​എങ്ങും ദുരിതകാഴ്ചകൾ; ചെളിക്കൂടായ വീടുകൾ, ചത്ത മൃഗങ്ങൾ, മാലിന്യം കലർന്ന ജലം

വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വാഹനങ്ങൾ, മാലിന്യങ്ങളടിഞ്ഞ വീടുകൾ, രോഗഭീതി, വെള്ളം കയറി നശിച്ച ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ, കേടായ മോട്ടോറുകൾ, പൂപ്പൽ പിടിച്ച കിടക്കകളും വസ്ത്രങ്ങളും, വെള്ളം കയറി നശിച്ച പാസ്പോർട്ടും റേഷൻ കാർഡും അടക്കമുള്ള രേഖകളും കുട്ടികളുടെ പുസ്തകങ്ങളും, ചത്ത വളർത്തുമൃഗങ്ങൾ ആറ്റിലൂടെ ഒഴുകുന്നു, മട വീണ് തകർന്ന വീടുകൾ, ഒഴുകിപ്പോയ സർവ്വസമ്പാദ്യങ്ങളും... വെള്ളം ഇറങ്ങിത്തുടങ്ങുമ്പോഴുള്ള കുട്ടനാടിന്റെ കാഴ്ചയാണിത്.

മാലിന്യക്കൂമ്പാരം, രോഗഭീതി

സർഗക്ഷേത്രയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കാനായി ഞാനുൾപ്പെടെയുള്ള സംഘം പോയത്. ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്നും വള്ളത്തിലായിരുന്നു യാത്ര. ബോട്ട് ജെട്ടിയാകെ പോള തിങ്ങിനിറഞ്ഞ അവസ്ഥയിലാണ്. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും വീടുകളിലേക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്.

പല വീടുകളുടെയും ഉള്ളിൽ ഇപ്പോഴും വെള്ളം ഉണ്ട്. വെള്ളം ഇറങ്ങിയ വീടുകളിലാവട്ടെ ചെളിയും മാലിന്യങ്ങളും അടിഞ്ഞുകിടക്കുന്നു. വീടുകളുടെ ശൗചാലയങ്ങളിൽ ഉൾപ്പെടെ വെള്ളം കയറിയതോടെ കക്കൂസ് മാലിന്യങ്ങളും ചത്തുചീഞ്ഞ വളർത്തുമൃഗങ്ങളുടെ അവശിഷ്ടങ്ങളും കലർന്ന വെള്ളമാണ് പലയിടത്തും കെട്ടിനിൽക്കുന്നത്. ഒന്നര ആഴ്ചയോളം നീണ്ട മഴക്കെടുതിയിൽ പലരുടെയും വീടുകളിലെ കന്നുകാലികളും കോഴികളും നായ്ക്കളും പൂച്ചകളുമെല്ലാം ചത്തുപോയിട്ടുണ്ടെന്ന് വെളിയനാട് താമസിക്കുന്ന ജോസ് പറഞ്ഞു. ചത്തമൃഗങ്ങളെ കുഴിച്ചിടാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. പറമ്പിലെല്ലാം വെള്ളം നിറഞ്ഞതിനാൽ കുഴിയെടുത്താൽ കുഴിയിലും നിറയെ വെള്ളമായിരിക്കും. അതിനാൽ പലരും കന്നുകാലികൾ ഉൾപ്പെടെ ചത്ത മൃഗങ്ങളുടെ ജഡം മറവുചെയ്യാനാവാതെ ആറ്റിലേക്ക് ഒഴുക്കിവിടുകയായിരുന്നു. പലയിടത്തും കക്കൂസ് ടാങ്കുകൾ നിറഞ്ഞൊഴുകുന്ന കാഴ്ചയും കാണാമായിരുന്നു. വെള്ളം താഴുമ്പോൾ ഇവയുടെയെല്ലാം അവശിഷ്ടങ്ങളാവും പലയിടത്തും അടിഞ്ഞുകൂടുക. പലയിടത്തും കിണറുകളിലെല്ലാം മലിനജലം നിറഞ്ഞു. ഇവ പകർച്ചവ്യാധി ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം പുളിങ്കുന്ന് ആശുപത്രി പാലത്തിൽ ചത്തജീവികളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെ അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.

വെള്ളത്തിൽ മുങ്ങി വാഹനങ്ങൾ

കിടങ്ങറ ഭാഗത്ത് ആറ്റുതീരത്തുള്ള ഒരു വീട്ടിലെ കാർ ഏകദേശം പൂർണമായും വെള്ളം കയറിയ നിലയിലായിരുന്നു. പലയിടത്തും ബൈക്കുകൾ, സ്കൂട്ടറുകൾ, ഓട്ടോറിക്ഷാകൾ മുതലായവയൊക്കെ ഒന്നര ആഴ്ചയോളം വെള്ളത്തിലായിരുന്നുവെന്ന് തദ്ദേശവാസികൾ പറഞ്ഞു. വീടുകളിൽ വെള്ളം പമ്പ് ചെയ്യുന്ന മോട്ടോറുകൾ പലതും വെള്ളത്തിനടിയിലായിരുന്നതിനാൽ ഭൂരിഭാഗവും കേടായ അവസ്ഥയിലാണ്. എൻജിൻ കംപ്ലയ്ന്റ് ഉൾപ്പെടെ വന്ന വാഹനങ്ങൾ നന്നാക്കാൻ വലിയ തുക വേണ്ടി വരുമെന്ന് വർക്ക്ഷോപ്പ് മെക്കാനിക്കുകൾ പറയുന്നു. പല വീട്ടുപകരണങ്ങളും നന്നാക്കാൻ പോലും പറ്റാത്ത തരത്തിൽ വെള്ളം കയറി നശിച്ചു, ഉയരത്തിലുള്ള ചെറിയ പാലങ്ങളിൽ ബൈക്കുകളും മറ്റും വെള്ളം കയറാതെ നിർത്തിയിട്ടിരിക്കുന്ന കാഴ്ചയും കാണാമായിരുന്നു. വസ്ത്രങ്ങളും മറ്റും പൂപ്പൽ പിടിച്ച്, ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. 

വഴി മുടക്കി കെസി പാലം

ചങ്ങനാശേരിയിൽ നിന്ന് ആലപ്പുഴയ്ക്ക് ബോട്ടിൽ പോകണമെങ്കിൽ പോലും ഇപ്പോൾ കിടങ്ങറ കെസി പാലം വരെയാണ് നേരിട്ട് സർവീസ്. പാലം പണിതതിലെ അശാസ്ത്രീയത മൂലം ബോട്ടിന് പാലത്തിനടിയിലൂടെ കടക്കാനാവാത്ത അവസ്ഥയാണ്. ഇതുമൂലം, പാലത്തിന്റെ ഒരു വശത്ത് ബോട്ടിറങ്ങിയ ശേഷം നടന്ന് അപ്പുറത്ത് എത്തി വേറെ ബോട്ടിൽ വേണം സഞ്ചാരം തുടരാൻ. ഇവിടെയും വലിയ തിരക്കാണ്. പൊലീസ് എത്തി ആളുകളെ ക്യൂ നിർത്തിയാണ് ബോട്ടിലേക്ക് കടത്തിവിടുന്നത്. അതല്ലായെങ്കിൽ ഭാരം കൂടി ബോട്ട് മുങ്ങാനും സാധ്യത ഏറെയാണ്.

പൊട്ടിയ ബണ്ടുകൾ, റോഡിൽ വെള്ളം ഇറങ്ങുന്നത് സാവധാനം

പലയിടത്തും ബണ്ടുകൾ പൊട്ടിയതുമൂലം ആറ്റിലെ വെള്ളം പാടത്തും റോഡിലുമായി തങ്ങി നിൽക്കുകയാണ്. മങ്കൊമ്പ് ബ്ലോക്ക്, പള്ളിക്കൂട്ടുമ്മ ഭാഗങ്ങളിൽ ഇപ്പോഴും കാറുകൾക്കും മറ്റും പോകാനാവാത്ത വിധം റോഡിൽ വെള്ളക്കെട്ടാണ്. പാടത്തെ വെള്ളം ഇനി മോട്ടോര്‍ ഉപയോഗിച്ച് വറ്റിക്കുകയും ബണ്ട് നന്നാക്കുകയും ചെയ്താലേ വെള്ളക്കെട്ടിന് പരിഹാരമാകൂ. പുളിങ്കുന്നിൽ നിന്നും മറ്റും ആലപ്പുഴയ്ക്ക് പോകുന്നവർ നെടുമുടി വരെ ബോട്ടിൽ പോയി അവിടെ നിന്ന് ട്രാക്ടറിലും മറ്റും കളർകോഡ് ഇറങ്ങിയാണ് യാത്ര തുടരുന്നത്. ബൈക്കുകളെയും ആളുകളെയും ട്രാക്ടറില്‍ കയറ്റി ഇറക്കുന്ന കാഴ്ചയും കാണാമായിരുന്നു. കാവാലം ഭാഗത്തൊക്കെ വീടിനകത്തുനിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പലരുടെയും മുറ്റത്ത് ഇപ്പോഴും വെള്ളക്കെട്ടാണ്. പലരും ദൂരെയുള്ള ബന്ധുവീടുകളിലും ദുരിതാശ്വാസക്യാംപുകളിലും  മറ്റുമൊക്കെയാണ് താമസം. ഇപ്പോൾ വീടുകളിലേക്ക് ചെറുപ്പക്കാരൊക്കെ മടങ്ങിവരുന്നുണ്ട്. പ്രായമായവരേയും കുട്ടികളേയും ഇപ്പോഴും ദൂരെയുള്ള ബന്ധുവീടുകളിലും മറ്റും ആക്കിയിരിക്കുകയാണ്. അതേസമയം, അതിനു മാർഗമില്ലാത്തവർ ഇപ്പോഴും ക്യാംപുകളിലും വെള്ളക്കെട്ടുള്ള വീടുകളിലുമാണ്.

ഉൾപ്രദേശങ്ങളില്‍ സഹായം കുറവ്

റോഡിൽ ഉയരമുള്ള ഭാഗത്തും ചെറിയ ബോട്ട് ജെട്ടികളിലും മറ്റുമൊക്കെയാണ് പലരും പ്രളയകാലത്ത് ഭക്ഷണം പാകം ചെയ്തിരുന്നത്. പലയിടങ്ങളിലും ദുരിതാശ്വാസക്യാംപുകൾ ഉണ്ടായിരുന്നെങ്കിലും വലിയ വള്ളവും മറ്റും എത്താത്ത പല ക്യാംപുകളിലും സഹായം ലഭ്യമായില്ലെന്ന് മണലാടിയിലുള്ള ക്യാംപിൽ താമസിക്കുന്ന അജയപ്പൻ പറഞ്ഞു.

സർക്കാർ സഹായം, ശുദ്ധജലം

പ്രളയക്കെടുതിയില്‍ വീടും സ്വത്തുവകകളും കൃഷിയും നശിച്ചവർക്ക് നടപടിക്രമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ചുവപ്പുനാടകളിൽ കുരുങ്ങി സഹായം വൈകുമോയെന്നാണ് ജനങ്ങളുടെ ആശങ്ക. അടിയന്തര പ്രാധാന്യത്തോടെ വീടും വീട്ടുപകരണങ്ങളും കൃഷിയും മറ്റും നശിച്ചവർക്ക് നഷ്ടം വിലയിരുത്തി ധനസഹായം നൽകാൻ പ്രത്യേക സംവിധാനം തന്നെ ഒരുക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം. മടവീണും മറ്റും സർവ്വസമ്പാദ്യങ്ങളും രേഖകളും ഒഴുകിപ്പോയവർക്ക് നഷ്ടം തെളിയിക്കാൻ യാതൊരു മാർഗവുമില്ല. ഇക്കാര്യമെല്ലാം സർക്കാർ കണക്കിലെടുത്ത് എത്രയും പെട്ടെന്ന് ജനജീവിതം പൂർവസ്ഥിതിയിലാക്കാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഒപ്പം, പ്രളയക്കെടുതിയിൽപ്പെട്ട പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണം.

(ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുള്ള ഭാരതസർക്കാരിന്റെ പരമോന്നത പുരസ്കാരവും ധീരതയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും നേടിയിട്ടുള്ള മലയാള മനോരമ മുൻ പത്രാധിപസമിതി അംഗവും ഇരുപത്തഞ്ചോളം പുസ്തകങ്ങളുടെ രചയിതാവും സോഷ്യൽ ആക്ടിവിസ്റ്റുമാണ് ലേഖകൻ, ഫോൺ – 94972 16019)