ജോലിസ്ഥലത്തെ ബോറടി മാറ്റാന്‍ 7 വഴികൾ !

Representative Image

എത്ര വര്‍ക്ക്ഹോളിക് ആയ വ്യക്തിക്കും ജോലിസ്ഥലത്ത് ബോറടി തോന്നാത്ത ഒരു ദിവസമെങ്കിലും ഇല്ലാതിരിക്കില്ല. കമ്പ്യൂട്ടറിന്റെയോ ഫയലിന്റെയോ മുന്നില്‍ ഇരിക്കുമ്പോൾ ചിന്തകള്‍ പല വഴിക്കു പോവുകയോ, ഒന്നും ചെയ്യാന്‍ മൂഡില്ലാതിരിക്കുകയോ, ചെയ്യാനുള്ള ജോലികളെല്ലാം മാറ്റിവക്കുകയോ, കാരണമില്ലാതെ ദേഷ്യം വരുന്നതോ ഒക്കെ ഈ ദിവസങ്ങളില്‍ സ്വാഭാവികമാണ്. ജോലിസമയത്തെ എട്ടു മണിക്കൂറുകള്‍ മാസങ്ങളായി തോന്നുന്ന ദിവസങ്ങള്‍. 

പക്ഷെ മിക്കവര്‍ക്കും ജോലിസ്ഥലത്ത് ഈ മാനസികാവസ്ഥ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രം ഉണ്ടാകില്ല. ഇങ്ങനെയുള്ള അവസരത്തില്‍ ഇതില്‍ നിന്നു പുറത്ത് കടന്നേ പറ്റൂ. ചിലര്‍ ഇത്തരം അവസരങ്ങളില്‍ ജോലി മാറുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചിന്തിച്ചെന്നിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ ഏതാനും ചില പൊടിക്കൈകള്‍ കൊണ്ട് തന്നെ ഈ മാനസികാവസ്ഥ മറികടക്കാനാകും. 

1.  മണിക്കൂറുകളോളം ഒരു കാര്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് ഏറെക്കുറെ അമാനുഷകമായ പ്രക്രിയ തന്നെയാണ്. കൃത്യമായ വിശ്രമം വേണ്ട ഒന്നാണ് മനുഷ്യന്റെ തലച്ചോറ്. അതുകൊണ്ടു തന്നെ ജോലിസ്ഥലത്ത് ബോറടിച്ചാല്‍ ജോലിയില്‍ ശ്രദ്ധിക്കാന്‍ സ്വന്തം മനസ്സിനെ നിര്‍ബന്ധിക്കുന്നതിന് പകരം ചെറിയൊരു ഇടവേള എടുക്കാം. മനസ്സിനു താല്‍പ്പര്യമുള്ള മറ്റു ചില കാര്യങ്ങളിലേക്ക് ഒന്നു പോയി വരാം. ഇഷ്ടമുള്ള ചെറിയ വിഡിയോ കാണുകയോ, അല്ലെങ്കില്‍ ബുക്ക് വായിക്കുകയോ ചെയ്യാം. കുറച്ച് സമയ ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങളുടെ മനസ്സ് കൂടുതല്‍ ഫ്രഷാവുകയും ജോലിയില്‍ വീണ്ടും ശ്രദ്ധിക്കാന്‍ കഴിയുകയും ചെയ്യും.

2. ജോലിക്കിടയില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ് ബോറടി മാറ്റാനുള്ള മറ്റൊരു പോം വഴി. ഇതു മനസ്സില്‍ കൂടുതല്‍ താല്‍പ്പര്യം ജനിപ്പിക്കാന്‍ സഹായിക്കും പഠിക്കാന്‍ പുതിയൊരു ഭാഷയോ, പുതിയോ സോഫ്റ്റ് വെയറോ അങ്ങനെ എന്തും തിരഞ്ഞെടുക്കാം. പിന്നീട് ജോലി മാറാനോ മറ്റോ ശ്രമിക്കുമ്പോള്‍ നിങ്ങളുടെ ബയോഡേറ്റയില്‍ ഉള്‍പ്പെടുത്താന്‍ പുതിയൊരു കഴിവു കൂടി ലഭിക്കുകയും ചെയ്യും.

 3. ജോലിസ്ഥലത്ത് നമ്മുടെ ജോലിയില്‍ പെടാത്ത ചില കാര്യങ്ങളുടെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാം. ഓഫീസിലെ ചെടികള്‍ക്ക് വെള്ളം ഒഴിക്കുന്നതോ, ജൂനിയറായുള്ള സഹപ്രവര്‍ത്തകരെ സഹായിക്കുന്നതോ, പഠിപ്പിക്കുന്നതോ എല്ലാം ഇതില്‍ ഉള്‍പ്പെടുത്താം. ബോറടിച്ചിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ജോലിസ്ഥലത്തോട് നമുക്കുള്ള മമത വര്‍ദ്ധിപ്പിക്കും. ഇതോടെ ജോലി ചെയ്യാനുള്ള ബോറടിയും മാറിക്കിട്ടും

4. താല്‍ക്കാലികമായി സ്ഥലം മാറിയിരിക്കുകയാണ് മറ്റൊരു പോംവഴി. സ്വന്തം ഡസ്കില്‍ നിന്ന് മാറി അല്‍പ്പനേരം മറ്റൊരു സ്ഥലത്തു പോയിരിക്കാം. അല്ലെങ്കില്‍ പുറത്തേക്ക് ചെറിയൊരു നടത്തത്തിനായി ഇറങ്ങാം. ഇതെല്ലാം നമ്മുടെ ജോലിക്കു മേലുള്ള ബോറടി മാറ്റാന്‍ ഉപകരിക്കും.

5. ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുകയാണ് മറ്റൊരു പേംവഴി. മനസ്സിന് കേള്‍ക്കാന്‍ തോന്നുന്ന പാട്ടുകള്‍ ഹെഡ്ഫോണ്‍ ഉപയോഗിച്ച് കേള്‍ക്കുക. നമ്മുടെ മൂഡ് ശരിയാക്കാനും ബോറടി മാറ്റാനും സംഗീതം നല്‍കുന്ന സഹായം ചെറുതായിരിക്കില്ല.

6. ചിലര്‍ക്ക് ഓഫീസിലെ ജോലിയായിരിക്കില്ല, ജോലിക്കുള്ള യാത്രയായിരിക്കും ബോറടി. ഓഫീസിലേക്കുള്ള യാത്ര നീണ്ടതാണെങ്കില്‍ അതേതു മനുഷ്യനെയും ബാധിക്കും.പിന്നീട് ഓഫീസിലെത്തുമ്പോഴേക്കും മിക്കാവാറും എല്ലാം താല്‍പ്പര്യവും നശിച്ചിരിക്കും. രാവിലെ ഓഫീസിലെ യാത്ര തിടുക്കമേറിയത് ആവാതിരിക്കുക എന്നതാണ് ഇതിനുള്ള പ്രധാന പോംവഴി. അല്‍പ്പം നേരത്തെ തന്നെ ഓഫീസിലേക്ക് പോകാന്‍ തയ്യാറാവുക. ഇത് കയ്യില്‍ എടുക്കേണ്ട സാധനങ്ങള്‍ മറക്കാതിരിക്കാനും, സ്ഥിരം യാത്ര ചെയ്യുന്ന ബസ്സോ, മെട്രോയോ നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. 

7. മുകളില്‍ പറഞ്ഞതൊന്നും വിജയിച്ചില്ലെങ്കില്‍ പിന്നീടുള്ള പോംവഴി ഏതാനും ദിവസം അവധി എടുക്കുക എന്നതാണ്. അവധി എടുത്തു വീട്ടില്‍ വെറുതെ ഇരിക്കുകയോ, യാത്ര പോവുകയോ ചെയ്യാം. ഇഷ്ടമുള്ളതൊക്കെ എഴുതാം, വായിക്കാം ഇഷ്ടമുള്ള പാട്ട് ഉച്ചത്തില്‍ കേള്‍ക്കാം അങ്ങനെ ഇഷ്ടമുള്ളതൊക്കം ചെയ്യാം. ഇത് നിങ്ങളുടെ മനസ്സിനും ശരീരത്തിനും ആവശ്യമായ വിശ്രമം നല്‍കാന്‍ സഹായിക്കും. ആഴ്ചയിലൊരിക്കലെ പതിവ് അവധിക്ക് പുറമെ ഇത്തരം ചില അവധി ദിനങ്ങളും നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആവശ്യമാണ്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam