ശരിക്കും മോണാലിസ, ജീവനോടെ!

കണ്ടാൽ ഫോട്ടോഷോപ് എന്നു തോന്നിക്കുന്ന വിധം ഒരു ബ്ലോഗർ മെയ്ക് ഓവർ നടത്തിയിരിക്കുകയാണ്...

ലിയനാർഡോ ഡാവിൻചിയുടെ മോണാലിസ ചിത്രം കാണാത്തവരുണ്ടാകുമോ. ചിരിയോ വേദനയോ എന്തെന്നു പിടിതരാത്ത ആ ഭാവം എത്ര കോടി ആസ്വാദകരിൽ കൗതുകമുണർത്തിയിരിക്കാം. വർഷങ്ങളെത്ര കഴിഞ്ഞാലും മൊണാലിസയുടെ രഹസ്യം കാഴ്ചക്കാരെ രസിപ്പിക്കുകതന്നെ ചെയ്യും. ബ്രഷെടുക്കുന്നവരെല്ലാം വരച്ച് ആദരവു പ്രകടിപ്പിക്കുന്ന ആ ചിത്രം ഇപ്പോൾ വാർത്തയാകുന്നത് ജീവനുള്ള രൂപമായാണ്.

ചൈനയിലാണ് സംഭവം. കണ്ടാൽ ഫോട്ടോഷോപ് എന്നു തോന്നിക്കുന്ന വിധം ഒരു ബ്ലോഗർ മെയ്ക് ഓവർ നടത്തിയിരിക്കുകയാണ്. ചിത്രത്തിൽനിന്ന് പുറത്തുവന്നു നിൽക്കുന്ന പോലത്തെ രൂപത്തിനു പിന്നിൽ ഇരുപത്തേഴുകാരയായ ഹീ യുവ എന്ന യുവതിയാണ്. മുൻ മേയ്ക് അപ് കലാകാരിയായ ഇവർ ഒറ്റയ്ക്കു തന്നെയാണ് മൊണാലിസയായി രൂപമാറ്റം വരുത്തിയത്. മെയ്ക് അപ് ചെയ്യുന്നത് ഷൂട്ട് ചെയ്ത് ഇവർ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. മെയ്ക് അപ് സംബന്ധിച്ച് ബ്ലോഗ് എഴുതുന്നയാളാണ് ഹീ.

ആറു മണിക്കൂർ കഷ്ടപ്പെട്ടാണ് ചിത്രത്തിലെ മൊണാലിസയുടെ മുഖത്തെ ഷേഡുകൾ പോലും യുവതി തന്റെ മുഖത്തു വരുത്തിയത്. കഠിനാധ്വാനത്തിനു ഫലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹീ യുവ. സമൂഹ മാധ്യമമായ മിയാ വോ പൈയിൽ എട്ടുലക്ഷം പേരാണ് വിഡിയോ കണ്ടത്. ഡൗ യുനിൽ 20 ദശലക്ഷത്തിൽ അധികവും. ഹീ യുവയുടെ സമൂഹ മാധ്യമ സുഹൃത്തുക്കൾ തമാശ രൂപേണ നൽകിയ വെല്ലുവിളിയാണ് അവരെ മൊണാലിസ ചെയ്യാൻ പ്രേരിപ്പിച്ചത്. രൂപമാറ്റത്തിനു ലഭിച്ച സ്വീകരണത്തിൽ നന്ദി പറയുന്ന യുവതി ഇത്രയധികം പേരിലെത്തുമെന്നു പ്രതീക്ഷിച്ചില്ലെന്നും താൻ അതീവ സന്തുഷ്ടയാണെന്നും ചൈനീസ് പത്രത്തോട് അറിയിച്ചു. 

ഡാവിൻചിയുടെ തന്നെ 'ലേഡി വിത് ഏൻ എർമിൻ' എന്ന ചിത്രത്തിനും ഇവർ രൂപ ഭാഷ്യം നൽകിയിട്ടുണ്ട്. മുൻപ് പോപ്സ്റ്റാർ ടെയ്‌ലർ സ്വിഫ്റ്റായി മെയ്ക് ഓവർ നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മൊണാലിസയുടെ കാര്യത്തിൽ സംശയമുള്ളവർക്കു കാണാൻ ചൈനീസ് പത്രം മെയ്ക് ഓവർ വിഡിയോകൂടി പോസ്റ്റ് ചെയ്തിട്ടുണ്ട്. രൂപമാറ്റങ്ങൾ ഹിറ്റാകുന്നതിനിടയിലും അടുത്ത രൂപമേതു വേണമെന്ന ആലോചനയിലാണ് ഹീ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam