Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യത്യസ്ത ആശയം, യുവാവിന്റെ പ്രതിമാസ വരുമാനം രണ്ട് ലക്ഷം!

Bipin

അപൂർവവും വ്യത്യസ്തവുമായ ബിസിനസ് വഴിയിലൂടെ മികച്ച വരുമാനം നേടുന്ന യുവസംരംഭനാണ് ബിപിൻ. ഈ യുവസംരംഭകൻ തുടങ്ങിയ സംരംഭത്തിൽ െചങ്കല്ലാണ് മുഖ്യ അസംസ്കൃതവസ്തു. അതിൽനിന്നു ൈവവിധ്യമാർന്ന ഉൽപന്നങ്ങളാണ് അദ്ദേഹം നിർമിക്കുന്നത്. െചങ്കല്ലുകൊണ്ടുള്ള ൈടൽ ആണ് പ്രധാനം. കൂടാതെ ചെങ്കല്ലിൽ കൊത്തിയെടുത്ത അലങ്കാര ശിൽപങ്ങൾ, ഹോട്ടലുകളിലും റിസോർട്ടുകളിലും ഉപയോഗിക്കാനുള്ള ചെങ്കൽ രൂപങ്ങൾ എന്നിവയൊക്കെയാണ് ഇവിടെ രൂപപ്പെടുത്തിയെടുക്കുന്നത്.

എന്തുകൊണ്ട് ഈ ബിസിനസ്?

ബിപിൻ ഒരു സിവിൽ എൻജിനീയറാണ്. കെട്ടിടങ്ങളുടെ നിർമാണജോലികൾ ഏറ്റെടുത്തു ചെയ്യുന്നു.  മലബാർ പ്രദേശത്തെ ഒരു അമ്പലത്തിന്റെ ജോലികൾ ചെയ്തുവരവെയാണ് ഇത്തരമൊരു ബിസിനസ് ആശയം മനസ്സിൽ ഉദിക്കുന്നത്. നമ്മുടെ നാട്ടിലും അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും ക്ഷേത്ര നിർമാണത്തിൽ ചെങ്കല്ലിനു വലിയ പ്രാധാന്യം നൽകി വരുന്നു.

കൂടാതെ ഒരു പ്രകൃതിദത്ത ഉൽപന്നമെന്ന നിലയിൽ ഇതിലെ സാധ്യതകൾകൂടി മനസ്സിലാക്കിയതോടെയാണ് സംരംഭം തുടങ്ങുന്നത്.  ചെങ്കൽ മുറിക്കുന്നതിനു മെഷിനറി സംവിധാനം ഉപയോഗിക്കുന്നതാണു നല്ലതെന്നു മനസ്സിലാക്കി. തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ചെങ്കല്ല് ൈടലുകൾ നിർമിക്കാൻ മെഷിനറി സംവിധാനത്തോടെ ഒരു ഫാക്ടറി സ്ഥാപിച്ചു. അതോടെ ഉൽപാദനം വിപുലമായി.

രണ്ടായിരത്തിയെട്ടിലാണ് സ്ഥാപനം തുടങ്ങുന്നത്. എന്നാൽ പൂർണമായും മെഷിനറി സംവിധാനത്തിലേക്കു വന്നപ്പോൾ 2016 ആയി. ശ്രമകരമായിരുന്നു ആ കാലഘട്ടമെന്നു ബിപിൻ പറയുന്നു.

െചങ്കല്ലിന് ഒരു ക്ഷാമവുമില്ല

കടുപ്പവും നല്ല നിറവുമുള്ള ‘ചെങ്കല്ല്’ കണ്ണൂരുനിന്നു കൊണ്ടുവരുന്നു. ഇവ സുലഭമായി കിട്ടാനുണ്ട്. ഇതു ഡിസൈൻ/വലുപ്പം/കനം എന്നിവ അനുസരിച്ച് മെഷിനറി സഹായത്താൽ മുറിച്ച് ടൈൽ ആയി രൂപപ്പെടുത്തുന്നു. എന്നിട്ട് ശ്രദ്ധാപൂർവം പായ്ക്ക് ചെയ്ത് അയയ്ക്കുന്നു.

പ്രത്യേകതകൾ

∙ സ്വന്തമായി ഡിസൈൻ ചെയ്ത് എടുത്ത മെഷിനറികളാണ് സ്ഥാപനത്തിൽ ഉപയോഗിക്കുന്നത്.

∙ ഉൽപന്നത്തിന് ഗാരന്റി നൽകുന്നു.

∙ പ്രകൃതിയോടിണങ്ങുന്ന ഫാക്ടറി സംവിധാനം ആരെയും ആകർഷിക്കും.

∙ കഴുകുന്നതിനും കട്ട് ചെയ്യുന്നതിനും ഗ്രൗണ്ട് വാട്ടർ ഉപയോഗിക്കുന്നില്ല.

∙ സർഫസ് വാട്ടർ ശേഖരിച്ച് ഫിൽട്ടർ ചെയ്ത് ഉപയോഗിക്കുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നതും അനുകരിക്കാവുന്നതുമാണ്.

∙ കട്ടിങ് പേസ്റ്റ് ഉപയോഗിച്ച് മഡ് െപയിന്റ് നിർമിക്കുന്നു.

∙ ൈടൽ കട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന യാതൊരു പൊടിപടലങ്ങളും പുറത്തേക്കു വരുന്നില്ല.

∙ േകരള ഗ്രാമീൺ ബാങ്കിന്റെ ബെസ്റ്റ് എന്റർപ്രണർ അവാർഡ് ലഭിച്ചു.

∙ േവസ്റ്റ് നിർമാർജനം, വെള്ളത്തിന്റെ പുനരുപയോഗം, ഫാക്ടറി നടത്തിപ്പ് എന്നിവ സംബന്ധിച്ച് ഒട്ടേറെ പരിശീലന പരിപാടികൾ സംഘടിപ്പിക്കാനായി.

50 ലക്ഷം രൂപയുടെ മെഷിനറികൾ

പലപ്പോഴായി വാങ്ങി ശേഖരിച്ച ഏകദേശം 50 ലക്ഷം രൂപയുടെ മെഷിനറി നിക്ഷേപമുണ്ട്. സ്ലൈസിങ് മെഷീൻ, എഡ്ജ് കട്ടിങ് മെഷീൻ, പ്ലെയിനിങ് മെഷീൻ, വാട്ടർ ഫിൽട്ടറേഷൻ, വേസ്റ്റ് ഡിസ്പോസൽ എന്നിവയാണ് പ്രധാന മെഷിനറി സംവിധാനങ്ങൾ. അഞ്ചുലക്ഷം രൂപയുടെ മെഷിനറി സംവിധാനത്തിൽ തുടങ്ങിയതാണ്. പത്തിൽപരം തൊഴിലാളികൾ ജോലി ചെയ്യുന്നു.

മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ മെഡിക്കൽ ഓഫിസ് തുടങ്ങി എല്ലാവിധ ൈലസൻസുകളും ഉണ്ട്.

10 ലക്ഷത്തിന്റെ ബിസിനസ്

മാർബിൾ/ടൈൽ ഷോപ്പുകൾ വഴിയാണ് പ്രധാന വിൽപനകൾ. കേരളത്തിലെ മിക്കവാറും ജില്ലകളിൽ ഇത്തരം ഷോപ്പുകളിൽ ചെങ്കൽ ടൈൽസ് ലഭ്യമാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുമാണ് കൂടുതൽ ഓർഡറുകൾ കിട്ടുന്നത്. ഓർഡർ അനുസരിച്ചാണ് കൂടുതൽ വിൽപനയും നടക്കുന്നത്. ചതുരശ്രയടിക്ക് 150 രൂപയാണു ശരാശരി വില. ചുമരിൽ ഒട്ടിക്കാനും ഫ്ലോറിൽ പതിക്കാനും പ്രത്യേകം ടൈലുകൾ ഇറക്കുന്നുണ്ട്. കിടമത്സരം, ക്രെഡിറ്റ് എന്നിവ ബിസിനസിനെ കാര്യമായി ബാധിക്കാറില്ല.

കച്ചവടം ആയി വരുന്നതേയുള്ളൂ. എങ്കിലും 10 ലക്ഷം രൂപയുടെ പ്രതിമാസ കച്ചവടം ഇപ്പോഴുണ്ട്. ഇതിൽനിന്ന് 20 ശതമാനമാണ് അറ്റാദായം. രണ്ടു വർഷത്തിനുള്ളിൽ കച്ചവടം ഇരട്ടിയാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

ഇതോടൊപ്പം നിർമാണരംഗത്ത് ഉപയോഗിക്കാവുന്ന ‘റോബട്ടിക് െവഹിക്കിൾ’ ഉണ്ടാക്കുന്ന ഒരു പ്ലാന്റ് തുടങ്ങണമെന്നു ബിപിന് ആഗ്രഹമുണ്ട്. അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

പുതുസംരംഭകർക്ക്

പുതിയ ആശയങ്ങൾ െകട്ടിട നിർമാണരംഗത്തു പരീക്ഷിക്കുവാൻ ധാരാളം അവസരങ്ങൾ ഇന്നുണ്ടല്ലോ. ഇന്റീരിയർ െഡക്കറേഷൻ പോലുള്ള മേഖലകളും നന്നായി വളരുകയാണ്. ഒന്നിലധികം പേർ കൂടിയോ മറ്റോ 10 ലക്ഷം രൂപ മുടക്കി ഇത്തരം സംരംഭങ്ങൾ  തുടങ്ങാവുന്നതാണ്. പ്രതിമാസം അഞ്ചുലക്ഷം രൂപയുടെ വിറ്റുവരവ് ഉണ്ടായാൽ പോലും ഒരു ലക്ഷം രൂപ അറ്റാദായമാണ്.

വിലാസം:  

ബിപിൻ എം.സി.

നോർക്കർ ഇൻഡസ്ട്രീസ്

NIT (PO) ചാത്തമംഗലം, കോഴിക്കോട്     

മൊബൈൽ: 944740 9280