ഇരട്ടക്കുട്ടികളെ വച്ച് ഹോട്ടലിലെ അതിഥികളെ പേടിപ്പിച്ച് ഒരച്ഛൻ !!

കാഴ്ചയിൽ ഒരു വ്യത്യസ്തവും ഇല്ലാത്ത ഈ കുഞ്ഞുങ്ങളെ വച്ച് ലണ്ടനിലെ ഹോട്ടലിൽ എത്തുന്ന അതിഥികളെ പേടിപ്പിക്കലാണ് ഈ അച്ഛന്റെ ജോലി...

ബ്രിട്ടീഷ് സ്വദേശിയായ മാർട്ടിൻ ഹ്യുഗ്സ് എന്ന അച്ഛനാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. കാരണം എന്താണെന്നല്ലേ? കക്ഷിക്ക് രണ്ടു ഇരട്ട പെൺകുട്ടികൾ ഉണ്ട്, പോപ്പിയും ഇസബെല്ലയും. വെള്ളാരം കണ്ണുകളും സ്വർണ്ണതലമുടിയുമുള്ള രണ്ടു ഇരട്ടക്കുഞ്ഞുങ്ങൾ. കാഴ്ചയിൽ ഒരു വ്യത്യസ്തവും ഇല്ലാത്ത ഈ കുഞ്ഞുങ്ങളെ വച്ച് ലണ്ടനിലെ ഹോട്ടലിൽ എത്തുന്ന അതിഥികളെ പേടിപ്പിക്കലാണ് ഈ അച്ഛന്റെ ജോലി. 

സംഭവം പറയുന്നത്ര എളുപ്പമല്ല. തങ്ങൾ എന്താണ് ചെയ്യുന്നത് എന്ന് പോപ്പിക്കും ഇസബെല്ലയ്ക്കും വലിയ പിടിയില്ല, എന്നാൽ മാർട്ടിൻ ഹ്യുഗ്സിന് തൻ എന്താണ് ചെയ്യുന്നത് എന്ന് നന്നായി അറിയാം. ഇരട്ടകളായ പ്രേത കഥാപാത്രങ്ങളിലൂടെ പ്രശസ്തമായ ദി ഷൈനിങ് എന്ന സിനിമയുടെ പുനരാവിഷ്ക്കരണം പോലെയാണ് മാർട്ടിൻ കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. ഭയപ്പെടുത്തുന്ന ആ ചിത്രം കണ്ട ആരും മാർട്ടിൻ ഹ്യുഗ്സ് ഒപ്പിക്കുന്ന ഈ കുസൃതിയിൽ വീഴാതിരിക്കില്ല. 

നാല് വയസ്സാണ് പോപ്പിയുടെയും ഇസബെല്ലയുടെയും പ്രായം. 1980  ൽ ഇറങ്ങിയ ദി ഷൈനിംഗ്‌ എന്ന ചിത്രത്തിലെ ഇരട്ട പ്രേതങ്ങൾക്കു സാമാനം. ഹോട്ടലിന്റെ ലോബിയിൽ പുതിയ അതിഥികളെ സ്വീകരിക്കുന്നത് ഇവരായിരിക്കും. പിന്നീട്  ഹോട്ടലിൽ പലഭാഗത്തും കുത്തിയിറങ്ങുന്ന നോട്ടത്തോടെ ഇരുവരെയും കാണാം. ഇരട്ടക്കുഞ്ഞുങ്ങളെ ലഭിച്ചത് ഭാഗ്യമാണ് എന്ന് പറഞ്ഞാണ് മാർട്ടിൻ ഹ്യുഗ്സ് തന്റെ കുട്ടികളുടെ കഥ ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്.

ഒടുവിൽ ഷൈനിങ് സിനിമയിലെ പോലെ കുട്ടി ഭൂതങ്ങളല്ല , മിടു മിടുക്കികളായ ഇരട്ടക്കുഞ്ഞുങ്ങളാണ് പോപ്പിയും ഇസബെല്ലയും എന്ന് മനസിലാക്കുന്ന അതിഥികൾക്കും പെരുത്ത സന്തോഷം. വിദേശരാജ്യങ്ങളിൽ ഇത്തരം പ്രാങ്ക് താരങ്ങൾക്ക് ആരാധകർ ഏറെയാണ്. ട്വിറ്ററിലെയും ഇന്റെർനെറ്റിലെയും താരങ്ങൾ കൂടിയാണ് ഈ അച്ഛനും മക്കളും ഇപ്പോൾ.