകളായും 10,000 യുഎസ് ഡോളറിനു തുല്യമായ തുക ട്രാവലേഴ്‌സ് ചെക്കായും ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനു നമ്മുടെ നാട്ടിൽ കറൻസി ഡിക്ലറേഷൻ ആവശ്യമില്ല. അതിനു മുകളിൽ വരുന്നവർ കറൻസി ഡിക്ലറേഷൻ ഫോറത്തിൽ വിശദ വിവരങ്ങൾ കസ്റ്റംസിൽ ധരിപ്പിക്കണം. വിനോദത്തിനും മറ്റും വിദേശത്തു പോയിവരുന്നവർ ബാക്കിയുള്ള വിദേശ കറൻസി 90 ദിവസത്തിനുള്ളിൽ അംഗീകൃത ഇടനിലക്കാരന്റെ അടുത്തു തിരിച്ചടച്ച് ഇന്ത്യൻ റുപ്പിയാക്കി മാറ്റണം.

Read more on: Sampadyam, Lifestyle Magazine