കൊടുംകാടിനുള്ളിൽ ഒരു വർഷം, ചാനൽ ചതിച്ചതറിയാതെ മൽസരാർഥികള്‍ !

ഏഡെൻ എന്ന റിയാലിറ്റി ഷോയിലെ മൽസരാർഥികള്‍

റിയാലിറ്റി ഷോ എന്ന വിഭാഗത്തിൽപ്പെട്ട ടെലിവിഷൻ പരിപാടികൾ വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലും കഴിയുമെങ്കിൽ ഞെട്ടിപ്പിക്കുന്നതിലും ഏറെ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. അതിൽ പങ്കെടുത്ത് വിഡ്ഢികളാവാനും വിജയികളാവാനുമൊക്കെ ആളുകളും തയാറാണ്. ഇത്തരത്തിൽ ആയിരക്കണക്കിനു ഷോകളാണ് ലോകത്തെ പതിനായിരക്കണക്കിനു ടിവി ചാനലുകളിലൂടെ അനുദിനം നടക്കുന്നത്.

എന്നാൽ, മൽസരിച്ച എല്ലാവരെയും ഒരേ പോലെ ഞെട്ടിച്ചുകൊണ്ടും വിഡ്ഢികളാക്കിക്കൊണ്ടും റിയാലിറ്റി ഷോ ചരിത്രത്തിൽ തന്നെ ഇടം നേടിയിരിക്കുകയാണ് ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ. 

2016 മാർച്ചിലാണ് ഷോ ചിത്രീകരണം ആരംഭിച്ചത്. തിരഞ്ഞെടുത്ത 23 മൽസരാർഥികൾ പുറംലോകവുമായി ആശയവിനിമയമില്ലാതെ സ്‌കോട്ട്‌ലാൻഡിലെ വിജനമായ കാടുകളിൽ ഒരു വർഷം കഴിച്ചുകൂട്ടുന്നതായിരുന്നു ഷോയുടെ വിഷയം. ഷോ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുന്ന ജോലിയും ഇവരുടേതു തന്നെ.  അതിനായി ചാനൽ 4 നാലു ക്യാമറകളും നൽകി ഇവരെ കാട്ടിലേക്കയച്ചു. കാട്ടിനുള്ളിൽ ഇവർ സ്വന്തം നിയമവും ചട്ടങ്ങളും ഉണ്ടാക്കി ഒരു സാമൂഹികവ്യവസ്ഥിതി സൃഷ്ടിച്ച് കഴിഞ്ഞുകൂടി.

എന്നാൽ, നാല് എപ്പിസോഡ് കഴിഞ്ഞപ്പോഴേക്കും മൽസരാർഥികൾ തമ്മിൽ അലമ്പു തുടങ്ങി. അസൂയയും കുശുമ്പും മുതൽ ഈഗോയും വ്യക്തിത്വവൈകല്യങ്ങളും മൂലം ഷോ ചീഞ്ഞുനാറി. അതിനു പുറമെ ബ്രെക്‌സിറ്റും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമൊക്കെ ഷോയെക്കാൾ മികച്ച റിയാലിറ്റി കാഴ്ചകൾ നൽകിയതോടെ പരസ്യക്കാരും പ്രേക്ഷകരും ഷോയെ കൈവിട്ടു. ജൂലൈയിൽ സംപ്രേഷണം തുടങ്ങിയ ഷോ ഓഗസ്റ്റിൽ സംപ്രേഷണം നിർത്തി. 

ഇതിനിടെ അലമ്പു മൂത്തപ്പോൾ 10 പേർ ഷോയിൽ നിന്നു പുറത്ത് പോവുകയും ചെയ്തു. എന്നാൽ, അവശേഷിച്ച 13 പേർ കാട്ടിലെ ജീവിതം തുടർന്നു.  പുറംലോകവുമായി ബന്ധമില്ലാതിരുന്നതിനാലും ആശയവിനിമയോപാധികളില്ലാതിരുന്നതിനാലും ഷോ നിർത്തിയത് അവരറിഞ്ഞില്ല. 

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു.  കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.