ആരോഷ്, ഹൃദയംതൊട്ട ആ ചിത്രത്തിന് പിന്നിൽ ഇദ്ദേഹമാണ് 

പ്രളയകാലത്തു പൂർണഗർഭിണിയെ ഉയർത്തിയെടുത്തു പറന്ന ഹെലികോപ്റ്റർ ദൃശ്യങ്ങൾ മുഖ്യധാരാ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വൻപ്രചാരം നേടിയിരുന്നു. പ്രളയത്തിന്റെ ദുരന്തവ്യാപ്തിയും പോരാട്ട വീര്യവും ഒന്നിച്ച ആ ദൃശ്യങ്ങളുടെ കരുത്തുള്ള ഒരു ചിത്രം പിന്നീട് വൈറലാവുകയും ചെയ്തു. കോരി ചൊരിയുന്ന മഴയത്ത് മുങ്ങുകൊണ്ടിരിക്കുന്ന വീട്ടിൽനിന്നു നിറവയറുള്ള ഗർഭിണിയെ പൊക്കിയെടുക്കുന്ന തിളങ്ങുന്ന ഹെലികോപ്റ്റർ. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ ആരോഷ് ആണ് ഹൃദയസ്പർശിയായ ഈ ചിത്രത്തിനു പിന്നിൽ. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ആ ചിത്രത്തിന്റെ സൃഷ്ടാവിനെ അഭിനന്ദിച്ചുകൊണ്ട് ഹെലികോപ്റ്റർ പറത്തിയ കമാൻഡർ വിജയ് ശർമ്മ കൂടി എത്തിയതോടെ, പ്രളയത്തിലും ഒറ്റക്കെട്ടായിനിന്നു പോരാടുമെന്ന ആരോഷിന്റെ ‘ചിത്രസന്ദേശം’ ലോകം ഏറ്റെടുക്കുകയായിരുന്നു. 

വൈറലായ ചിത്രത്തെക്കുറിച്ച് ആരോഷ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു

ഗർഭിണിയായ യുവതിയുടെ ചിത്രം

പ്രളയം ഉണ്ടാകുമ്പോൾ ഞാൻ ബാംഗ്ലൂരിൽ ആണ്. നാട്ടിലെ അവസ്ഥ ഓൺലൈനിൽ ഓരോ നിമിഷവും നേക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ആ വിഡിയോ എപ്പോഴോ ശ്രദ്ധയിൽപ്പെട്ടു. ഗർഭാവസ്ഥയിലുള്ള ആ കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ രക്ഷിക്കുന്നതിനുവേണ്ടി നേവി നടത്തിയ ആ പ്രവർത്തനം അഭിനന്ദിക്കാതിരിക്കാനായില്ല. ഹെലികോപ്റ്ററിൽ തൂങ്ങിക്കിടക്കുന്ന ആ യുവതിയുടെ മാനസിക നില ഏറെ വിഷമിപ്പിച്ചു. പിന്നീട്, കുഞ്ഞു ജനിച്ച വാർത്ത ഏറെ സന്തോഷം നൽകുകയും ചെയ്തു. ഏറ്റവും മികച്ച രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായി തോന്നിയതിനാലാണ് ആ ദൃശ്യം ഇല്ലസ്ട്രേറ്റ് ചെയ്തത്. 

പുലർച്ചെ നാലു മണിക്ക് തുടങ്ങിയ വര

ഞങ്ങളാൽ കഴിയുന്നവിധം ബാംഗ്ലൂരിൽനിന്നു ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യവസ്തുക്കൾ നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾക്കിടയിലും ആ വിഡിയോ ദൃശ്യം മനസ്സിൽ ഉടക്കിയിരുന്നു. പുലർച്ചെ നാലു മണിക്കാണ് ഞാൻ കംപ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുന്നത്. അഞ്ചര മണിയോടെ ഞാൻ ചിത്രം പൂർത്തിയാക്കി. സുഹൃത്തുക്കൾ നല്ല അഭിപ്രായം പറഞ്ഞതോടെ സമൂഹ മാധ്യമത്തിലൂടെ ചിത്രം പങ്കുവച്ചു. ആളുകൾ ആ ചിത്രം ഏറ്റെടുത്തപ്പോൾ സന്തോഷം തോന്നി. എന്നാൽ എന്തിലും കുറ്റം കണ്ടെത്തുന്ന ചിലർ ആരോപണങ്ങളുമായി വന്നത് എന്നെ വേദനിപ്പിച്ചു. 

പൈലറ്റിന്റെ അഭിനന്ദനം നൽകിയ പ്രചോദനം 

ആ ദൗത്യം നിറവേറ്റിയ പൈലറ്റ് ഒരു ഹീറോയാണെന്ന് എനിക്കു തോന്നി. എന്റെ ചിത്രം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുമെന്നു കരുതിയിരുന്നില്ല. അന്നു വൈകുന്നേരം എന്റെ സുഹൃത്ത് സുരേഷ് രാമകൃഷ്ണന്റെ മൊബൈലിൽ പരിചയമില്ലാത്ത നമ്പറിൽനിന്നു ഒരു സന്ദേശം വന്നു. 

‘‘നിങ്ങളാണോ ഹെലികോപ്റ്ററിൽ ഗർഭിണിയായ യുവതിയെ രക്ഷിക്കുന്നതിന്റെ ചിത്രം വരച്ചത്?... ദയവായി പ്രതികരിക്കുക, കമാഡർ വിജയ് ശർമ.’’ ഇതായിരുന്നു സന്ദേശം. ‘‘എന്റെ സുഹൃത്താണ് ആ ചിത്രം വരച്ചത്’‌’ എന്ന് സുരേഷ് മറുപടി നൽകി. ‘‘നന്ദി, ആ ചിത്രം മനോഹരമായിരിക്കുന്നു, ഞാൻ ആയിരുന്നു ആ ഹെലികോപ്റ്ററിന്റെ പൈലറ്റ്.’’ ഇങ്ങനെ ഒരു മറുപടി ലഭിച്ചപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ചിത്രത്തെ വിമർശിച്ചവർ നൽകിയ വേദന മുഴുവൻ ഇല്ലാതാക്കുന്നതായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ.

പ്രളയകാല ചിത്രങ്ങളുടെ പണിപ്പുരയിൽ

ചിത്രങ്ങൾക്കു സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിയും എന്ന് വിശ്വാസിക്കുന്നു. അതിനാൽ പ്രളയത്തോട് അനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഫഞ്ചർ ഷോപ് ടീം. നാം അറിയാതെ പോയ നിരവധി ഹീറോകൾ ഉണ്ട്. അവരുടെയും രക്ഷാപ്രവർത്തനങ്ങളുടെയും കഥപറയുന്ന ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രത്യേകമായി ഡിസൈൻ ചെയ്ത ഒരു ടീ ഷർട്ട് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായ വോളന്റിയർമാർക്ക് നൽകുവാനും ആഗ്രഹമുണ്ട്.

കൺട്രി ഓഫ് ഗോഡ്സ് , ചിത്ര പരമ്പര 

കമാൻഡർ വിജയ് വർമ, കനയ്യ കുമാർ, ജൈസൽ എന്നീ പ്രളയകാലത്തെ നായന്മാരെ കോർത്തിണക്കി ‘കൺട്രി ഓഫ് ഗോഡ്സ്’എന്ന പേരിൽ ഒരു ചിത്ര പരമ്പര ചെയ്യാനും പദ്ധതിയുണ്ട്. ചിത്രങ്ങൾ സൃഷ്ടിക്കുമ്പോൾ അതിനു ഒരു ഫാന്റസി സ്വഭാവം നൽകാൻ ശ്രമിക്കുന്നുണ്ട്. ആളുകളുടെ മനസ്സിൽ കൂടുതൽ കാലം ഈ ചിത്രങ്ങളും നായകന്മാരും നിറഞ്ഞു നിൽക്കുന്നതിനു വേണ്ടിയാണ് ഇത്.

മനുഷ്യത്വത്തിന്റെ പര്യായമായി ജൈസൽ

ഇത്തവണ ഓണത്തിന് ഞങ്ങളുടെ താരം മത്സ്യതൊഴിലാളിയായ ജൈസൽ ആയിരുന്നു. സ്ത്രീകൾക്ക് റബ്ബർ ബോട്ടിൽ കയറാൻ സ്വന്തം മുതുക് ചവിട്ടു പടിയായി നൽകി മനുഷ്യത്വത്തിന്റെ പ്രതീകമായ അദ്ദേഹത്തിന്റെ പോസ്റ്ററുകളിലൂടെയാണ് ഞങ്ങൾ ഓണം ആശംസിച്ചത്.

ചെറുപ്പം മുതൽ വരയുടെ ലോകത്ത് 

ചെറുപ്പം മുതലേ വരയുടെ ലോകത്ത് സജീവമായിരുന്നു. കോഴിക്കോട് അവിടനെല്ലൂർ എന്ന ഗ്രാമത്തിലാണ് ജനിച്ചത്. മാതാപിതാക്കൾ ചെറുപ്പത്തിലേ വരക്കുന്നതിനു വേണ്ട പ്രോത്സാഹനം നൽകി. പിന്നീട് ചിത്രരചനാ അധ്യാപകനായ വിഷ്ണു നമ്പൂതിരി മാഷ് ഏറെ സഹായിച്ചു.  തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്നും എം.എഫ്.എ പൂർത്തിയാക്കിയ ശേഷം സുഹൃത്ത് സുരേഷ് രാമകൃഷ്ണനുമായി ചേർന്ന് ബാംഗ്ലൂരിൽ ‘ഫഞ്ചർ ഷോപ്’ എന്ന സ്ഥാപനം നടത്തുകയാണ്.

സാമൂഹിക പ്രശ്നങ്ങൾ വിവരിക്കാനുള്ള ആയുധം

സമൂഹത്തിലെ വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള എന്റെ ആയുധം വരെയാണ്. പരമാവധി ഫാന്റസി സംയോജിപ്പിച്ച് അതു ചെയ്യാൻ ശ്രമിക്കുന്നു. ആദിവാസി യുവാവായ മധുവിന്റെ മരണവും നിപ്പ വൈറസ് ബാധയും പ്രമേയമാക്കിയ ചിത്രങ്ങൾ തന്മയത്വത്തോടെ ആശയങ്ങൾ പങ്കുവയ്ക്കുള്ള ആഗ്രഹത്തോടെ വരച്ചവയാണ്. 

ഡൂഡിൽ മുനി ഞാൻ തന്നെ 

ഇൻസ്റ്റാഗ്രാം അകൗണ്ടിന്റെ ഹാൻഡിലാണ് ഡൂഡിൽ മുനി. ഫെയ്സ്ബുക്ക് പേജുമുണ്ട്. ഞാൻ വരയ്ക്കുന്ന വ്യക്തി ജീവിതത്തെ അധികരിച്ചുള്ള ചിത്രങ്ങൾ, സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങൾ എല്ലാം നിങ്ങൾക്ക് ഇവിടെ കാണാൻ സാധിക്കും. സുഹൃത്തുക്കൾ എല്ലാവരും എന്നെ ഇപ്പോൾ ഡൂഡിൽ മുനി എന്നാണ് എന്നെ വിളിക്കുന്നത് .

അമ്മയ്ക്കും കുഞ്ഞിനും ചിത്രം സമ്മാനിക്കണം 

ഹെലികോപ്റ്ററിൽ തൂങ്ങി ജീവിതത്തിലേക്ക് പറന്നിറങ്ങിയ സജിത എന്ന ആ അമ്മയോടും കുഞ്ഞിനോടും അതിയായ സ്നേഹവും ബഹുമാനവും ഉണ്ട്. പൂർണമായും ജീവിതത്തിലേക്ക് തിരിച്ചുവന്നശേഷം അവർക്ക് ഈ ചിത്രം സമ്മാനിക്കണമെന്നാണ് ആഗ്രഹം.