വെറും മൂന്നുമാസം കൊണ്ട് എയ്റ്റ് പാക്ക്, ഞെട്ടിക്കും ഈ നടന്റെ മാറ്റം !!

സാഖിബ് സലിം

സിക്സ് പാക്കും എയ്റ്റ് പാക്കുമൊക്കെ ടിവി സ്ക്രീനുകളിൽ മാറിമറിയുമ്പോൾ അതിനൊന്നും വേണ്ടി മിനക്കെടാൻ വയ്യാത്ത മലയാളി യുവാക്കൾ പറയുന്നൊരു ഡയലോഗുണ്ട്, ' കേരളത്തിലെ ആൺപിള്ളേർക്കെന്തിനാടാ സിക്സ് പാക്ക് '. തട്ടത്തിൻ മറയത്തിലെ ഈ ഹിറ്റ് ഡയലോഗ് പറയുമ്പോഴും ഉള്ളിന്റെയുള്ളിൽ സിക്സ് പാക്കിനായി വെമ്പൽ കൊള്ളുന്നവരുണ്ട്. സിക്സ് പാക്കിന്റെ കാര്യത്തിൽ ബോളിവുഡ് നടന്മാരെ വെല്ലാൻ ആരും ഇല്ല, ഇപ്പോഴിതാ വെറും മൂന്നുമാസം കൊണ്ട് ഫ്ലാറ്റ് ചെസ്റ്റിൽ നിന്നും എയ്റ്റ് പാക്കിലേക്കു ഗംഭീര ചുവടുമാറ്റം നടത്തിയ ഒരു നടനാണ് സമൂഹമാധ്യമത്തിലെ താരം. 

മോഡലിങ്ങിലൂടെ ആരംഭിച്ച് ബോളിവുഡ് രംഗത്തേക്കു കുതിച്ച സാഖിബ് സലിം എന്ന യുവനടനാണ് ഇപ്പോൾ ആൺ–പെൺ മനസ്സുകളിൽ ഒരുപോലെ ഇടംനേടിയിരിക്കുന്നത്. സാധാരണ പോലുണ്ടായിരുന്ന ഫ്ലാറ്റ് ചെസ്റ്റിന്റെ സ്ഥാനത്ത് എയ്റ്റ് പാക്ക് മസിൽബോഡി വരുത്താൻ സാഖിബ് ചില്ലറ പെടാപ്പാടൊന്നുമല്ല നടത്തിയിരിക്കുക എന്ന് ഊഹിക്കാമല്ലോ. അതും വെറും മൂന്നുമാസം കൊണ്ടാണ് ഈ സ്വപ്നം സഫലമാക്കിയതെന്നു പറഞ്ഞാൽ ഞെട്ടാതിരിക്കാൻ വഴിയില്ല. 

മൂന്നരമാസമെടുത്താണ് ഈ രൂപത്തിൽ എത്തിയതെന്നും ഈ മാറ്റത്തിലേക്കു തന്നെ നയിച്ച എല്ലാവർക്കും ഒരുപാടു നന്ദിയുണ്ടെന്നും പറഞ്ഞാണ് സാഖിബ് ചിത്രം ട്വീറ്റ് ചെയ്തത്. നടന്റെ ഈ മാറ്റത്തിൽ അതിയായി സന്തോഷിക്കുന്ന മറ്റൊരു ബോളിവുഡ് താരം കൂടിയുണ്ട്. സലിമിന്റെ സഹോദരിയും നടിയുമായ ഹുമ ഖുറേഷി ആണത്. ഹോട്ട്താരത്തെ കണ്ടോളൂ എന്നു പറഞ്ഞ് ഹുമയും സഹോദരന്റെ മാറ്റത്തെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

സൽമാൻ ഖാൻ നായകനാകുന്ന റേസ് 3 എന്ന ചിത്രത്തിനു വേണ്ടിയാണ് സാഖിബിന്റെ ഈ കിടിലൻ മാറ്റമെന്നാണ് കേൾക്കുന്നത്. ഇനി എയ്റ്റ് പാക്ക് ബോഡിക്കായി സാഖിബ് എന്തൊക്കെ വ്യായാമ മുറകളായിരിക്കും ചെയ്തിട്ടുണ്ടാവുക എ​ന്ന് ചിന്തിക്കുന്നവരോട് അദ്ദേഹം തന്നെ ആ രഹസ്യം പങ്കുവെക്കുന്നുണ്ട്. 

''തന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം ഒഴിവാക്കി മസിൽ ബോഡി സ്വന്തമാക്കുക എന്നത് ആലോചിക്കാനേ കഴിയുമായിരുന്നില്ല, എന്നാൽ റേസ് എന്ന ചിത്രത്തിനു േവണ്ടിയാണ് താനതിനു തയാറായത്. കൂടാതെ രണ്ടു മണിക്കൂർ ജിമ്മിൽ ചിലവഴിക്കാനും യോഗ ചെയ്യാനും തുടങ്ങി. കഷ്ടപ്പെട്ടെങ്കിലും അതിന്റെ ഫലം കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. ''-സലിം പറയുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam