സിക്‌സ് പായ്ക്ക് വയറിൽ ആറുമാസം ഗർഭം

അമേരിക്കൻ മോഡലായ സാറ, ആറുമാസം ഗർഭിണിയെന്ന് അവകാശപ്പെടുമ്പോഴും ഉദരം സിക്‌സ് പായ്ക്ക് മസിലിന്റെ വടിവിലാണ്...

ഗർഭകാലവും ഇപ്പോൾ സെലിബ്രിറ്റികൾക്ക് ആഘോഷമാണ്. കരീനയും ലിസ ഹെയ്ഡനും മുതൽ ടെന്നിസ് താരറാണി സെറീന വില്യംസ് വരെ തങ്ങളുടെ ഗർഭകാലം പരസ്യപ്പെടുത്തിയും ചിത്രങ്ങൾ പങ്കുവച്ചും ആസ്വദിക്കുന്നവരുടെ കൂട്ടത്തിലാണ്. എന്നാൽ ഈ ഗണത്തിലൊന്നും പെടാതെ അദ്ഭുതത്തോടെ മാത്രം സമീപിക്കേണ്ടിവരും സാറ സ്റ്റേജിനെ. അമേരിക്കൻ മോഡലായ സാറ, ആറുമാസം ഗർഭിണിയെന്ന് അവകാശപ്പെടുമ്പോഴും ഉദരം സിക്‌സ് പായ്ക്ക് മസിലിന്റെ വടിവിലാണ്. 

സമൂഹ മാധ്യമങ്ങളിൽ ആറു മാസം ഗർഭിണിയായ ‘ജിമ്മത്തി’യുടെ ബിക്കിനിയിട്ട പടം ഒച്ചപ്പാടുണ്ടാക്കുകയാണ്. ഒട്ടുമുക്കാലും ഇവർ പറ്റിക്കുകയാണ്, തട്ടിപ്പാണ് എന്ന മട്ടിലാണ് പ്രതികരിച്ചത്. തങ്ങൾ ആറുമാസം ഗർഭിണിയായപ്പോഴത്തെ ചിത്രങ്ങളും ചില സ്ത്രീകൾ പ്രതികരണത്തിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. മുപ്പത്തിമൂന്നുകാരിയായ സാറയുടെ ചരിത്രമറിയാവുന്നവർ അവരെ അവിശ്വസിക്കില്ല. രണ്ടു വയസ്സുള്ള മൂത്തമകൻ ജയിംസിനെ ഗർഭം ധരിച്ചിരിക്കുമ്പോഴും സാറയ്ക്ക് ഇതു തന്നെയായിരുന്നു പണി. 

മകനെ പ്രസവിക്കുന്നതിന് മൂന്നു ദിവസം മുൻപ് എടുത്ത ചിത്രത്തിലെ സാറയുടെ വയർ, നമ്മൾ മലയാളികൾ ഉഗ്രനൊരു സദ്യ കഴിച്ചാൽ ഉണ്ടാകുന്ന അത്രയേ വരൂ. എന്നിട്ടും കുഞ്ഞിന് യാതൊരു ആരോഗ്യ പ്രശ്‌നങ്ങളുമില്ലായിരുന്നു. സാറ തന്നെയാണ് ആ പടവും പങ്കുവച്ചത്. രണ്ടാമത്തേതും ആൺകുട്ടി തന്നെയാണെന്നുംസാറ വെളിപ്പെടുത്തി. ഇപ്പോഴത്തെ കേസിലും സാറയുടെ അമ്മയും ഫിറ്റ്‌നസ് വിദഗ്ധരും സാറയുടെ എക്‌സർസൈസുകൾ ഡോക്ടറുടെ അറിവോടെയാണെന്നും കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തറപ്പിച്ചു പറയുന്നുണ്ട്.

എങ്കിലും കുറ്റപ്പെടുത്തുന്നവർ പ്രസവത്തിൽ ബുദ്ധിമുട്ടുമെന്നു പറഞ്ഞ് ചീത്ത വിളിക്കുന്നുണ്ട്. ഗർഭിണിയെന്ന് അറിയുമ്പോൾതന്നെ വിശ്രമിക്കാൻ നിർദേശിക്കുന്ന ബന്ധുക്കളുള്ളവർ സാറയുടെ കാര്യമറിയുമ്പോൾ മൂക്കത്തു വിരൽവച്ചുപോകും.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam