തനിനാടൻ ലുക്കില്‍ മഞ്ജു വാര്യർ, വൈറലായി ചിത്രങ്ങള്‍

ഉദാഹരണം സുജാതയിൽ മഞ്ജു വാര്യർ

അതിശയിപ്പിക്കുന്ന ഭാവപ്പകർച്ചകളിലൂടെ മലയാളി പ്രേക്ഷക മനസ്സുകളിലിടം നേടിയ താരമാണ് നടി മ‍ഞ്ജു വാര്യർ. ചുരുങ്ങിയ കാലംകൊണ്ടു മഞ്ജു സമ്മാനിച്ചതെല്ലാം ഹിറ്റ് ചിത്രങ്ങളുമായിരുന്നു. ശേഷം വിവാഹിതായായി കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങിക്കൂടിയപ്പോൾ മലയാളികൾക്കെല്ലാം മഞ്ജുവിനെ മിസ് ചെയ്യുന്നുണ്ടായിരുന്നു. ആ സ്നേഹവും കരുതലുമാണ് നീണ്ട ഇടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോഴും മഞ്ജുവിന് ആരാധകർ നൽകിയത്. ഇപ്പോഴിതാ ഉദാഹരണം സുജാത എന്ന പുതിയ ചിത്രത്തിലെ മഞ്ജുവിന്റെ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 

അന്നും ഇന്നും മേക്അപ്പിന്റെ അതിഭാവുകത്വമൊന്നുമില്ലാതെ സിനിമയ്ക്കകത്തും പുറത്തും പ്രത്യക്ഷപ്പെടുന്ന അപൂർവം ചില നടിമാരിലൊരാളാണ് മഞ്ജു. ഉദാഹരണം സുജാതയിലും തനിനാടൻ ലുക്കിലാണ് മഞ്ജു എത്തുന്നത്. കരുവാളിച്ച മുഖവുമായി മുടി മടഞ്ഞുകെട്ടി നിറം മങ്ങിയ സാധാരണ സാരികളിലാണ് മഞ്ജു സുജാതയായി എത്തുന്നത്. കോളനിവാസിയായ യുവതിയായെത്തിയ മഞ്ജുവിനെ കണ്ടു പലരും ഇതു മഞ്ജു തന്നെയാണോ എന്ന് അതിശയത്തോടെ ചോദിക്കുകയാണ്. 

ആമി എ​ന്ന ചിത്രത്തിൽ കമല സുരയ്യയായി മഞ്ജു വാര്യർ

അടുത്തിടെ മഞ്ജുവിന്റെ തന്നെ ആമി എന്ന ചിത്രത്തിലെ ലുക്കും വൈറലായിരുന്നു. മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കമല സുരയ്യയായാണ് ചിത്രത്തിൽ മഞ്ജു എത്തുന്നത്. കട്ടിക്കണ്ണട വച്ച്, അഴിച്ചിട്ട കാർകൂന്തലും വലിയ ചുവന്ന പൊട്ടും മൂക്കിനഴകായി കല്ലുവച്ച മൂക്കുത്തിയുമൊക്കെ മഞ്ജുവിനെ ആമിയെപ്പോല്‍ തോന്നിക്കുന്നതായിരുന്നു. എന്തായാലും മഞ്ജുവിന്റെ അഭിനയം എന്നും പ്രേക്ഷകർക്കു പ്രിയമാ‌ണെന്നു കാണിക്കുന്നതാണ് ഓരോ ചിത്രം പുറത്തിറങ്ങുന്നതിനും മുമ്പുള്ള ലുക്കിനെക്കുറിച്ചുള്ള ചർച്ചകൾ. 

Read more: Lifestyle Malayalam Magazine