നായകളോടൊപ്പം വേലക്കാരിയെ കിടത്തിയ സിഇഒയ്ക്ക് എട്ടിന്റെ പണി!!

ഹിമാന്‍ഷു ഭാട്ടിയ

വീട്ടുജോലിക്ക് വരുന്നവരോട് പലരും പെരുമാറുന്നത് ഭീകരമായിരിക്കും. ഇവിടെ ഒരു ഇന്ത്യന്‍ അമേരിക്കന്‍ സിഇഒയ്ക്ക് തന്റെ വീട്ടുജോലിക്കാരിയോട് പെരുമാറിയതിന്റെ  പേരില്‍ കൊടുക്കേണ്ടി വന്നത് 87 ലക്ഷം രൂപയാണ്. അത്രമാത്രം ക്രൂരത കാണിച്ചു റോസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് ഐടി സ്റ്റാഫിങ് എന്ന കമ്പനിയുടെ സിഇഒ പദവി അലങ്കരിക്കുന്ന ഹിമാന്‍ഷു ഭാട്ടിയ തന്റെ വീട്ടുജോലിക്കാരിയോട്. 

യുഎസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ഫോര്‍ ദി സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയ ആണ് വിധി പുറപ്പെടുവിച്ചത്. അതിക്രൂരമായ പെരുമാറ്റമായിരുന്നു വീട്ടുജോലിക്കാരിയോട് ഹിമാന്‍ഷു നടത്തിയതെന്നാണ് ആരോപണം. മാത്രമല്ല മതിയായ ശമ്പളം നല്‍കിയതുമില്ല. അമേരിക്ക നിഷ്‌കര്‍ഷിക്കുന്ന മിനിമം വേതനം എന്നത് വീട്ടുജോലിക്ക് നല്‍കുന്നതില്‍ ഹിമാന്‍ഷു പരാജയപ്പെട്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 

അസുഖമായിരിക്കുന്ന സമയത്ത് വീട്ടുജോലിക്കാരിയെ ഗാരേജിലെ കാര്‍പ്പറ്റില്‍ നിര്‍ബന്ധപൂര്‍വം കിടക്കാന്‍ പ്രേരിപ്പിച്ചെന്നും കേസുണ്ട്. തൊഴില്‍ നിയമങ്ങളെക്കുറിച്ച് തന്റെ വീട്ടുജോലിക്കാരി ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്യുന്നത് കണ്ടാണ് ഡിസംബര്‍ 2014ല്‍ അവരെ ഹിമാന്‍ഷു പുറത്താക്കിയത്. തനിക്ക് ആവശ്യത്തിന് ശമ്പളം തന്നിരുന്നു എന്ന രേഖയില്‍ ഒപ്പിടാന്‍ വീട്ടുജോലിക്കാരിയോട് അവര്‍ നിര്‍ബന്ധിച്ചെങ്കിലും വഴങ്ങിയില്ല. അങ്ങനെയാണ് കേസ് കോടതിയിലെത്തിയത്. 

വേതനത്തില്‍ വീഴ്ച്ച വരുത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് വീട്ടുജോലിക്കാരിക്ക് 87 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. വിദേശത്ത് വീട്ടുജോലിക്ക് പോകുന്നവര്‍ ദുരിതമനുഭവിക്കേണ്ടി വരുന്ന സാഹചര്യങ്ങള്‍ കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു വിധി വന്നതെന്നത് ശ്രദ്ധേയമാണ്.