ടിവി ഷോയ്ക്കിടെ സച്ചിൻ ചില്ലടിച്ചു തകർത്തതെന്തിന്?

ഒരു മറാത്ത ചാനൽ പരിപാടിക്കിടെ സച്ചിൻ പതിവു തെറ്റിച്ചു. ബാറ്റെടുത്ത് ചില്ലിന്റെ പാളി അടിച്ചു തകർത്തു...

ക്രീസിലെ മാന്യതയുടെ ആൾരൂപമായ സച്ചിൻ തെൻഡുൽക്കർ ബാറ്റ് കൈയിലെടുക്കുന്നത് സാധാരണ റെക്കോർഡുകൾ തകർക്കാനാണ്. എന്നാൽ ഒരു മറാത്ത ചാനൽ പരിപാടിക്കിടെ സച്ചിൻ പതിവു തെറ്റിച്ചു. ബാറ്റെടുത്ത് ചില്ലിന്റെ പാളി അടിച്ചു തകർത്തു. ഞെട്ടേണ്ട, തന്റെ സിനിമയുടെ പ്രമോഷന്റെ ഭാഗമായിരുന്നു സച്ചിന്റെ ചില്ലുടയ്ക്കൽ. മേയ് 26ന് പുറത്തിറങ്ങുന്ന സച്ചിൻ എ ബില്യൻ ഡ്രീം എന്ന ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനമാണ് നടന്നത്.

'ചലാ ഹവാ യു ദ്യാ' എന്ന പരിപാടിയിൽ സച്ചിന്റെ പത്‌നി അഞ്ജലിയും പങ്കെടുത്തു. ബാഹുബലിക്കുശേഷം ഇന്ത്യയാകെ ഉറ്റുനോക്കുന്ന റിലീസാണ് സച്ചിന്റെ ആത്മകഥാ ചിത്രം. സച്ചിന്റെ ഉയർച്ച താഴ്ചകളും പ്രണയവും ക്രിക്കറ്റിനോടുള്ള അഭിനിവേശവുമെല്ലാം ചിത്രത്തിലേക്കു പകർത്തിയതായാണ് സച്ചിൻതന്നെ പറഞ്ഞിട്ടുള്ളത്. ലോകകപ്പ് നേട്ടം എന്ന
സച്ചിന്റെ 22 വർഷത്തെ സ്വപ്‌നം പൂവണിയുന്നതും ചിത്രത്തിന്റെ പ്രധാനഭാഗമാണ്. ചിത്രത്തിന്റെ മറാത്തി, ഹിന്ദി, ഇംഗ്ലിഷ് പതിപ്പുകളിൽ സച്ചിൻ തന്നെയാണ് ഡബ് ചെയ്യുന്നത്.

ബ്രിട്ടിഷുകാരനായ ജയിംസ് എർസ്‌കിനാണ് ചിത്രത്തിന്റെ സംവിധായകൻ. എ.ആർ.റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്. സച്ചിനും ഭാര്യയും മക്കളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണിയും വിരേന്ദർ സെവാഗും ചിത്രത്തിലുള്ളതായി പറയപ്പെടുന്നു. നാലുവർഷത്തെ പ്രയത്‌നത്തിനൊടുവിലാണ്, സച്ചിനുമായി ഏറെനാളത്തെ പരിചയമുള്ള രവി ഭഗ്ചന്ദ്കയുടെ നിർമാണത്തിൽ ചിത്രം പുറത്തുവരുന്നത്.

ബാഹുബലി രണ്ടിന്റെ ഹിന്ദി പതിപ്പിന്റെ വിതരണക്കാരനായ അനിൽ തഡാനി തന്നെയാണ് സച്ചിൻ ചിത്രവും വിതരണം ചെയ്യുന്നത്.